ഷൈനിലേക്കും ശ്രീനാഥ് ഭാസിയിലേക്കും മാത്രം ഫോക്കസ് പോകരുത്, ടെക്‌നീഷ്യൻസും ലഹരി ഉപയോഗിക്കാറുണ്ട്: കമൽ

'ഷൈൻ ട്രീറ്റ്മെൻ്റ് അർഹിക്കുന്ന സമയമായിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്'

dot image

സിനിമയിൽ ആർട്ടിസ്റ്റുകൾ മാത്രമല്ല നിരവധി ടെക്‌നീഷ്യൻസും ലഹരി ഉപയോഗിക്കാറുണ്ടെന്ന് സംവിധായകൻ കമൽ. പല സെറ്റുകളിലും ഗ്രൂപ്പ് ആയി ആർട്ടിസ്റ്റുകളും ടെക്‌നിഷ്യൻസും ലഹരി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഒരു ഡിസിപ്ലിൻ ഇല്ലായ്മ സിനിമയിൽ ഉണ്ട്. എന്ത് പ്രശ്നം വന്നാലും ഷൈൻ ടോം ചാക്കോയിലേക്കും ശ്രീനാഥ് ഭാസിയിലേക്കും മാത്രം ഫോക്കസ് പോകരുതെന്നാണ് തന്റെ അഭ്യർത്ഥനയെന്നും കമൽ കൂട്ടിച്ചേർത്തു. ഷൈൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ആളാണോയെന്ന് തനിക്ക് അറിയില്ലെന്നും തന്റെ സാന്നിധ്യത്തിലോ സെറ്റിലോ അത്തരം കാര്യങ്ങൾ നടന്നിട്ടില്ലെന്നും കമൽ റിപ്പോർട്ടറിനോട് പറഞ്ഞു.

'ഷൈനിനെപ്പറ്റി ഒരുപാട് ആരോപണങ്ങൾ നേരത്തെയും കേട്ടിട്ടുണ്ട്. ഷൈൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ആളാണോയെന്ന് എനിക്ക് അറിയില്ല, ഞാൻ കണ്ടിട്ടില്ല. എന്റെ സാന്നിധ്യത്തിലോ എന്റെ സെറ്റിലോ അത്തരം കാര്യങ്ങൾ നടന്നിട്ടില്ല. പക്ഷെ പുറത്തുനിന്ന് നമ്മൾ ഇത്തരം ന്യൂസ് കേൾക്കുന്നുണ്ട്. അതുകൊണ്ട് അത് സത്യമായിരിക്കും. കഴിഞ്ഞ കുറച്ച് കാലമായി സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ട്. ആർട്ടിസ്റ്റുകൾ മാത്രമല്ല ഒരുപാട് ടെക്‌നീഷ്യൻസും ലഹരി ഉപയോഗിക്കുന്നുണ്ട്. അതും അന്വേഷണത്തിന്റെ പരിധിയിൽ വരണം. എന്ത് പ്രശ്നം വന്നാലും ഷൈൻ ടോം ചാക്കോയിലേക്കും ശ്രീനാഥ് ഭാസിയിലേക്കും മാത്രം ഫോക്കസ് പോകരുതെന്നാണ് എന്റെ അഭ്യർത്ഥന.

പല സെറ്റുകളിലും ഗ്രൂപ്പ് ആയി ആർട്ടിസ്റ്റുകളും ടെക്‌നിഷ്യൻസും ലഹരി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഒരു ഡിസിപ്ലിൻ ഇല്ലായ്മ സിനിമയിൽ ഉണ്ട്. അതിനെപ്പറ്റി ഫെഫ്കയ്ക്കും അറിയാം. അവർ അത് സീരിയസ് ആയി കണ്ട് മുന്നോട്ട് പോകണം. ഷൈൻ ട്രീറ്റ്മെൻ്റ് അർഹിക്കുന്ന സമയമായിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്', കമൽ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതിയുമായി വിൻ സി അലോഷ്യസ് രംഗത്തെത്തിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നൽകുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Kamal comments on Vincy Aloshious complaint against Shine Tom Chacko

dot image
To advertise here,contact us
dot image