
ബഹ്റൈനിലെ പരസ്യ മേഖലയില്‍ പരിഷ്കരണവുമായി അധികൃതര്‍. അനധികൃതമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ നല്‍കുന്നവര്‍ പിഴക്ക് പുറമെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. ഇത് സംബന്ധിച്ച കരട് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 1973ലെ പരസ്യ നിയമത്തില്‍ സുപ്രധാനമായ ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് പുതിയ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്.
പരസ്യ മേഖലയിലെ മേല്‍നോട്ടം കാര്യക്ഷമമാക്കാനും നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള കരട് നിയമമാണ് സര്‍ക്കാര്‍ പാര്‍ലമെന്റിന് കൈമറിയത്. തെറ്റിദ്ധരിപ്പിക്കുന്നതോ അനധികൃതമായതോ ആയ പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കരട് നിയമത്തില്‍ പറയുന്നു.
ലൈസന്‍സ് ഇല്ലാതെ പരസ്യം ചെയ്യുകയോ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുകയോ, അനുമതികള്‍ നേടുന്നതിന് തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുകയോ ചെയ്യുവരും കടുത്ത നടപടി നേരിടണ്ടി വരും. 1,000 ദീനാര്‍ മുതല്‍ 20,000 ദീനാര്‍ വരെ പിഴയും തടവുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. നിയമ ലംഘനങ്ങളുടെ തോതനുസരിച്ച് ശിക്ഷയുടെ കാഠിന്യവും വര്‍ദ്ധിക്കും.
ലൈസന്‍സുള്ള പരസ്യ ബോര്‍ഡുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ വികൃതമാക്കുകയോ ചെയ്യുന്നവര്‍ക്കുള്ള പിഴ ആയിരം ദിനാര്‍ ആയി വര്‍ദ്ധിപ്പിക്കണമെന്നും കരട് നിയമത്തില്‍ പറയുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് കമ്മിറ്റി പൂര്‍ണമായി അംഗീകരിച്ചിട്ടുണ്ട്. കരട് നിയമം ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേ ദിവസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പരസ്യ മേഖലയിലെ ദോഷകരമായ പ്രവണതകള്‍ ഒഴിവാക്കുന്നതിനും കാര്യക്ഷമവും സുതാര്യവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും പുതിയ നിയമത്തിലൂടെ കഴിയുമെന്ന് പാര്‍ലമെന്റ് പൊതു യൂട്ടിലിറ്റീസ് ആന്‍ഡ് എന്‍വയോണ്‍മെന്റ് അഫയേഴ്സ് കമ്മിറ്റി വ്യക്തമാക്കി.
Content Highlights: Authorities are reforming the advertising sector in Bahrain