'സ്‌പെക്ട്രോസ്‌കോപ്പ് വാങ്ങി തരൂ, ഇന്ത്യയിലേക്ക് നൊബേല്‍ കൊണ്ടുവരാം'

അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കേണ്ട നൊബേല്‍ സമ്മാന വേദിയില്‍ വച്ച് പൊട്ടിക്കരഞ്ഞ് സി വി രാമന്‍ ലോകത്തെ തന്നെ ഞെട്ടിച്ചു
'സ്‌പെക്ട്രോസ്‌കോപ്പ് വാങ്ങി തരൂ, ഇന്ത്യയിലേക്ക് നൊബേല്‍ കൊണ്ടുവരാം'

അന്ധവിശ്വാസവും അശാസ്ത്രീയതയും രാജ്യത്തുടനീളം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുമ്പോള്‍ സി വി രാമന്‍ എന്ന പേരിന് പ്രസക്തിയേറെയാണ്. ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയം, പശുവില്‍ നിന്ന് ഓക്‌സിജന്‍ എന്നിങ്ങനെയുള്ള 'കണ്ടുപിടുത്തങ്ങളു'മായി രാജ്യം ലോകത്തിന് മുന്നില്‍ അപമാനിതരാകുമ്പോള്‍ ഇന്ത്യയില്‍ ആദ്യമായി ഭൗതിക നൊബേല്‍ സമ്മാനം എത്തിച്ച ചന്ദ്രശേഖര വെങ്കട്ട രാമന്‍ എന്ന സി വി രാമനെ അറിയേണ്ടതുണ്ട്.

1930 ലാണ് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് സി വി രാമന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായത്. പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലിനാണ് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്. ഈ കണ്ടെത്തല്‍ രാമന്‍ പ്രഭാവം (രാമന്‍ ഇഫക്ട്) എന്ന് അറിയപ്പെട്ടു. അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കേണ്ട നൊബേല്‍ സമ്മാന വേദിയില്‍ വച്ച് പൊട്ടിക്കരഞ്ഞ് സി വി രാമന്‍ ലോകത്തെ തന്നെ ഞെട്ടിച്ചു. മറ്റ് ജേതാക്കള്‍ തങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്ക് മുന്നില്‍ നിവര്‍ന്ന് നിന്നപ്പോള്‍ തന്റെ രാജ്യത്തിന് സ്വന്തമായി ഒരു പതാകയില്ലാതെ, ബ്രിട്ടീഷ് പതാകയുടെ കീഴില്‍ നിന്നതാണ് അദ്ദേഹത്തിന്റെ ഹൃദയം തകര്‍ത്തത്.

16-ാം വയസ്സില്‍ ആദ്യ പ്രബന്ധം

1888 നവംബര്‍ ഏഴിന് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ചന്ദ്രശേഖര അയ്യരുടെയും പാര്‍വതി അമ്മാളുടെയും എട്ട് മക്കളില്‍ രണ്ടാമനായാണ് സി വി രാമന്‍ ജനിച്ചത്. ഗണിത ശാസ്ത്രാധ്യാപകനായിരുന്നു അച്ഛന്‍ ചന്ദ്രശേഖര അയ്യര്‍. സ്‌കൂള്‍ പഠനകാലത്ത് അത്ഭുത വിദ്യാര്‍ഥിയായിരുന്നു രാമന്‍. പരീക്ഷകളില്‍ നിരവധി സമ്മാനങ്ങളും സ്‌കോളര്‍ഷിപ്പുകളും അദ്ദേഹം നേടി. കുട്ടിയായിരിക്കെ സ്വന്തമായി ഡൈനാമോ നിര്‍മ്മിച്ചാണ് തന്റെയുള്ളിലെ ശാസ്ത്രജ്ഞനെ അദ്ദേഹം ആദ്യമായി പുറംലോകത്തെ അറിയിച്ചത്. മെട്രിക്കുലേഷനും ഇന്റര്‍മീഡിയറ്റും രാമന്‍ ഒന്നാമതായിത്തന്നെ പാസ്സായി. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ രാമനെ നിരന്തരം അലട്ടിയിരുന്നു.

