
ബോളിവുഡ് സിനിമാ മേഖലയിലെ പ്രതിസന്ധികൾ മായുന്ന കാഴ്ചയാണ് ഏതാനും നാളുകളായി കാണാൻ സാധിക്കുന്നത്. തെന്നിന്ത്യൻ സിനിമകൾ മാത്രം വിജയം കണ്ടിരുന്നിടത്ത് 'പഠാൻ'ന്റെ വരവോടുകൂടി ബോക്സ് ഓഫീസിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. സണ്ണി ഡിയോൾ നായകനായ 'ഗദർ 2', 300 കോടി നേടിയതായാണ് പുതിയ റിപ്പോർട്ട്. വ്യാഴാഴ്ച 22 കോടി ചിത്രം സ്വന്തമാക്കിയെന്ന് സാക്നിൽക്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്ച വരെയുള്ള മുഴുവൻ കളക്ഷൻ 283.35 കോടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട്.
500 കോടിയിലധികം സ്വന്തമാക്കിയ ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ, പഠാനുമായി മത്സരിക്കാനുള്ള സാധ്യതകളാണ് പുതിയ കളക്ഷൻ റിപ്പോർട്ടുകളിലൂടെ ലഭിക്കുന്ന സൂചന. ഓഗസ്റ്റ് 11-ന് റിലീസിനെത്തിയ ഗദർ 2 ആദ്യ ദിനം തന്നെ 40 കോടി നേടിയിരുന്നു. ഇത് ഓഗസ്റ്റ് 15 ആയപ്പോഴേക്കും 55.5 കോടിയിലെത്തി, ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ചിത്രമായി. രണ്ടാഴ്ച പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ 283 കോടി വരുമാനമുണ്ടാക്കുക എന്നത് വലിയ നേട്ടമായി തന്നെ കണക്കാക്കാം.
പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും (പിജിഐ) മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എംഎഐ) പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, കൊവിഡ് മഹാമാരിക്ക് ശേഷം ഉണ്ടാകുന്ന ഏറ്റവും തിരക്കേറിയ വാരാന്ത്യം ഓഗസ്റ്റ് 11-13 വരെയായിരുന്നു. ആഭ്യന്തര ബോക്സ് ഓഫീസിൽ 43.11 കോടിയാണ് ബോളിവുഡ് സിനിമകൾ നേടിയത്.
അക്ഷയ് കുമാറിന്റെ 'ഒഎംജി2'വും കഴിഞ്ഞ വാരം റിലീസ് ചെയ്ത മറ്റൊരു ബോളിവുഡ് ചിത്രമായിരുന്നു. ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് നൽകിയിട്ടും നിറഞ്ഞ കാഴ്ച്ചാക്കാരെ സ്വന്തമാക്കി ഒഎംജി2 പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസമാണ് ഒഎംജി2വിന്റെ ഉള്ളടക്കം. രണ്ട് സിനിമകളെയും ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ബോളിവുഡ് പ്രേക്ഷകർ.