
ഗയാന: ട്വന്റി 20 ലോകകപ്പിൽ പാപ്പുവ ന്യൂ ഗുനിയയ്ക്കെതിരെ ഉഗാണ്ടയ്ക്ക് ആവേശ ജയം. പിഎൻജിയെ ചെറിയ സ്കോറിൽ ഒതുക്കിയിട്ടും ഉഗാണ്ടയ്ക്ക് വിജയം എളുപ്പമായില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി 19.1 ഓവറിൽ 77 റൺസിൽ ഓൾ ഔട്ടായി. മറുപടി പറഞ്ഞ ഉഗാണ്ടയ്ക്ക് വിജയത്തിലെത്താൻ 18.2 ഓവറും ഏഴ് വിക്കറ്റും വേണ്ടി വന്നു.
ടോസ് നേടിയ ഉഗാണ്ട ബൗളിംഗ് തിരഞ്ഞെടുത്തു. തുടക്കം മുതൽ ഉഗാണ്ടൻ ബൗളർമാർ മത്സരത്തിൽ ആധിപത്യം നേടി. മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് പിഎൻജി നിരയിൽ രണ്ടക്കം കടക്കാനായത്. 15 റൺസെടുത്ത ഹിരി ഹിരിയാണ് ടോപ് സ്കോറർ. ലേക സിയാക, കിപ്ലിൻ ഡോറിഗ എന്നിവർ 12 റൺസ് വീതവുമെടുത്തു.
ബൗളിംഗ് വിക്കറ്റിൽ അടികൊണ്ടു; ഇന്ത്യൻ പേസർക്ക് വിമർശനംവിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഉഗാണ്ടയും കടുത്ത ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. എന്നാൽ മധ്യനിരയിൽ റിയാസത്ത് അലി ഷാ നേടിയ 33 റൺസ് ഉഗാണ്ടൻ സംഘത്തെ വിജയത്തോട് അടുപ്പിച്ചു. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ഉഗാണ്ടയുടെ ആദ്യത്തെ വിജയമാണിത്. കളിച്ച രണ്ടാം മത്സരം തന്നെ വിജയിക്കാൻ കഴിഞ്ഞെന്നതും ആഫ്രിക്കൻ ടീമിന് കരുത്തായി.