1903 ല്‍ പ്രസിഡന്‍സി കോളേജില്‍ ബിരുദപഠനത്തിനെത്തുന്നത് 13-ാമത്തെ വയസ്സിലായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ 16-ാം വയസ്സില്‍ ഫിലസോഫിക്കല്‍ മാഗസിനില്‍ അദ്ദേഹത്തിന്റെ രണ്ട് പ്രബന്ധം പ്രസിദ്ധീകരിച്ചു. ഒബ്ലിഗ് ഡൈഫ്രാക്ഷന്‍ എന്ന വിഷയത്തിലായിരുന്നു പ്രബന്ധം. അന്ന് ഫിലസോഫിക്കല്‍ മാഗസിന്റെ എഡിറ്ററായിരുന്ന ലോര്‍ഡ് കെല്‍വിന്‍, രാമന് അയച്ച മറുപടിക്കത്തില്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തത് 'ഡിയര്‍ പ്രൊഫ. രാമന്‍' എന്നായിരുന്നു. വെറും 16കാരനായ ഒരു വിദ്യാര്‍ത്ഥിയാണ് ഈ പ്രബന്ധത്തിന്റെ സ്രഷ്ടാവെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരിക്കില്ല.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ വിദേശത്ത് പോയി ബിരുദാനന്തരപഠനം നടത്താന്‍ സി വി രാമന് സാധിച്ചില്ല. അദ്ദേഹം ബിരുദാനന്തര ബിരുദവും നേടിയത് മദ്രാസ് പ്രസിഡന്‍സി കോളേജിലാണ്. അന്നത്തെ കാലത്ത് ഗവേഷണം നടത്താന്‍ ഇംഗ്ലണ്ടില്‍ പോകണമെന്നതിനാല്‍ ആ ആഗ്രഹം നടന്നില്ല. ഇന്ത്യയില്‍ ഗവേഷണങ്ങള്‍ക്കുള്ള സാഹചര്യം അക്കാലത്ത് ഉണ്ടായിരുന്നുമില്ല. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് എന്ന മോഹവും ഈ കാരണത്താല്‍ ഉപേക്ഷിക്കേണ്ടി വന്നു. അക്കാലത്ത് ഐഎഎസ് പഠിക്കണമെങ്കിലും ഇംഗ്ലണ്ടില്‍ പോകണമായിരുന്നു. പിന്നീട് രാമന്‍ ശ്രമിച്ചത് ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വ്വീസിനാണ്. ഇതില്‍ അദ്ദേഹം വിജയിച്ചു. 1907 ജൂണില്‍ 18ാം വയസ്സില്‍ ജൂനിയര്‍ അക്കൗണ്ടന്റ് ജനറലായി കൊല്‍ക്കത്തയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ശിവന്റെ വീട്ടിലെത്തിയ രാമനെ എതിരേറ്റത് ലോകസുന്ദരിയുടെ വീണ വായനയാണ്. രാമാ നീ സമാനാ ഏവരോ (രാമാ നിനക്ക് തുല്യമായി ആരുണ്ട് ) എന്ന ത്യാഗരാജ കൃതി ആ ജീവിതത്തിലേക്ക് രാമനുള്ള ക്ഷണമാകുകയായിരുന്നു. വിവാഹിതനായ ഓഫീസര്‍ക്ക് ലഭിക്കുന്ന 150 രൂപ അധിക അലവന്‍സ് ലഭിക്കാനാണ് രാമന്‍ ജോലിക്ക് പ്രവേശിക്കും മുമ്പ് വിവാഹം ചെയ്തതെന്ന് ലോകസുന്ദരി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

രാമാ നീ സമാനാ ഏവരോ...

ജോലി ലഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം പ്രണയിനിയായ ലോകസുന്ദരി അമ്മാളെ വിവാഹം ചെയ്തു. നടപ്പ് രീതിയില്‍ നിന്ന് വിഭിന്നമായി തന്റെ പങ്കാളിയെ രാമന്‍ തന്നെ കണ്ടെത്തിയത് വലിയ വിപ്ലവമായിരുന്നു, പ്രത്യേകിച്ച് സി വി രാമന്‍ ബ്രാഹ്‌മണനും ലോകസുന്ദരി മറ്റൊരു ജാതിയില്‍പ്പെട്ടവളുമായിരിക്കെ. അമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനിടയിലും അച്ഛന്റെ പിന്തുണയോടെയായിരുന്നു വിവാഹം.

