'ധവളവിപ്ലവത്തിലൂടെ കര്‍ഷകരെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചു'; വര്‍ഗീസ് കുര്യന്റെ ഓർമ്മകളിൽ രാജ്യം

രാജ്യം പിന്നീട് സാക്ഷ്യം വഹിച്ച സാമ്പത്തികവും സാമൂഹികവുമായ സ്വയംപര്യാപ്തതയുടെ മുന്‍പെ പറന്ന പക്ഷിയായിരുന്നു വര്‍ഗീസ് കുര്യന്റെ ആശയങ്ങള്‍.
'ധവളവിപ്ലവത്തിലൂടെ കര്‍ഷകരെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചു'; വര്‍ഗീസ് കുര്യന്റെ ഓർമ്മകളിൽ രാജ്യം

ധവളവിപ്ലവത്തിന്റെ പിതാവ് വര്‍ഗീസ് കുര്യന്‍ ഓര്‍മ്മയായിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം. രാജ്യത്തെ സാധാരണക്കാരായ ക്ഷീരകര്‍ഷകരുടെ ജീവിതവഴിയില്‍ വര്‍ഗീസ് കുര്യന്‍ വരച്ചിട്ടിരിക്കുന്ന സ്വയംപര്യാപ്തതയുടെ ജീവിത അടയാളങ്ങളാണ് എല്ലാക്കാലവും അദ്ദേഹത്തെ പ്രസക്തനാക്കുന്നത്.

രാജ്യം പിന്നീട് സാക്ഷ്യം വഹിച്ച സാമ്പത്തികവും സാമൂഹികവുമായ സ്വയംപര്യാപ്തതയുടെ മുന്‍പെ പറന്ന പക്ഷിയായിരുന്നു വര്‍ഗീസ് കുര്യന്റെ ആശയങ്ങള്‍. രാജ്യത്തെ സാധാരണക്കാരായ ഒരുവലിയ വിഭാഗം ജനതയുടെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത സാമൂഹിക സംരംഭകന്‍ എന്ന നിലയില്‍ വര്‍ഗീസ് കുര്യന്‍ അടയാളപ്പെടുത്തിയ വഴിത്താരയ്ക്ക് രാജ്യത്തിന്റെ സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനമാണുള്ളത്. രാജ്യത്തെ ക്ഷീരമേഖലയെ ഒരു പരിധി വരെ സ്വയംപര്യാപ്തമാക്കിയത് വര്‍ഗീസ് കുര്യന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളായിരുന്നു. ഭക്ഷ്യസുരക്ഷയുടെ സ്വയംപര്യാപ്തതയിലേക്കുള്ള ഹരിതവിപ്ലവത്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ രാജ്യത്തിന് പ്രേരണയായത് ക്ഷീരമേഖലയില്‍ വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ വിജയകരമായി നടപ്പിലാക്കിയ ധവളവിപ്ലവമായിരുന്നു.മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന കോഴിക്കോട് 1921 നവംബര്‍ 21നായിരുന്നു വര്‍ഗീസ് കുര്യന്റെ ജനനം. സര്‍ജനായ പിതാവിന്റെ പിന്‍ബലത്തില്‍ മികച്ച വിദ്യാഭ്യാസം ലഭിച്ച വര്‍ഗീസ് കുര്യന്റെ ജീവിതം മാറ്റിമറിച്ചത് വിദേശത്ത് ഉപരിപഠനം നടത്തുക എന്ന ആഗ്രഹമായിരുന്നു. അപരിചിതമായ ഒരുമേഖലയില്‍ വിദേശപഠനത്തിന് അവസരം കിട്ടിയപ്പോള്‍ മനസ്സില്ലാ മനസ്സോടെ വര്‍ഗീസ് കുര്യന്‍ ആ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തെ വലിയൊരു വിഭാഗം ജനതയുടെ ജീവിതഭാഗധേയം നിര്‍ണ്ണയിക്കുന്ന തീരുമാനമായി പിന്നീടത് മാറുകയായിരുന്നു. ഡയറി എന്‍ജിനീയറിംഗിലായിരുന്നു അദ്ദേഹത്തിന് വിദേശ ഉപരിപഠനത്തിന് അവസരം ലഭിച്ചത്. ആണവഭൗതിക ശാസ്ത്രവും ഡയറി എന്‍ജിനീയറിംഗും ഉപവിഷയങ്ങളാക്കി അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ വര്‍ഗീസ് കുര്യന്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തരബിരുദം നേടുകയായിരുന്നു. രാജ്യത്ത് തിരിച്ചെത്തിയ അദ്ദേഹം ഗുജറാത്തിലെ ആനന്ദില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രസര്‍ക്കാരിന്റെ ഡയറി റിസര്‍ച്ച് ഇന്‍സിസ്റ്റ്യൂട്ടില്‍ കുര്യന് ഡയറി എന്‍ജീനയറായി ജോലി ലഭിച്ചു. കയ്‌റ കോഓപ്പറേറ്റീവിന്റെ നേതൃത്വത്തിലുള്ള ഡയറിയുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനും അതിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന ത്രിഭുവന്‍ദാസിനെ പരിചയപ്പെടുന്നതും പിന്നീട് ഇന്ത്യന്‍ ക്ഷീരോത്പന്ന മേഖല ലോകത്തെ തന്നെ ഏറ്റവും മികച്ച സേവനമേഖലയായി മാറുന്നതിന് വഴിതുറന്നു.

