
മലപ്പുറം: കേരളത്തിൽ നിന്ന് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതായി റിപ്പോർട്ടർ ടിവി കണ്ടെത്തൽ. ഡാറ്റാ എൻട്രി ജോബുകളുടെ പേരിലാണ് മലയാളികളെ കംബോഡിയയിലേക്ക് കൊണ്ട് പോകുന്നത്. നിരവധി പേർ കുടുങ്ങി കിടക്കുന്നുവെന്ന് മടങ്ങി എത്തിയവർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. അവിടെ കുടുങ്ങിക്കിടക്കുന്നവർ വലിയ പീഡനങ്ങൾ അനുഭവിക്കുന്നതായും വിവരമുണ്ട്.
ജോലി അന്വേഷിക്കുന്നവർക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ആളുകളെ ഏജന്റുമാർ വലയിൽ വീഴ്ത്തുന്നത്. മലയാളികളെ സൈബർ തട്ടിപ്പ് കമ്പനികൾക്ക് വിൽക്കുന്ന ഏജന്റുമാർക്ക് നാല് ലക്ഷം രൂപയിലധികം ലഭിക്കുന്നുവെന്നാണ് വിവരം. ഇത്തരത്തിൽ കൊണ്ടുപോകുന്നവരെ സൈബർ തട്ടിപ്പുകൾക്കായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സൈബർ തട്ടിപ്പിന്റെ ആസ്ഥാനമായ കംബോഡിയയിൽ ഇതിനായി നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ തുകകൾ ഈടാക്കി ആളുകളെ കയറ്റി അയക്കുന്ന ഏജൻസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കോയമ്പത്തൂർ, ഈറോഡ് തുടങ്ങി തമിഴ്നാടിലെ പല സ്ഥലത്തും ഇത്തരം ഏജൻസികളുണ്ട്.
കടത്തികൊണ്ടുപോകുന്ന ആളുകൾക്ക് ടാർഗറ്റ് കൊടുത്താണ് സൈബർ തട്ടിപ്പുകൾ നടത്തുന്നത്. ഒരുമാസത്തെ ടാർഗറ്റ് 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നൽകുമെന്ന് രക്ഷപ്പെട്ടവർ വെളിപ്പെടുത്തുന്നു. ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ക്രൂര പീഡനത്തിന് ഇരയാകും. എത്തിയ ഉടൻ കരാറിൽ ഒപ്പിടേണ്ടി വരുന്നതിനാൽ തിരിച്ചുവരാൻ നാല് ലക്ഷം രൂപയോളം നൽകണം. ഇതും തട്ടിപ്പുകൾ ചെയ്യാൻ ഇരകളെ നിർബന്ധിതരാക്കുന്നു. സൈബർ തട്ടിപ്പുകൾ തൊഴിലായി സ്വീകരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. വ്യാജ മേൽവിലാസങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്. തട്ടിപ്പിന് ഇരയാകുന്നതിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെയാണ്.
Story Highlights: Human trafficking from Kerala to Cambodia