
തിരുവനന്തപുരം: ഉമ്മന്ചാണ്ടിക്കെതിരെ ക്രിമിനല് ഗുഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമെന്ന് സഭയില് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്രിമിനല് ഗൂഢാലോചന ഈ കേസില് നടന്നിട്ടുണ്ടെന്നും അധികാരത്തില് വന്ന് മൂന്നാം ദിവസം പരാതിക്കാരിയെ മുഖ്യമന്ത്രി കണ്ടുവെന്നും സതീശന് പറഞ്ഞു.
ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. പരാതിക്കാരിക്ക് 50 ലക്ഷം കൊടുത്ത് കത്തു വാങ്ങിയത് നന്ദകുമാര് ആണെന്നും വി ഡി സതീശന് പറഞ്ഞു. ഭരണ കക്ഷി അംഗങ്ങളുടെ പ്രസംഗം കേട്ടപ്പോള് പിലാത്തോസിനെ ഓര്മ വന്നു എന്ന് പരിഹസിച്ചാണ് വി ഡി സതീശന് പ്രസംഗം തുടങ്ങിയത്.
ഉമ്മന്ചാണ്ടിയെ ക്രൂശിക്കാന് കഠിനാധ്വാനം ചെയ്തവര് അദ്ദേഹം നീതിമാനാണെന്ന് ഇപ്പോള് പറയുന്നു. കത്ത് സംഘടിപ്പിക്കാന് നന്ദകുമാറിന് പണം നല്കിയത് ആരാണ്. കത്ത് ആദ്യം 21 പേജായിരുന്നു. പിന്നെ 19 ആയി ചാനലിന് നല്കിയത് 25 പേജാണ്. ആ കത്ത് വ്യാജ നിര്മിതിയാണ്.
ഗൂഢാലോചന സി ബി ഐ അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെടാന് സര്ക്കാര് തയ്യാറാവുമോ എന്നും വി ഡി സതീശന് ചോദിച്ചു. തട്ടിപ്പ് കേസിനു ഒപ്പം പീഡന കേസ് കൂടി ചേര്ത്തത് ഹൈക്കോടതി തള്ളിയിരുന്നു. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും എന്ന് മുഖ്യമന്ത്രിയോട് ഞാന് പറഞ്ഞിരുന്നു. സ്വര്ണ്ണക്കടത്തിലെ ആരോപണ വിധേയരായ എല്ഡിഎഫ് നേതാക്കളെ കുറിച്ച് പല പരാതി പറഞ്ഞു. ഞങ്ങള് ഏറ്റെടുത്തില്ല. അതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും സതീശന് കൂട്ടിച്ചേര്ത്തു.