കോഴിക്കോട് നിപബാധ: നിയമസഭയിൽ സർക്കാർ പ്രത്യേക പ്രസ്താവന നടത്തും; നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും

രണ്ട് ഘട്ടങ്ങളിലായി ചേര്‍ന്ന സഭാ സമ്മേളനത്തിന്റെ അവസാന ദിനം ഭൂപതിവ് നിയമഭേദഗതി നിയമമാകും
കോഴിക്കോട് നിപബാധ: നിയമസഭയിൽ സർക്കാർ പ്രത്യേക പ്രസ്താവന നടത്തും; നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും

തിരുവന്തപുരം: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ച് നിയമസഭയില്‍ ഇന്ന് സര്‍ക്കാര്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആയിരിക്കും പ്രസ്താവന നടത്തുക. നിപ്പ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സമഗ്രമായ വിവരങ്ങള്‍ പ്രസ്താവനയില്‍ പ്രതിപാദിക്കും. രോഗബാധ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തും. ശൂന്യവേളയ്ക്കുശേഷം ആയിരിക്കും നിയമസഭയില്‍ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുക.

പതിനൊന്നാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ഘട്ടങ്ങളിലായി ചേര്‍ന്ന സഭാ സമ്മേളനത്തിന്റെ അവസാന ദിനം ഭൂപതിവ് നിയമഭേദഗതി നിയമമാകും. 1964ലെ ഭൂപതിവ് നിയമത്തിന്റെ നാലാം വകുപ്പിലാണ് ഭേദഗതി വരുത്തുന്നത്. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വക മാറ്റിയവര്‍ക്ക് ക്രമവല്‍ക്കരിച്ച് നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. നെല്‍ സംഭരണത്തിലെ കുടിശ്ശിക അടക്കമുള്ള കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. ശൂന്യവേളയില്‍ അടിയന്തര പ്രമേയ നോട്ടീസ് ആയി വിഷയം അവതരിപ്പിക്കാനാണ് ധാരണ.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു രണ്ട് ഘട്ടങ്ങളിലായി സഭ ചേര്‍ന്നത്. രണ്ടാംഘട്ടം ആരംഭിച്ചതിന് ശേഷം പ്രതിപക്ഷം നല്‍കിയ രണ്ട് അടിയന്തരപ്രമേയ നോട്ടീസുകളില്‍ സഭനിര്‍ത്തിവെച്ചുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിരുന്നു. സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിന്മേല്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയായിരുന്നു ആദ്യം സഭനിർത്തിവെച്ച് ചർച്ച ചെയ്തത്.  ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. പ്രതിപക്ഷ നിരയില്‍ നിന്നും സണ്ണി ജോസഫ്, എന്‍ ഷംസുദ്ദീന്‍, കെ കെ രമ എന്നിവര്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഭരണപക്ഷത്ത് നിന്ന് കെടി ജലീല്‍, പി ബാലചന്ദ്രൻ, പിപി ചിത്തരഞ്ജൻ, എം നൗഷാദ്‌, കെ വി സുമേഷ് എന്നിവരാണ് സംസാരിച്ചത്.

മുഖ്യമന്ത്രിയുടെ മറുപടിയോടെ നിയമസഭ അടിയന്തര പ്രമേയം തള്ളിക്കളയുകയായിരുന്നു. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന്മേലുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാൽ പരിശോധിക്കാമെന്നും നിയമപരമായി സ്വീകരിക്കേണ്ട നടപടി എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കിയിരുന്നു. 'പ്രതിപക്ഷം റിപ്പോര്‍ട്ട് എന്താണെന്ന് ഊഹിച്ചെടുത്ത് ചര്‍ച്ച ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഒന്നും മറക്കാനില്ലാത്തത് കൊണ്ടാണ് ചര്‍ച്ച ആകാമെന്ന് പറഞ്ഞത്. സോളാര്‍ തട്ടിപ്പ് കേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ എല്‍ഡിഎഫ് സര്‍ക്കാരോ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ അല്ല. ആ കേസിന്റെ തുടക്കം മുതല്‍ അഭിനയിക്കുന്നവര്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് അന്നും ഇന്നും ഞങ്ങളുടെ നിലപാടെ'ന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേലും സഭ നിർത്തിവെച്ച് ചർച്ചചെയ്യാൻ സർക്കാർ തയ്യാറായിരുന്നു. രണ്ടുമണിക്കൂറിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം അടിയന്തര പ്രമേയം സഭ തള്ളുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com