
May 24, 2025
02:23 PM
ലണ്ടന്‍: ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്ഡേഴ്സന് ക്ലബ്ബ് വിടുന്നു. സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഫാഖിലേക്കാണ് കൂടുമാറ്റം. 13 ദശലക്ഷം പൗണ്ടിന്റെ കരാറിലാണ് താരം സൗദിയിലേക്ക് ചേക്കേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിവര്‍പൂളിലെ 12 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ലിവര്‍പൂളിന്റെ ഹോം സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ ചിത്രീകരിച്ച വീഡിയോക്കൊപ്പം വൈകാരിക സന്ദേശവും ഹെന്ഡേഴ്സന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'ഈ കഴിഞ്ഞ 12 വര്‍ഷത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കുകയെന്നത് പ്രയാസമാണ്. വിടപറയുന്നത് അതിലും പ്രയാസമാണ്. മരിക്കുന്ന ദിവസം വരെ ഞാന്‍ ചുവപ്പ് തന്നെയായിരിക്കും', ഹെന്ഡേഴ്സന് കുറിച്ചു. 'എല്ലാത്തിനും നന്ദി, നിങ്ങള്‍ ഒരിക്കലും തനിച്ച് നടക്കേണ്ടി വരില്ല', അദ്ദേഹം ആരാധകരോടായി പറഞ്ഞു.
2011ലാണ് ഹെന്ഡേഴ്സന് ലിവര്‍പൂളിന്റെ ഭാഗമാകുന്നത്. സണ്ടര്‍ലാന്‍ഡില്‍ നിന്ന് ആന്ഫീല്ഡിലെത്തിയ താരം 492 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളും 61 അസിസ്റ്റുകളും നേടി. 30 വര്‍ഷത്തിനിടെ ആദ്യമായി ലിവര്‍പൂള്‍ 2020ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയത് ഹെന്‍ഡേഴ്സന്റെ നായകത്വത്തിലായിരുന്നു. എഫ്എ കപ്പ്, ലീഗ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ എന്നിവയിലേക്ക് ലിവര്‍പൂളിനെ നയിച്ചതും ഈ ഇംഗ്ലണ്ട് ഇന്റര്‍നാഷണലാണ്.