കള്ളും കോഴിയും പ്രസാദം; മോദിയെ യെച്ചൂരി ക്ഷണിച്ച മാടായിക്കാവിൽ തീരില്ല കണ്ണൂരിലെ വൈവിധ്യങ്ങള്‍

കണ്ണൂരിലെ കാവുകളിൽ കെട്ടിയാടുന്ന മിക്ക തെയ്യക്കോലങ്ങള്‍ക്കും കള്ള് വഴിപാടായി നല്‍കുന്ന ചടങ്ങിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്
കള്ളും കോഴിയും പ്രസാദം;  മോദിയെ യെച്ചൂരി ക്ഷണിച്ച മാടായിക്കാവിൽ തീരില്ല കണ്ണൂരിലെ വൈവിധ്യങ്ങള്‍

കോഴിയും കള്ളും ചുട്ടമീനും പയറും പ്രസാദമായി വിളമ്പുന്ന ക്ഷേത്ര വൈവിദ്ധ്യങ്ങള്‍ ഏറെയാണ് കണ്ണൂരില്‍. കോഴിയിറച്ചി പ്രസാദമായി വിളമ്പുന്ന കണ്ണൂര്‍ മാടായിക്കാവ് ക്ഷേത്രത്തിലേക്ക് മോദിയെ ക്ഷണിച്ച യെച്ചൂരിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു. എന്നാല്‍, യെച്ചൂരി പരാമര്‍ശിച്ച മാടായിക്കാവ് ക്ഷേത്രത്തിന് പുറമെ വൈവിദ്ധ്യമായ ആചാരങ്ങളും പ്രസാദ വിതരണവും ഏറെയുള്ള ക്ഷേത്രങ്ങളുടെയും കാവുകളുടെയും നാടാണ് കണ്ണൂര്‍.

ആചാര വൈവിദ്ധ്യങ്ങളുള്ള കണ്ണൂര്‍ മാടായിക്കാവ് ക്ഷേത്രത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സീതാറാം യെച്ചൂരി ക്ഷണിച്ചത്. കഴിഞ്ഞ ദിവസം പഴയങ്ങാടിയില്‍ നടന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് മോദിയെ മാടായിക്കാവിലേക്ക് യെച്ചൂരി ക്ഷണിച്ചത്. മാടായിക്കാവിനെ പരാമര്‍ശിച്ച് ഈ നാട് ഏറെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞാണെന്നായിരുന്നു യെച്ചൂരിയുടെ പ്രസംഗം. രാജ്യത്തിന്റെ വൈവിദ്ധ്യം നിലനിര്‍ത്തുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ചെയ്യേണ്ടത്. നാടിന്റെ വൈവിദ്ധ്യത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രസംഗം.

ഉത്തരകേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് മാടായിക്കാവ് ഭദ്രകാളിക്ഷേത്രം അഥവാ തിരുവര്‍ക്കാട്ടുകാവ് ഭഗവതി ക്ഷേത്രം. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ഇവിടെ ഭക്തരെത്താറുണ്ട്. കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരും രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം. കോഴിയിറച്ചി നിവേദ്യമായി ദേവിക്ക് അര്‍പ്പിച്ചതിന് ശേഷമാണ് പ്രസാദമായി ഭക്തര്‍ക്ക് നല്‍കുക. മീനമാസത്തിലെ പൂരം നാളിലാണ് ക്ഷേത്ത്രിലെ ഉത്സവ നാള്‍. ഈ ദിനം മറ്റുജില്ലകളില്‍ നിന്നുള്ള നിരവധിപേര്‍ ക്ഷേത്രത്തിലെത്താറുണ്ട്. അന്ന് അകപൂജ കഴിഞ്ഞും കോഴിയിറച്ചി പ്രസാദമായി നല്‍കും.

