കേരളത്തില്‍ ജയിച്ചോ റെട്രോ?, ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്ത്

കാര്‍ത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ കേരളത്തിലും റെട്രോയ്ക്ക് ഹൈപ്പ് ഉയര്‍ത്താനായിരുന്നു.

dot image

മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ സൂര്യാ ചിത്രം റെട്രോ സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കുന്നത്. സിനിമ വ്യത്യസ്തമായ കഥ പറച്ചിലാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് ഒരു വിഭാഗം പറയുമ്പോള്‍ കൈവിട്ടുപോയ കഥയെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം.

കാര്‍ത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ സിനിമയ്ക്ക് കേരളത്തിലും റിലീസിന് മുന്‍പ് ഹൈപ്പ് ഉയര്‍ത്താനായിരുന്നു. ഇപ്പോള്‍ സിനിമയുടെ കേരളത്തിലെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2.5 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

റെട്രോ ആദ്യദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 20.08 കോടി നേടിയതായാണ് സാല്‍ക്‌നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.സൂര്യയുടെ മുന്‍ചിത്രമായ കങ്കുവയെക്കാള്‍ റെട്രോയ്ക്ക് കളക്ഷന്‍ കുറവാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കങ്കുവ ആദ്യദിനത്തില്‍ 22 കോടിയാണ് നേടിയിരുന്നത്.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

നെറ്റ്ഫ്‌ലിക്‌സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവര്‍ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോര്‍ഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Retro first day collection in Kerala

dot image
To advertise here,contact us
dot image