സുഹൃത്ത് രാമസ്വാമി ശിവന്റെ ഭാര്യയുടെ അനിയത്തിയാണ് ലോകസുന്ദരി. ശിവന്റെ വീട്ടിലെത്തിയ രാമനെ എതിരേറ്റത് ലോകസുന്ദരിയുടെ വീണ വായനയാണ്. രാമാ നീ സമാനാ ഏവരോ (രാമാ നിനക്ക് തുല്യമായി ആരുണ്ട് ) എന്ന ത്യാഗരാജ കൃതി ആ ജീവിതത്തിലേക്ക് രാമനുള്ള ക്ഷണമാകുകയായിരുന്നു. വിവാഹിതനായ ഓഫീസര്‍ക്ക് ലഭിക്കുന്ന 150 രൂപ അധിക അലവന്‍സ് ലഭിക്കാനാണ് രാമന്‍ ജോലിക്ക് പ്രവേശിക്കും മുമ്പ് വിവാഹം ചെയ്തതെന്ന് ലോകസുന്ദരി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

കൊല്‍ക്കത്തയിലെ ഗവേഷണ കാലം

ജോലിക്കിടയിലും അദ്ദേഹം തന്റെ ഭൗതികശാസ്ത്ര പഠനവും ഗവേഷണവും തുടര്‍ന്നു. കൊല്‍ക്കത്തയിലെ വാടക വീടിന് അടുത്തായിരുന്നു

ഡോ. മഹേന്ദ്ര ലാല്‍ സിര്‍ക്കാര്‍ 1876ല്‍ ആരംഭിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് എന്ന സ്ഥാപനം എന്നത് രാമന്റെ ശാസ്ത്ര പഠനത്തിന് ഗുണകരമായി. അവിടുത്തെ ലബോറട്ടറിയില്‍ ഗവേഷണം നടത്താന്‍ അദ്ദേഹം അനുവാദം വാങ്ങി. തന്റെ പതിനാറാം വയസ്സില്‍ ഫിലസോഫിക്കല്‍ മാഗസിനില്‍ രണ്ട് പ്രബന്ധം പ്രസിദ്ധീകരിച്ച ചെറുപ്പക്കാരന് ആ ഗവേഷണ കേന്ദ്രത്തിന്റെ താക്കോല്‍ ലഭിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ജോലി സമയത്തിന് മുമ്പും പിമ്പും അദ്ദേഹം മണിക്കൂറുകളോളം മെഴുകുതിരി വെളിച്ചത്തില്‍ ഗവേഷണ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ തന്നെ തുടര്‍ന്നു. ഈ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ലോക ശ്രദ്ധ നേടി തുടങ്ങിയിരുന്നു. ശ്രദ്ധേയമായ ജേണലുകളിലായി 30 പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. സി വി രാമന്‍ തന്റെ ഗവേഷണങ്ങള്‍ സംഗീതത്തിലേക്കും വ്യാപിപ്പിച്ചു. തബലയുടെയും മൃദംഗത്തിന്റെയും നാദവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.

10 വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വ്വീസ് ജീവിതം അവസാനിപ്പിച്ച് സി വി രാമന്‍ അധ്യാപക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അദ്ദേഹത്തിന് 28 വയസ്സായിരുന്നു. കല്‍ക്കത്ത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സര്‍ അഷുതോഷ് മുഖര്‍ജിയുടെ ക്ഷണപ്രകാരം സി വി രാമന്‍ കല്‍ക്കത്ത യൂണിവേഴ്സിറ്റി സയന്‍സ് കോളജില്‍ ഭൗതിക ശാസ്ത്രവിഭാഗം മേധാവിയായി ചുമതലയേറ്റു. ഫിനാന്‍സ് സര്‍വ്വീസില്‍ നിന്ന് ലഭിച്ചിരുന്നതിന്റെ പകുതി മാത്രം വരുമാനമുള്ള അധ്യാപക ജോലി തിരഞ്ഞെടുക്കുന്നതിന് രാമനെ പ്രേരിപ്പിച്ചത് ശാസ്ത്രഗവേഷണത്തോടുള്ള അടങ്ങാത്ത ആവേശമായിരുന്നു. എനിക്കൊരു സ്‌പെക്ട്രോസ്‌കോപ്പ് വാങ്ങി തരൂ, ഞാന്‍ ഇന്ത്യയിലേക്ക് നൊബേല്‍ സമ്മാനം കൊണ്ടുവരാം എന്ന് ഗവേഷണത്തിനുള്ള സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് രാമന്‍, വ്യവസായിയായ ബിര്‍ളയോട് പറഞ്ഞു. രാമന്റെ ഗവേഷണത്തോടുള്ള അഗ്രഹത്തെക്കുറിക്കുമ്പോഴെല്ലാം ഈ സംഭാഷണം പറയാതെ പോകാനാകില്ല. സി വി രാമന്‍ ഈ വാക്കുകള്‍ പിന്നീട് പ്രാവര്‍ത്തികമാക്കി എന്നത് ചരിത്രം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നിര്‍മിച്ച ഉപകരണത്തിന് വെറും മുന്നൂറ് രൂപ മാത്രമായിരുന്നു ചെലവ്.

