ഗതാഗത നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്

കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ 27,969 ഗതാഗത നിയമലംഘനങ്ങളാണ് സുരക്ഷാ സേന കണ്ടെത്തിയത്

ഗതാഗത നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്
dot image

കുവൈത്തില്‍ ഗതാഗത നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ഒരാഴ്ചക്കിടെ 28,000ത്തോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിന് ശക്തമായ നടപടിയാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി രാജ്യ വ്യാപകയമായി പരിശോധനയും ശക്തമാണ്.

കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ 27,969 ഗതാഗത നിയമലംഘനങ്ങളാണ് സുരക്ഷാ സേന കണ്ടെത്തിയത്. ഇതില്‍ 25,653 കേസുകള്‍ ട്രാഫിക് വിഭാഗവും 2,316 കേസുകള്‍ റെസ്‌ക്യൂ വിഭാഗവുമാണ് രജിസ്റ്റര്‍ ചെയ്തത്. നിയമ ലംഘകരായ നിരവധി ആളുകളും അറസ്റ്റിലായി. ഗുരുതരമായ നിയമലംഘനം നടത്തിയ 45 പേരെ ജയിലില്‍ അടച്ചതായും അധികൃതര്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ച 25 കുട്ടികളെ തുടര്‍ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 333 കാറുകളും 25 മോട്ടോര്‍ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമലംഘകര്‍ക്ക് പുറമെ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായവര്‍, താമസനിയമം ലംഘിച്ചവര്‍, കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവര്‍ എന്നിവരടക്കം നിരവധി പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 1,200 ഓളം അപകടങ്ങളും രാജ്യത്ത് ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 178 അപകടങ്ങള്‍ പരിക്കിന് കാരണമായതായും അധികൃതര്‍ അറിയിച്ചു.

ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും നിയമ ലംഘകര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ഗതാഗതാ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് അത്യാധുനിക ക്യാമകളുടെ സഹായത്തോടെയുള്ള പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

Content Highlights: Kuwait has strengthened enforcement against traffic law violators by intensifying inspections and imposing stricter penalties. Authorities said the move aims to improve road safety, reduce accidents, and ensure better compliance with traffic regulations across the country.

dot image
To advertise here,contact us
dot image