
മലപ്പുറം: കംബോഡിയ മനുഷ്യക്കടത്തില് കേസെടുത്ത് പൊലീസ്. മണ്ണാര്ക്കാട് സ്വദേശിയുടെ പരാതിയില് കൊണ്ടോട്ടി പൊലീസാണ് കേസെടുത്തത്. കൊണ്ടോട്ടിയിലെ 'Acumen Way to My Dream' എന്ന റിക്രൂട്ട് ഏജന്സിക്കെതിരായാണ് കേസ്. ഏജന്സിയുടെ പ്രവര്ത്തനം നിയമാനുസൃതമല്ലെന്ന് പൊലീസ് പറഞ്ഞു.
കംബോഡിയ മനുഷ്യക്കടത്തിന്റെ മുഖ്യ ഇടനിലക്കാരന് മലയാളിയെന്നാണ് സൂചന. സുജിത്ത് എന്ന പേരില് അറിയപ്പെടുന്ന ഇയാള് റിപ്പോര്ട്ടര് വാര്ത്തയ്ക്ക് പിന്നാലെ കംബോഡിയയില് നിന്നും ഒമാനിലേക്ക് കടന്നെന്നാണ് വിവരം. കംബോഡിയയയിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് മലയാളികളെ എത്തിക്കുന്ന സംസ്ഥാനത്തെ പല ട്രാവൽസ് ഏജൻസികളുടെയും ഇടനിലക്കാരനായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഇതുവഴി ഇയാൾ ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്തു. സുജിത്തിന് ഒപ്പം പ്രവർത്തിച്ചിരുന്ന കംബോഡിയയിൽ ഉണ്ടായിരുന്നു പല മലയാളി ഏജന്റുകളും ഇതു പോലെ മുങ്ങിയിട്ടുണ്ട്. ഇയാള് തൃശൂര് സ്വദേശിയെന്നാണ് സംശയം.
മനുഷ്യക്കടത്തിലൂടെ കംബോഡിയയിലെ ചൂതാട്ട കേന്ദ്രത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം കോട്ടയം സ്വദേശി റിപ്പോര്ട്ടറിലൂടെ വെളിപ്പെടുത്തിയിരുന്നു. വയനാട് സ്വദേശിയാണ് രണ്ട് മാസം മുമ്പ് കൊല്ലപ്പെട്ടത്.
കോട്ടയം സ്വദേശിയുടെ വാക്കുകള്-
'ചേര്ത്തലയിലുള്ള ഒരു ഏജന്റിനാണ് പൈസ ആദ്യം കൈമാറിയത്. ജോസഫ് എന്നാണ് അവന്റെ പേര്. ഇവിടുന്ന് ടിക്കറ്റെടുത്ത് ബംഗളൂരുവിലേക്ക് ചെല്ലാനാണ് ആദ്യം പറഞ്ഞത്. അത് മാത്രമേ ഞങ്ങളോട് നിര്ദേശിച്ചിട്ടുള്ളൂ. അവിടെയെത്തിയ ശേഷം ഒരു ടാക്സി വരുമെന്നും ഡ്രൈവര്ക്ക് പാസ്പോര്ട്ട് കൈമാറിയ ശേഷം അതേ ടാക്സിയില് അതിര്ത്തി കടന്ന് വരാനും പറഞ്ഞു. വരുന്ന വഴി ചെക്കിംഗ് ഉണ്ടാവും എന്ന് അദ്ദേഹത്തിന്റെ മകന് വിളിച്ച് പറഞ്ഞു. ജീന് ജോസഫ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ആദ്യം ഒരു കമ്പനിയിലേക്ക് കൊണ്ടുപോയി. അവിടെ പോയപ്പോള് കണ്ടത് രണ്ട് മൂന്ന് നിലകളിലായി മലയാളികള് തന്നെ ഒരു നൂറിലധികം ആളുകള് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ഓണ്ലൈന് തട്ടിപ്പാണ് അവിടെ നടന്നതെന്നാണ് അറിഞ്ഞത്. ഞങ്ങള് ഇവിടെ പെട്ടുകിടക്കുകയാണെന്നും പറ്റുമെങ്കില് രക്ഷപ്പെടാനുമാണ് അവിടുത്തെ മലയാളികള് തന്നെ ഞങ്ങളോട് പറഞ്ഞത്. കാരണം ഞങ്ങള് ചെല്ലുന്നതിനും രണ്ടോ മൂന്നോ ദിവസം മുമ്പ് അവിടെ ജോലിക്ക് വന്ന വ്യക്തിയെ തല്ലിക്കൊന്നുവെന്നാണ് അറിഞ്ഞത്. അവിടെ നടക്കുന്ന കാര്യങ്ങള് മാധ്യമങ്ങളെ അറിയിച്ചതിന്റെ പേരിലാണ് എല്ലാവരുടേയും മുന്നില്വെച്ച് അദ്ദേഹത്തെ തല്ലിക്കൊന്നത്. വയനാട് സ്വദേശിയാണ് ഇത്തരത്തില് കൊല്ലപ്പട്ടത്.' കോട്ടയം സ്വദേശി പറഞ്ഞു.