കയ്‌റ സഹകരണ സെസൈറ്റിയുടെ ആദ്യ ജനറല്‍ മാനേജരായി മാറിയ വര്‍ഗീസ് കുര്യന്റെ വിപ്ലവകരമായ ചിന്തകളാണ് പിന്നീട് അമുല്‍ എന്ന സംരഭത്തിന്റെ പിറവിക്ക് വഴിതുറക്കുന്നത്. കര്‍ഷകരെ ഉത്പാദനത്തിലും വിപണനത്തിലും ഭരണനിര്‍വ്വഹണത്തിലും പങ്കാളിക്കുക എന്ന കാഴ്ചപ്പാടോടെ വര്‍ഗീസ് കുര്യന്‍ 1960കളുടെ മധ്യത്തോടെ രൂപപ്പെടുത്തിയ അമുല്‍ രാജ്യത്തിന്റെ സഹകരണ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യവസായ സംരംഭം കൂടിയായി മാറിയത് ചരിത്രം. അമുലിനെ രാജ്യത്തെ ഏറ്റവും മാതൃകപരമായ സഹകരണ സ്ഥാപനമാക്കി മാറ്റുന്നതിനൊപ്പം സഹകരണമേഖലയുടെ നേതൃത്വത്തിലുള്ള ഉദ്പാദന സാധ്യതകളെക്കൂടി വിജയകരമായി നടപ്പിലാക്കാന്‍ വര്‍ഗീസ് കുര്യന് സാധിച്ചു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ക്ഷീരമേഖലയില്‍ വ്യാപകമായി സഹകരണസംഘങ്ങള്‍ ഉയര്‍ന്ന് വന്നതിന്റെ പിന്നില്‍ വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ നടന്ന വിജയകരമായ മുന്നേറ്റങ്ങളാണ്. രാജ്യത്ത് സഹകരണപ്രസ്ഥാനങ്ങള്‍ക്ക് ഭരണനിര്‍വ്വഹണത്തിനുള്ള പരിശീലനത്തിനും ഗവേഷണത്തിനും ഇന്‍സിസ്റ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് എന്ന സ്ഥാപനവും വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടു.

ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തെ സഹകരണ പ്രസ്ഥാനങ്ങളിലൂടെ മാറ്റിമറിയ്ക്കാന്‍ തന്റെ അറിവും പ്രാഗത്ഭ്യവും ജീവിതവും മാറ്റിവച്ച പ്രതിഭയായിരുന്നു വര്‍ഗീസ് കുര്യന്‍. അമുല്‍ രാജ്യത്തെ സാമൂഹ്യവിപ്‌ളവത്തിന്റെ സഹകരണമാതൃകയായി വിജയിച്ചപ്പോള്‍ അത്തരം ഇടപെടലുകള്‍ ഇതരമേഖലയില്‍ ഇല്ലാതെ പോയത് രാജ്യത്തെ സംബന്ധിച്ച് നഷ്ടമാണ്. ക്ഷീരമേഖലയില്‍ കര്‍ഷകര്‍ക്ക് പങ്കാളിത്തമുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഒരു വ്യാവസായിക സംരംഭം എന്ന ആശയം ആറ് പതിറ്റാണ്ട് മുന്‍പ് വിജയകരമായി ആവിഷ്‌കരിച്ചുവെന്നത് കുര്യന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ കൂടി ദൃഷ്ടാന്തമാകുന്നുണ്ട്.

ക്ഷീരസഹകരണ മേഖലയില്‍ ഫെഡറല്‍ തത്വങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള മൂല്യങ്ങള്‍ രൂപപ്പെടുത്തുന്നതിനും വര്‍ഗീസ് കുര്യന്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. സംസ്ഥാന തലത്തില്‍ ക്ഷീരസഹകരണ ഫെഡറേഷനുകള്‍ പിറവിയെടുക്കാനും പ്രചോദനമായത് വര്‍ഗീസ് കുര്യനായിരുന്നു. ഓരോ സംസ്ഥാന ഫെഡറേഷനുകളും അതത് സംസ്ഥാനപരിധിയില്‍ നിന്ന് പാല്‍ ശേഖരിക്കുകയും വിപണനം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്ത ക്ഷീരമേഖലയിലെ സഹകരണ ഫെഡറേഷനുകളുടെ ഇക്കോ സിസ്റ്റം. രാജ്യം ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ന്നത് ഈ തത്വം മുറുകെ പിടിച്ച് ഓരോ സംസ്ഥാനത്തെയും ക്ഷീരോദ്പാദക സഹകരണ ഫെഡറേഷനുകള്‍ പ്രവര്‍ത്തിച്ചതിനാലാണ്.

സംസ്ഥാന ഫെഡറേഷനുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും പരസ്പര ധാരണയ്ക്കും വേണ്ടിയാണ് ദേശീയ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്തത്. സംസ്ഥാന ഫെഡറേഷനുകള്‍ അംഗങ്ങളായ ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് വിവിധ സംസ്ഥാന യൂണിയനുകളെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍ ബോര്‍ഡാണ്. ഈ സംവിധാനത്തിന്റെയും പിതാവ് വര്‍ഗീസ് കുര്യനായിരുന്നു. വര്‍ഗിസ് കുര്യന്‍ മുന്നോട്ടുവച്ച ക്ഷീരമേഖലയിലെ സഹകരണസംഘങ്ങളുടെ പരസ്പര ബഹുമാനത്തിന്റെ ഫെഡറല്‍ തത്വത്തെ ലംഘിക്കാന്‍ അമുല്‍ തന്നെ മുന്നോട്ടുവരുന്നൊരു കാലത്താണ് വര്‍ഗീസ് കുര്യന്റെ ഓര്‍മ്മകള്‍ രാജ്യം പങ്കുവയ്ക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com