യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം; കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടു

അടുത്ത മാസം മുതല്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കുളള നിരോധനം നിലവില്‍ വരുമെങ്കിലും നാല് മാസം പിഴ ചുമത്തില്ല
 യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം;  കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടു

അബുദബി: യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഊര്‍ജ്ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി. അടുത്ത മാസം മുതല്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കുളള നിരോധനം നിലവില്‍ വരുമെങ്കിലും നാല് മാസം പിഴ ചുമത്തില്ല. വാഹനങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനാണ് നാല് മാസത്തെ സമയപരിധി അനുവദിച്ചിരിക്കുന്നത്.

ഈ മാസം നാലിനാണ് ഭാരമേറിയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം യുഎഇ പ്രഖ്യാപിച്ചത്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പരമാവധി 65 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് മാത്രമാകും അടുത്ത മാസം ഒന്ന് മുതല്‍ യുഎഇയിലെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ അനുമതി ഉണ്ടാവുക. ഒന്നാം തീയതി മുതല്‍ നിരോധനം നിലവില്‍ വരുമെങ്കിലും നാലുമാസം വാഹനങ്ങള്‍ക്ക് ഗ്രേസ് കാലയളവ് അനുവദിക്കും.

ഫെബ്രുവരി ഒന്നുമുതലാകും പിഴയുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. അതിനുള്ളില്‍ വാഹനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. രാജ്യത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 28 ശതമാനം ട്രക്കുകളും നിരോധനത്തിന്റെ പരിധിയില്‍ വരും. രാജ്യത്തെ ചരക്ക് നീക്കം സുഗമമാക്കുന്നതിനൊപ്പം റോഡുകളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന്റെ കൂടി ഭാഗമായിട്ടാണ് തീരുമാനമെന്ന് ഊര്‍ജ്ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖല ലോകത്തെ തന്നെ ഏറ്റവും മികച്ചതായി നിലനിര്‍ത്താന്‍ ഉദ്ദേശിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യാതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്നതുള്‍പ്പടെയുളള ഒന്നര ലക്ഷം ട്രക്കുകള്‍ നിയമത്തിന്റെ പരിധിയില്‍ വരും. അതേസമയം സുരക്ഷാ സേന, പൊലീസ്, സിവില്‍ ഡിഫന്‍സ് അതോറിറ്റി എന്നിവരുടെ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. വാഹനങ്ങളുടെ നീളം, വലിപ്പം എന്നിവക്കൊപ്പം പിഴയുടെ വിശദാംശങ്ങളും ഉടന്‍ പ്രഖ്യാപിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com