രാമന്‍ പ്രഭാവം...

1928 ഫെബ്രുവരി 28നാണ് സി വി രാമന്‍ രാമന്‍ എഫക്ട് അഥവാ രാമന്‍ പ്രഭാവം പ്രസിദ്ധീകരിക്കുന്നത്. ഇലാസ്തികമല്ലാത്ത പ്രകാശ വികിരണങ്ങളില്‍ തന്മാത്രകളുടെ ഊര്‍ജാവസ്ഥയനുസരിച്ച് വിസരണ രശ്മികളുടെ തരംഗ ദൈര്‍ഘ്യം വ്യത്യാസപ്പെടുന്നതാണ് രാമന്‍ പ്രഭാവം. രാമന്‍ പ്രഭാവം പ്രസിദ്ധപ്പെടുത്തിയ ഫെബ്രുവരി 28നാണ് ഇന്ത്യ ശാസ്ത്ര ദിനമായി ആചരിക്കുന്നത്.

ലേസറിന്റെ കണ്ടുപിടുത്തം രാമന്‍ സ്‌പെക്ട്രോസ്‌കോപ്പിയെ വിപ്ലവാത്മകമാക്കി. വൈദ്യശാസ്ത്ര രംഗത്തും രാമന്‍ പ്രഭാവം ഉപയോഗപ്പെടുത്തുന്നുണ്ട്. സമുദ്രാടിത്തട്ടിലെ വാതക നിക്ഷേപം തിരിച്ചറിയാനും രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി പ്രയോജനകരമാണ്. തന്റെ ഫോട്ടോണ്‍ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതാണ് രാമന്‍ പ്രഭാവമെന്ന് അഭിപ്രായപ്പെട്ടത് സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. ഐന്‍സ്റ്റീനെ ഏറെ ബഹുമാനിക്കുകയും പിതാവിന് തുല്യമായി കാണുകയും ചെയ്തിരുന്ന രാമന്‍, അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് തല മുണ്ഡനം ചെയ്തിരുന്നു.

1970ല്‍ 82-ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളൊന്നുമില്ലാതെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു, ജീവിതകാലം മുഴുവന്‍ ഗവേഷണത്തിനായി മാറ്റി വച്ച ആ ശാസ്ത്രജ്ഞന്റെ സംസ്‌കാരം.

രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

1933ല്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായി സി വി രാമന്‍ ചുമതലയേറ്റു. ഇതോടെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ, ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി അദ്ദേഹം. കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളുരുവിലേക്ക് അദ്ദേഹം താമസം മാറി. 1947ല്‍ നാഷണല്‍ പ്രൊഫസര്‍ എന്ന വിശിഷ്ട അംഗീകാരം അദ്ദേഹത്തെ തേടിയെത്തി. ഭാരത രത്‌നം നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞന്‍ കൂടിയാണ് അദ്ദേഹം. 1954ല്‍ ആണ് അദ്ദേഹത്തിന് ഭാരത രത്‌നം സമ്മാനിച്ചത്. 1948ല്‍ ഇന്ത്യന്‍ ഇന്‍സിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് വിരമിച്ച അദ്ദേഹം ബെംഗളുരുവില്‍ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മൈസൂര്‍ രാജാവ് സൗജന്യമായി നല്‍കിയ 11 ഏക്കര്‍ സ്ഥലത്താണ് അദ്ദേഹം രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പടുത്തുയര്‍ത്തിയത്.

1970ല്‍ 82-ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളൊന്നുമില്ലാതെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു, ജീവിതകാലം മുഴുവന്‍ ഗവേഷണത്തിനായി മാറ്റി വച്ച ആ ശാസ്ത്രജ്ഞന്റെ സംസ്‌കാരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com