'കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്‍, സിനിമയിലും ജീവിതത്തിലും ആ റോള്‍'; ഗണേഷ് കുമാറിനെതിരെ രാഹുല്‍

പിണറായി വിജയനോടായാലും കെ ബി ​ഗണേഷ്കുമാർ ഒറ്റുകാരന്റെ റോളിൽ തന്നെയാണെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു
'കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്‍, സിനിമയിലും ജീവിതത്തിലും ആ റോള്‍'; ഗണേഷ് കുമാറിനെതിരെ രാഹുല്‍

തിരുവനന്തപുരം: കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരനാണ് കെബി ​ഗണേഷ്കുമാർ എംഎൽഎ എന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സിനിമയിൽ ചെയ്തതിലും ഭം​ഗിയായാണ് ഒറ്റുകാരന്റെ റോൾ ജീവിതത്തിൽ അവതരിപ്പിച്ചത്. അച്ഛൻ ബാലകൃഷ്ണ പിള്ളയോടായാലും അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടിയോടായാലും ഇപ്പോൾ പിണറായി വിജയനോടായാലും കെ ബി ​ഗണേഷ്കുമാർ ഒറ്റുകാരന്റെ റോളിൽ തന്നെയാണെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

'നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവർക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്റെ പൊതുജീവിതം. ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എഎൽഎ ആക്കാമെന്ന് ഏതെങ്കിലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും. പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സോളാർ കേസിൽ ​​​മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ​ഗണേഷ്കുമാർ ഇടപെടൽ നടത്തി എന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള്‍ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുക്കിയത് വിവാദ ദല്ലാളെന്ന മൊഴിയാണ് സിബിഐ ശേഖരിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത് സംബന്ധിച്ച് മൊഴിനല്‍കിയത്. കേസിലെ പ്രധാനസാക്ഷിയും സമാനമൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ കിടക്കുമ്പോള്‍ ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്‍ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു.

Story Highlights: Congress leader Rahul Mankoottathil About KB Ganeshkumar's intervention in Solar Case

Related Stories

No stories found.
logo
Reporter Live
www.reporterlive.com