ആരാധകര്‍ 'ചെവിക്കു പിടിച്ചു'; നിലപാട് മാറ്റി മെസിയെ സ്വാഗതം ചെയ്തു ലാപോര്‍ട്ട
കഴിഞ്ഞ ദിവസമാണ് മെസി തങ്ങളുടെ പദ്ധതിയില്‍ ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരുന്നതിനേക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ലാപ്പോര്‍ട്ട പറഞ്ഞത്.
3 April 2022 11:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇതിഹാസ താരം ലയണല്‍ മെസിയെ തിരികെക്കൊണ്ടു വരില്ലെന്ന പ്രഖ്യാപനം സ്പാനിഷ് ക്ലബ് ബാഴ്സലോണ പ്രസിഡന്റ് യൊഹാന്‍ ലാപ്പോര്ട്ടയ്ക്കു വിഴുങ്ങേണ്ടി വന്നു. 'മെസി ഞങ്ങളുടെ ചിന്തകളില്‍ ഇല്ല' എന്നു വ്യക്തമാക്കി ഒരാഴ്ച പിന്നിടും മുമ്പേ ആരാധ രോഷം കാരണം ലാപ്പോര്‍ട്ട മലക്കം മറിഞ്ഞു.
മെസിക്ക് ഇഷ്ടമുള്ള ഏതു സമയത്തും ക്ലബിന്റെ വാതിലുകള്‍ അദ്ദേഹത്തിനായി തുറന്നു കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ''മെസിക്കു മുന്നില്‍ ബാഴ്സയുടെ വാതിലുകള്‍ എന്നും തുറന്നുതന്നെ കിടക്കും. ബാഴ്സയിലേക്കു തിരിച്ചു വരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാം. ഞാനതില്‍ വളരെയേറെ ആഹ്ളാദിക്കുന്നു''- ലാപ്പോര്‍ട്ട പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മെസി തങ്ങളുടെ പദ്ധതിയില്‍ ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരുന്നതിനേക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ലാപ്പോര്‍ട്ട പറഞ്ഞത്.
''മെസിയെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഞങ്ങളിപ്പോള്‍ ആലോചിക്കുന്നില്ല. മെസി ഇവിടം വിടുന്നതിനു മുന്‍പുണ്ടായിരുന്ന പോലെയുള്ള ആശയവിനിമയം ഇപ്പോള്‍ ഞങ്ങള്‍ തമ്മിലില്ല. മെസി ക്ലബ് വിട്ടത് സ്പോര്‍ട്സ് തലത്തില്‍ മാത്രമല്ല, വ്യക്തിപരമായും കുടുംബപരമായും എനിക്ക് മോശമായ അനുഭവം നല്കി. ഇപ്പോള്‍ യുവതാരങ്ങളെയും പരിചയസമ്പന്നരായ താരങ്ങളെയും വെച്ച് ഞങ്ങള്‍ പുതിയൊരു ടീമിനെ നിര്‍മിക്കുകയാണ്. അതു നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്''- എന്നായിരുന്നു ലാപോര്‍ട്ടയുടെ വാക്കുകള്‍.
സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ബാഴ്സലോണയ്ക്ക് കഴിയാതെ പോയതോടെയാണ് താരം ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്കു പോയത്. പിന്നീട് മെസിയുടെ ഉറ്റ സുഹൃത്തായ ചാവി ഹെര്‍ണാണ്ടസ് ബാഴ്സയുടെ പരിശീലകനായി എത്തിയതോടെ മെസി തിരിച്ചുവരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പുതിയൊരു ടീമിനെ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് കാറ്റലന്‍ ക്ലബെന്നും മെസിയെ തിരികെക്കൊണ്ടു വരുന്ന കാര്യം ചിന്തയില്പ്പോലുമില്ലെന്നും വ്യക്തമാക്കി ലാപ്പോര്‍ട്ട വാതിലുകള്‍ കൊട്ടിയടയ്ക്കുകയായിരുന്നു.
എന്നാല്‍ ക്ലബ് പ്രസിഡന്റിന്റെ ഈ വാക്കുകള്‍ വലിയ ആരാധക രോഷത്തിനാണ് കാരണമായത്. ആരാധകര്‍ ഒന്നടങ്കം പ്രസിഡന്റിനെതിരേ തിരിയുകയും ചെയ്തു. ഇതിനു പിന്നാലെ മെസിയെ ടീമില്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നു വ്യക്തമാക്കി ടീമംഗങ്ങളായ സെര്‍ജിയോ ബുസ്കറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവരും പരസ്യമായി രംഗത്തെത്തിയതോടെയാണ് ലാപ്പോര്ട്ടയ്ക്കു പറഞ്ഞ വാക്കുകള്‍ വിഴുങ്ങേണ്ടി വന്നത്.