കാഴ്ച വൈകല്യമുളളവര്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍; പുറത്തിറക്കി ഷാര്‍ജ ഇസ്ലാമിക് ബാങ്ക്

കാഴ്ച പരിമിതിയുളളവര്‍ക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ എല്ലാ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്
കാഴ്ച വൈകല്യമുളളവര്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍; പുറത്തിറക്കി ഷാര്‍ജ ഇസ്ലാമിക് ബാങ്ക്

അബുദബി: ഷാര്‍ജ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഇസ്ലാമിക് ബാങ്ക് കാഴ്ച വൈകല്യമുളളവര്‍ക്കായി പുതിയ മൊബെല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കാഴ്ച പരിമിതിയുളളവര്‍ക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ എല്ലാ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്ക് കാഴ്ച വൈകല്യമുളളവര്‍ക്കായി നേരത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു. എന്നാല്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആപ്പ് പിന്‍വലിക്കുകയായിരുന്നു. അതിന്റെ എല്ലാ പോരായ്മകളും പരിഹരിച്ചുകൊണ്ടാണ് പുതിയ മൊബൈല്‍ ആബ്ലിക്കേഷന്‍ ഷാര്‍ജ ഇസ്ലാമിക് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.

ആപ്പ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാഴ്ച പരിമിതിയുളള നിരവധി ആളുകളുമായി ബാങ്കിന്റെ ഡിജിറ്റല്‍ വിഭാഗം നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് പുതിയ ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതെന്ന് ഷാര്‍ജ ഇസ്ലാമിക് ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി വലീദ് അല്‍ അമൂദി പറഞ്ഞു.

കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് പരിശോധന, പണം കൈമാറ്റം ഉള്‍പ്പെടെ എല്ലാ ഇടപാടുകളും നടത്താന്‍ കഴിയുന്നതാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ഓണ്‍ലൈന്‍ ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനൊപ്പം സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com