മന്ത്രിസഭാ പുനഃസംഘടന; എൽഡിഎഫിലെ ചെറു കക്ഷികളിൽ ചർച്ച സജീവം, പൊട്ടിത്തെറിക്ക് സാധ്യത?

ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാതെ ഇരുന്ന എൽ ജെ ഡി ഇത്തവണ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നാണ് സൂചന. ആവശ്യം അംഗീകരിച്ചാൽ ഏക അംഗം കെ പി മോഹനൻ മന്ത്രിയാകും.
മന്ത്രിസഭാ പുനഃസംഘടന; എൽഡിഎഫിലെ ചെറു കക്ഷികളിൽ ചർച്ച സജീവം, പൊട്ടിത്തെറിക്ക് സാധ്യത?

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ചർച്ച സജീവമായതോടെ എൽഡിഎഫിലെ ചെറു കക്ഷികളില്‍ മന്ത്രിസ്ഥാനം പങ്കിടൽ ഉൾപ്പെടെയുള്ള ചർച്ചകൾക്ക് തുടക്കമായി. എൻസിപി, ജനതാദൾ എസ് അടക്കമുള്ള കക്ഷികളിലാണ് മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അവകാശവാദങ്ങൾ ഉയരുന്നത്.

മന്ത്രിസഭാ പുനഃസംഘടനക്ക് മാസങ്ങൾ മാത്രം ശേഷിക്കെയാണ് എൽഡിഎഫിലെ ചെറു കക്ഷികളിലും ചർച്ച സജീവമായത്. എൻസിപിയിലും ജനതാദൾ എസ്സിലും മന്ത്രിസ്ഥാനം പങ്കിടലാണ് പ്രധാന ചർച്ച. രണ്ടര വർഷം കരാർ ഉറപ്പിച്ചിരുന്നെങ്കിലും എൻസിപിയിൽ എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധനല്ല. തോമസ് കെ തോമസ്സും എ കെ ശശീന്ദ്രനും തമ്മിൽ തർക്കം മുറുകുകയാണ്. മന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാം. പക്ഷേ അത് പറയേണ്ടത് എവിടെ എന്ന് ആലോചിക്കണം. മാധ്യമങ്ങളെക്കാൾ നല്ലത് പാർട്ടി വേദിയാണ്. അവിടെയാണ് ആവശ്യം പറയേണ്ടത് എന്നാണ് എ കെ ശശീന്ദ്രൻ ഇന്ന് തോമസ് കെ തോമസിന് മറുപടി നൽകിയത്. രണ്ടര വർഷം വീതം മന്ത്രി പദം പങ്കിടൽ മുൻധാരണയാണെന്ന് തോമസ് കെ തോമസ്സ് വാദിക്കുന്നു. മന്ത്രിസ്ഥാനത്തോട് മോഹമില്ലെന്നും പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കണമെന്നും അദ്ദേഹം പിന്നാലെ പറഞ്ഞു. ഏത് പാർട്ടി വേദിയിലാണ് ഇത് പറയേണ്ടതെന്ന് ശശീന്ദ്രൻ വ്യക്തമാക്കണം. പാർട്ടി നേതൃത്വം ശശീന്ദ്രനും പിസി ചാക്കോയും കയ്യടക്കി വെച്ചിരിക്കുന്നു എന്നും തോമസ് കെ തോമസ് പറഞ്ഞു. ശശീന്ദ്രൻ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കിൽ എൻസിപിയിൽ പൊട്ടിത്തെറി ഉറപ്പാണ്.

ജനതാദൾ എസിൽ അവസാനത്തെ രണ്ടര വർഷം മന്ത്രി പദത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് മാത്യു ടി തോമസ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത്തരം ആലോചനകളിൽ ഇല്ലെന്നാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ വിശദീകരണം. ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാതെ ഇരുന്ന എൽ ജെ ഡി ഇത്തവണ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നാണ് സൂചന. ആവശ്യം അംഗീകരിച്ചാൽ ഏക അംഗം കെ പി മോഹനൻ മന്ത്രിയാകും. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും. ഏക അംഗമായ കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതായാണ് സൂചന.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലുണ്ടാകുമെന്നാണ് വാർത്തകൾ പുറത്തുവന്നത്. ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയുണ്ട്. എ എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റും. വീണാ ജോര്‍ജ്ജ് പകരം സ്പീക്കറായേക്കും. ഷംസീറിനെ മാറ്റുന്ന വിഷയത്തിൽ നിയമസഭാ സമ്മേളനത്തിനിടയിൽ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.

ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികളുടെ നിലവിലെ മന്ത്രിമാര്‍ ഒഴിവാകും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതിലാണ് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്. എന്നാൽ, മന്ത്രിസഭാ പുനഃസംഘടന വാർത്ത സിപിഐഎം നിഷേധിച്ചു. ഈ വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നാണ് പല സിപിഐഎം നേതാക്കളും പ്രതികരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com