

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ സിനിമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ കാർത്തിയുടെ മകളായി അഭിനയിച്ച ബേബി മോണിക്ക തന്റെ ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആരാധകരുടെ പരാതികൾ കൊണ്ട് നിറയുകയാണ്.
ദില്ലിയുടെ മകൾ വളർന്ന് വലുതായിട്ടും സിനിമയുടെ രണ്ടാം ഭാഗം എന്തുകൊണ്ട് വരുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം. വളരെ കാലങ്ങളായി കൈതി 2 വിനായി കാത്തിരിക്കുകയാണ് എന്നാൽ സിനിമയുടെ ഒരു അപ്‌ഡേറ്റും ഇല്ല എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. അതേസമയം, പ്രതിഫലത്തിനെക്കുറിച്ചുള്ള ചർച്ചകളെ തുടർന്നാണ് കൈതി 2 വൈകാൻ കാരണമെന്നാണ് മറ്റൊരു വാദം. നിലവിൽ തമിഴിൽ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള സിനിമയാണ് കൈതി 2 . നേരത്തെ ചിത്രം ഈ വർഷം ഷൂട്ട് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നിലവിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ലോകേഷ് കനകരാജ്. ഒരു പക്കാ ആക്ഷൻ വയലെന്റ് സിനിമയാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. രക്തത്തിൽ കുളിച്ച് നടന്നുവരുന്ന ലോകേഷ് കനകരാജിനെയും വാമിക ഗബ്ബിയെയുമാണ് ഈ ടീസറിൽ കാണാനാകുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്.
സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം മുഴുവനായി പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഒരു ആക്ഷൻ ചിത്രമായി ആണ് സിനിമ ഒരുങ്ങുന്നതെന്ന് എന്നാണ് സൂചന. സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്‍ഷല്‍ ആർട്സ് പഠിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. 2026 സമ്മറിൽ സിനിമ പുറത്തിറങ്ങും. ഈ സിനിമയ്ക്ക് ശേഷമാകും കൈതി 2 ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: No updates on Kaithi 2 says fans