
രാജ്‌കുമാർ റാവു, വാമിഖ ഗബ്ബി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കരണ്‍ ശര്‍മ സംവിധാനം ചെയ്ത സിനിമയാണ് ‘ഭൂല്‍ ചുക് മാഫ്’. ഫാന്റസി കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയുടെ ട്രെയ്‌ലറിനും ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം മെയ് 9 നാണ് തിയേറ്ററിൽ റിലീസ് ചെയ്യാനിരുന്നത്. എന്നാൽ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതില്‍ നിന്നും പിന്മാറിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
ചിത്രം ഒടിടിയിലൂടെ സ്ട്രീം ചെയ്യുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍മാതാക്കളുടെ ഈ തീരുമാനം. തിയേറ്ററുകളില്‍ സിനിമ ആഘോഷമാക്കാന്‍ കാത്തിരുന്നതാണ്, പക്ഷേ നിലവില്‍ രാജ്യത്തിനാണ് പ്രാധാന്യം എന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ മഡോക്ക് ഫിലിംസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
മെയ് 16ന് സിനിമ ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും.
‘സമീപകാല സംഭവങ്ങളുടെയും രാജ്യത്തുടനീളമുള്ള സുരക്ഷാ പരിശോധനകളുടെയും വെളിച്ചത്തിൽ, മഡോക് ഫിലിംസും ആമസോണ്‍ എംജിഎം സ്റ്റുഡിയോസും 'ഭൂല്‍ ചുക് മാഫ്' നിങ്ങളുടെ വീട്ടിലേക്ക് നേരിട്ട് എത്തിക്കാന്‍ തീരുമാനിച്ചു. ചിത്രം ലോകമെമ്പാടും മെയ് 16 മുതൽ പ്രൈം വീഡിയോയില്‍ ലഭ്യമാകും. തിയേറ്ററുകളില്‍ സിനിമ ആഘോഷമാക്കാന്‍ കാത്തിരുന്നതാണ്, പക്ഷേ നിലവില്‍ രാജ്യത്തിനാണ് പ്രാധാന്യം. ജയ് ഹിന്ദ്,' മാഡോക് ഫിലിംസ് അറിയിച്ചു.
ഹൈദർ റിസ്‌വി, കരൺ ശർമ്മ എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ സീമ പഹ്വ, സഞ്ജയ് മിശ്ര, രഘുബിര്‍ യാദവ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഇന്ത്യയുടെ ആക്രമണം. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഇതിന് പിന്നാലെ ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പാകിസ്ഥാനും പ്രത്യാക്രമണം നടത്തിയിട്ടുണ്ട്.
Content Highlights: Rajkumar Rao film skip theatrical release will stream on OTT