റോസാ ലക്സംബർഗ്; തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ തീജ്വാല

തൊഴിലാളി വിമോചനത്തിനും ജനാധിപത്യപരവും സമത്വ പൂർണ്ണവുമായ സാമൂഹിക വ്യവസ്ഥയ്ക്കും വേണ്ടിയും പൂർണ്ണമായ പ്രതിബദ്ധതയോടെ പോരാടിയ ആശയമൂർച്ചയുള്ള വിപ്ലവകാരിയായിരുന്നു റോസ ലക്സംബർഗ്.
റോസാ ലക്സംബർഗ്; തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ തീജ്വാല

"ശുദ്ധമായ മനസ്സാക്ഷിയോടെ എല്ലാവരെയും സ്നേഹിക്കാൻ അനുവദിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയാണ് എന്റെ ആദർശമെന്ന്" പതിനാറാം വയസ്സിൽ കുറിച്ച റോസാ ലക്സംബർഗ് ജീവിതത്തിലുടനീളം വിപ്ലവകരമായ സാമൂഹിക പരിവർത്തന ആശയത്തിന്റെ മുൻനിര പോരാളിയായിരുന്നു. തൊഴിലാളി വർഗ്ഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു നടത്തിയ ആശയ പോരാട്ടങ്ങളിൽ ലോകം കണ്ട ഏറ്റവും വിപ്ലവകാരിയായ നേതാവ് എന്ന നിലയിലാണ് റോസാ ലക്സംബർഗ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. തൊഴിലാളി വർഗ്ഗവിപ്ലവം എല്ലാത്തരം സാമൂഹിക ബന്ധങ്ങളെയും നവീകരിക്കുമെന്നും ജനാധിപത്യപരമായ സമഭാവനയെ സാക്ഷാത്കരിക്കുമെന്നും റോസാ ലക്സംബർഗ് എല്ലാക്കാലത്തും വാദിച്ചിരുന്നു.

സ്ത്രീകളുടെ വിമോചന പോരാട്ടം തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ ഭാഗമായി മാത്രമേ യാഥാർത്ഥ്യമാകൂ എന്ന കാഴ്ചപാട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ റോസാ ലക്സംബർഗ് മുന്നോട്ടുവച്ചിരുന്നു. "സ്ത്രീ വോട്ടവകാശവും വർഗ്ഗസമരവും" എന്ന കുറിപ്പിൽ തൊഴിലാളിവർഗ വിപ്ലവത്തിന്റെ ഭാഗമായി മാത്രമേ വിമോചനവും സ്ത്രീ വോട്ടവകാശവും യാഥാർത്ഥ്യമാക്കാൻ കഴിയൂ എന്ന് റോസ വ്യക്തമാക്കിയിരുന്നു. തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തോട് ചേർന്ന് നിന്ന് സോഷ്യലിസ്റ്റ് ഫെമിനിസ്റ്റ് കാഴ്ചപ്പാട് മുന്നോട്ടു വെച്ചു എന്നതും റോസയുടെ സംഭാവനകളിൽ പ്രധാനമാണ്. ഈ നിലയിൽ വിലയിരുത്തുമ്പോൾ അടിമുടി തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു റോസയെന്ന് നിസംശയം പറയാം. ചെറുപ്പം മുതൽ മരണം വരെ ആശയപരമായ പോരാട്ടങ്ങളുടെ തീജ്വാലയായിരുന്നു റോസ.

പതിനഞ്ചാം വയസ്സിലാണ് റോസ നിരോധിക്കപ്പെട്ട പോളിഷ് തൊഴിലാളി വർഗ്ഗപാർട്ടിയിൽ അംഗമാകുന്നത്. പോളിഷ് ദേശീയതാ ബോധം വളരെ ചെറുപ്പത്തിലെ മാതാപിതാക്കളാൽ റോസയിൽ ആളിപ്പടർന്നിരുന്നു. നിരോധിക്കപ്പെട്ടിരുന്ന പോളിഷ് ഭാഷ ഉപയോഗിക്കുന്ന എഴുത്തുകാരുടെയും കവികളുടെയും മീറ്റിംഗുകളിൽ കൗമാരക്കാരിയായ റോസ രഹസ്യമായി പങ്കെടുത്തിരുന്നു. ഒരു പൊതു പണിമുടക്ക് വിജയിപ്പിക്കാൻ ഇടപെട്ടതോടെ പോളണ്ടിനെ അധിനിവേശപ്പെടുത്തിയ സാറിസ്റ്റിക് ഭരണകൂടത്തിന്റെ വേട്ടയാടപ്പെടേണ്ടവരുടെ പട്ടികയിൽ റോസയും ഇടം പിടിച്ചു.

