
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻ ക്ലബ്ബായ യുവന്റസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. റൊണാൾഡോയുമായി ക്ലബുണ്ടാക്കിയ ധാരണ പ്രകാരമുള്ള വേതന തുക ലഭിക്കാത്തതിനെ തുടർന്നാണ് താരം നിയമനടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 2020-21 സീസണിൽ കൊവിഡിന്റെ സാഹചര്യത്തിൽ താരത്തിന്റെ വേതനം ക്ലബ് വെട്ടിക്കുറച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ 19.9 ദശലക്ഷം യൂറോ യുവന്റസ് റൊണാൾഡോയ്ക്ക് നൽകാനുണ്ടെന്നാണ് സൂചന.
റയൽ മാഡ്രിഡ് വിട്ടതിന് ശേഷം 2018ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലെത്തുന്നത്. യുവന്റസ് കുപ്പായമണിഞ്ഞ മൂന്ന് വർഷങ്ങൾ റോണോയ്ക്ക് മികച്ച സമയമായിരുന്നില്ല. 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകളാണ് യുവന്റസിന് വേണ്ടി താരം അടിച്ചുകൂട്ടിയത്. രണ്ട് സീരി എ കിരീടങ്ങളും കോപ്പ ഇറ്റാലിയ ട്രോഫിയും റോണോ ഓൾഡ് ലേഡിക്ക് വേണ്ടി നേടിക്കൊടുത്തു. പിന്നീട് 2021ലാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്.
അതേസമയം അർജന്റൈൻ സൂപ്പർ താരം പൗലോ ഡിബാലെക്കും യുവന്റസിൽ സമാന അനുഭവമുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഡിബാലെയ്ക്ക് നൽകാനുള്ള മൂന്ന് മില്ല്യൺ യൂറോ നൽകി പ്രശ്നം പരിഹരിക്കുകയാണ് യുവന്റസ് ചെയ്തതെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.