
മലപ്പുറം: ബഡ്സ് പുനരധിവാസ കേന്ദ്രത്തില് ഭിന്നശേഷിക്കാരിക്ക് പ്രവേശനം വിലക്കിയ തീരുമാനം പിന്വലിച്ച് തേഞ്ഞിപ്പാലം പഞ്ചായത്ത്. പഞ്ചായത്ത് അധികൃതര് കുടുംബവുമായി ചര്ച്ച നടത്തി. റിപ്പോര്ട്ടര് വാര്ത്തയെ തുടര്ന്നാണ് നടപടി. ബഡ്സ് കേന്ദ്രത്തില് പ്രവേശനം നിഷേധിച്ചത്തോടെ ഭിന്നശേഷിക്കാരിയായ റഫീനയും മാതാവ് സഫിയയും സ്കൂള് വരാന്തയില് നാല്പ്പത് ദിവസത്തിലേറെയായി സമരത്തിലായിരുന്നു.
സ്ഥിരമായി ഹാജരില്ലായെന്ന കാരണം ചൂണ്ടികാട്ടിയാണ് സ്കൂള് അധികൃതര് റഫീനയ്ക്ക് പ്രവേശനം നിഷേധിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്ന്ന് ബഡ്സ് കേന്ദ്രത്തിന്റെ വരാന്തയില് ഇരുവരും സമരം ആരംഭിച്ചു. നാല്പ്പത് ദിവസമായിട്ടും ഹാജര് ഇടുന്നില്ലെന്നും നീതി കിട്ടണമെന്നും സഫിയ റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.
രേഖകള് പ്രകാരം അഡ്മിഷന് ലിസ്റ്റിലുള്ള വിദ്യാര്ത്ഥിയുടെ ദുരവസ്ഥയാണിത്. ഹാജര് രേഖപ്പെടുത്താത്തതിനാല് ലഭിക്കേണ്ട ആനുകൂല്യങ്ങളും സ്കോളര്ഷിപ്പും മുടങ്ങി. കഴിഞ്ഞ വര്ഷമാണ് തേഞ്ഞിപ്പാലം ബഡ്സ് പുനരധിവാസ കേന്ദ്രത്തില് റഫീനയ്ക്ക് അഡ്മിഷന് ലഭിച്ചത്. എന്നാല് ഇവിടെ വിദ്യാര്ത്ഥികള്ക്ക് ആനുപാതികമായി അധ്യാപകരും ആയമാരും ഇല്ലാത്തതും പ്രശ്നമായി. ഇതോടെ പിതാവ് അഹമ്മദ് കുട്ടി വിദ്യാര്ത്ഥിയെ സ്ഥിരമായി സ്കൂളിലേക്ക് കൊണ്ടുവിടുന്നത് കുറച്ചു. ഇക്കാരണം പറഞ്ഞാണ് ഒരു വര്ഷത്തിന് ശേഷം സ്കൂളും പഞ്ചായത്തും റഫീനയുടെ പ്രവേശനം വിലക്കിയതെന്ന് അഹമ്മദ് കുട്ടി പറയുന്നു. ഒരു മുന്നറിയിപ്പും നല്കാതെയായിരുന്നു നടപടി. പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം വിവരാവകാശം നല്കിയിരുന്നു.