പിന്നീട് സ്വീറ്റ്സർലാൻഡിലേയ്ക്ക് പലായനം ചെയ്ത റോസ അവിടെ പഠനം തുടർന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ പോളിഷ് വനിതയായും ഇതിനിടയിൽ റോസ മാറി. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ റോസ വീണ്ടും പോളണ്ടിലേയ്ക്ക് മടങ്ങി. അവിടെ പോളിഷ് മാർക്സിസ്റ്റ് പാർട്ടിയുടെ സഹ സ്ഥാപകയായി റോസ മാറി. അധികം താമസിയാതെ റോസക്ക് വീണ്ടും പോളണ്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്നു. ഇത്തവണ ജർമ്മനിയിലേയ്ക്കായിരുന്നു റോസയുടെ പലായനം. ജർമ്മനിയിലെത്തിയ റോസ സോഷ്യൽ-പൊളിറ്റിക്കൽ ഡെമോക്രാറ്റ് പാർട്ടിയുടെ ഭാഗമായി. ആൾക്കൂട്ടത്തെ സമരസജ്ജരാക്കി ഇളക്കിവിടുന്നതായി റോസയുടെ പ്രസംഗങ്ങൾ പതിയെ മാറി. ആശയപരമായ വിഷയങ്ങൾ മുൻനിർത്തിയുള്ള റോസയുടെ ഉൾപാർട്ടി സമരങ്ങളുടെ കാലഘട്ടം കൂടിയായിരുന്നത്.

റോസാ ലക്സംബർഗ്; തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ തീജ്വാല
ഇന്ത്യൻ കായിക മേഖലയുടെ കുതിപ്പ് അടയാളപ്പെടുത്തിയ 2023; ഗുസ്തി താരങ്ങളുടെ കണ്ണുനീർ കളങ്കമായി

സോഷ്യൽ-പൊളിറ്റിക്കൽ ഡെമോക്രാറ്റ് പാർട്ടിയുടെ പ്രധാന ചിന്തകനായ എഡ്വേർഡ് ബേൺസ്റ്റീനിന്റെ നിലപാടിനെതിരെ റോസ ശക്തമായ നിലപാടെടുത്തു. വിപ്ലവത്തിനും മുതലാളിത്തത്തെ അട്ടിമറിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതിനുപകരം ഒരു മുതലാളിത്ത സമൂഹത്തിനുള്ളിൽ സാമൂഹിക പരിഷ്കരണത്തിനായി പ്രവർത്തിക്കണമെന്നായിരുന്നു ബേൺസ്റ്റീനിന്റെ വാദം. 'സാമൂഹ്യ നവീകരണമോ വിപ്ലവമോ?' എന്ന ലഘുലേഖയിലൂടെ ബെർൺസ്റ്റൈന്റെ വാദങ്ങളെ റോസ ഖണ്ഡിച്ചു. തൊഴിലാളി വർഗ്ഗ ആശയങ്ങളെ നേർപ്പിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകൾക്കെതിരായ ആശയപോരാട്ടത്തിന്റെ പ്രതീകമായും ഇതോടെ റോസ മാറി. ജർമ്മനിയിലെ സോഷ്യൽ-പൊളിറ്റിക്കൽ ഡെമോക്രാറ്റ് പാർട്ടിയുടെ തീവ്ര വിപ്ലവ നിലപാടുള്ള വിഭാഗത്തിന്റെ പ്രധാന നേതാവായി റോസ പരിണമിച്ചു.

ബേൺസ്റ്റൈൻ നയിച്ച റിവിഷനിസ്റ്റ്, പരിഷ്കരണവാദി വിഭാഗവും റോസയും തമ്മിലുള്ള ആശയപരമായ ഉൾപാർട്ടി സമരത്തിന്റെ ഭാഗമായി റോസ നിരവധി ലേഖനങ്ങളും കുറിപ്പുകളും കത്തുകളും ലഘുലേഖകളും എഴുതി. ജർമ്മൻ സാമ്രാജ്യത്വത്തിനും ദേശീയതയ്ക്കും സൈനികതയ്ക്കും എതിരെയും റോസയുടെ ആശയപരമായ നിലപാടുകളുടെ മൂർച്ച നീണ്ടിരുന്നു. ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടതോടെ സോഷ്യൽ-പൊളിറ്റിക്കൽ ഡെമോക്രാറ്റ് പാർട്ടിയിൽ റിവിഷനിസ്റ്റ് പക്ഷം മേൽ കൈ നേടി. യുദ്ധത്തിന് ധനസഹായം നൽകുന്നതിനും ആയുധമെടുക്കുന്നതിനും അനുകൂലമായ റിവിഷനിസ്റ്റ് നിലപാടിന് പാർട്ടിയിൽ മേൽക്കൈ ലഭിച്ചു. ഇതോടെ റോസ കാൾ ലീബ്‌നെക്റ്റ്, ക്ലാര സെറ്റ്കിൻ എന്നിവരുമായി ചേർന്ന് ഡൈ ഇന്റർനാഷണൽ സ്ഥാപിച്ചു. പിന്നീട് സ്പാർട്ടക്കസ് ലീഗ് എന്നും ഈ ഗ്രൂപ്പ് അറിയപ്പെട്ടു