കണ്ണൂരിലെ മലയോര മേഖലയായ ഇരിട്ടിക്കടുത്തുള്ള മുണ്ടായാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രവും ആചാര വൈവിദ്ധ്യങ്ങളാല്‍ പ്രശസ്തമാണ്. മൂന്നൂഭാഗവും പുഴകളാല്‍ ചുറ്റപ്പെട്ട് ഹരിതാഭമായ കാവുകാളാല്‍ പ്രകൃതി അറിഞ്ഞനുഗ്രഹിച്ച പ്രദേശത്താണ് ക്ഷേത്രം. വിശേഷ ദിവസങ്ങളില്‍ മലബാറിന് പുറത്തുള്ള ജില്ലകളില്‍ നിന്ന് പതിനായിരങ്ങളാണ് ഇവിടെയെത്താറ്. ഉത്സവ ദിവസം ഭക്തര്‍ കൊണ്ടുവരുന്ന കോഴി സ്വയം പാചകം ചെയ്ത് മദ്യവും കൂട്ടി കഴിക്കുന്നത് ഇവിടെ കാലങ്ങളായി പിന്തുടരുന്ന ആചാര വൈവിദ്ധ്യമാണ്.

കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ഇതിനായി ക്ഷേത്രത്തിലെത്താറ്. ക്ഷേത്ര പരിസരത്തിന് പുറത്തുള്ള സ്ഥലത്ത് സ്വയം പാചകം ചെയ്താണ് മദ്യവും കോഴിയിറച്ചിയും കഴിക്കുക. ഭക്തര്‍ കൊണ്ടുവരുന്ന വിറകും പാത്രങ്ങളും ഉപയോഗിച്ചാണ് കോഴിയിറച്ചി പാചകം ചെയ്ത് കഴിക്കുക. ഇതിനുപുറമെ കലശ ദിവസങ്ങളില്‍ ഭക്തര്‍ നേര്‍ച്ചയായി കോഴിയെ ദേവിക്ക് സമര്‍പ്പിക്കുകയും കോഴി അറവ് നടക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിലെ പ്രശസ്തമായ ക്ഷേത്രത്തിലൊന്നാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. എല്ലാ മസത്ഥര്‍ക്കും പ്രവേശനമുള്ള ക്ഷേത്രത്തില്‍ പയറും തേങ്ങ പൂളും ചായയുമാണ് പ്രസാദമായി നല്‍കുന്നത്. ഇതിനുപുറമെ രണ്ട് നേരം അന്നദാനവും മുത്തപ്പന്റെ പ്രസാദമാണ്. ഭക്തര്‍ മുത്തപ്പന് വഴിപാടായി മദ്യം നല്‍കിയിരുന്ന ചടങ്ങ് ഇവിടെ മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത് നിര്‍ത്തലാക്കി.

കണ്ണൂര്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് ദേവി ക്ഷേത്രത്തില്‍ പ്രസാദമായി ഭക്തര്‍ക്കെല്ലൊം രണ്ട് നേരത്തെ അന്നദാനമാണ്. മുമ്പ് ആഴ്ചയില്‍ രണ്ട് ദിവസം കോഴി ഇറച്ചി പ്രസാമായി നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നു.

ഇതിനുപുറമെ തിറകളുടെ സ്വന്തം നാടായ കണ്ണൂരില്‍ എല്ലാ കവുകളിലും കെട്ടിയാടുന്ന മിക്ക തെയ്യക്കോലങ്ങള്‍ക്കും കള്ള് വഴിപാടായി നല്‍കുന്ന ചടങ്ങിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കള്ളിന് പുറമെ ഉണക്ക മത്സ്യം, അവില്‍, മലര്‍, തേങ്ങാപൂള് എന്നിവയും തെയ്യങ്ങള്‍ക്കുള്ള നേര്‍ച്ചയാണ്. തെയ്യക്കോലങ്ങള്‍ കഴിച്ചതിന് ശേഷം ബാക്കിയായവ നിവേദ്യമായി സ്വീകരിക്കാന്‍ ഭക്തരുടെ തിരക്കായിരിക്കും പിന്നീട് കാവുകളിലെല്ലാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com