സോഷ്യൽ-പൊളിറ്റിക്കൽ ഡെമോക്രാറ്റ് പാർട്ടിയുടെ യുദ്ധ അനുകൂല നിലപാടുകളെ എതിർത്തുകൊണ്ട് പൊതു പണിമുടക്കുകൾക്കും തൊഴിലാളിവർഗ പ്രക്ഷോഭങ്ങൾക്കും ഇവർ ആഹ്വാനം ചെയ്തു. യുദ്ധവിരുദ്ധ ലഘുലേഖകളും ഇവർ തയ്യാറാക്കി. ഇതേ തുടർന്ന് കാൾ ലീബ്‌നെക്റ്റും റോസ ലക്‌സംബർഗും നിയമവിരുദ്ധ രചനകളുടെ പേരിൽ 1916-ൽ രണ്ടര വർഷത്തോളം തടവിലാക്കപ്പെട്ടു. എന്നാൽ തടവിലിരുന്നും ഇരുവരും എഴുത്തും ആശയ പ്രചാരണവും തുടർന്നു.

തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ ആശയരൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിക്കേണ്ടിയിരുന്ന തലച്ചോറായിരുന്നു ജർമ്മൻ ഭരണകൂടം തോക്കിന്റെ പാത്തികൊണ്ട് അടിച്ചു തകർത്തത്. തൊഴിലാളി വിമോചനത്തിനും ജനാധിപത്യപരവും സമത്വ പൂർണ്ണവുമായ സാമൂഹിക വ്യവസ്ഥയ്ക്കും വേണ്ടിയും പൂർണ്ണമായ പ്രതിബദ്ധതയോടെ പോരാടിയ ആശയമൂർച്ചയുള്ള വിപ്ലവകാരിയായിരുന്നു റോസ ലക്സംബർഗ്. വിപ്ലവത്തിലൂടെ മാത്രമേ മുതലാളിത്തത്തെ അട്ടിമറിക്കാൻ കഴിയൂ എന്ന തീവ്രബോധ്യത്തിന്റെ പ്രതീകമായിരുന്നു റോസ. തൊഴിലാളി വർഗ്ഗ വിപ്ലവത്തിനായി വാദിക്കുമ്പോഴും റോസയുടെ ആശയപ്രപഞ്ചത്തിന്റെ കാതൽ മാനവികതയായിരുന്നു. എല്ലാ മനുഷ്യരെയും മെച്ചപ്പെട്ട ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന പോരാട്ടത്തിനായിട്ടായിരുന്നു റോസാ ലക്സംബർഗ് ജീവിതം ഉഴിഞ്ഞു വെച്ചതും ഒടുവിൽ ജീവത്യാഗം ചെയ്തതും.

റോസാ ലക്സംബർഗ്; തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ തീജ്വാല
ബിൽക്കീസ് ബാനു; വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൻ്റെ മുഖം

"ആവശ്യം വരുമ്പോൾ നിങ്ങളുടെ ജീവിതം വിധിയുടെ തുലാസിൽ എറിയുക എന്നതാണ് മനുഷ്യനായിരിക്കുക എന്നതിനർത്ഥം. അല്ലാത്തപ്പോൾ ഓരോ സൂര്യപ്രകാശത്തിലും മനോഹരമായ മേഘങ്ങളിലും സന്തോഷിക്കുക" എന്ന് കുറിച്ച റോസയുടെ പോരാട്ടം ജർമ്മൻ സാമ്രാജ്യത്വ ഭരണകൂടം തോക്കുകൊണ്ട് ഇല്ലാതാക്കിയിട്ട് ഇന്ന് 105 വർഷം പൂർത്തിയാക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള തൊഴിലാളി വർഗ്ഗ വിപ്ലവ മുന്നേറ്റങ്ങളുടെ ആശയമൂർച്ചയായും പോരാട്ടങ്ങളുടെ പ്രതിരൂപമായും റോസ ജീവിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com