ഞാനല്ലേ ക്യാപ്റ്റന്‍, നീ ബാറ്റുചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല; കുല്‍ദീപിനെ കളിയാക്കി രോഹിത്, വീഡിയോ

വീഡിയോ ഇതിനോടകം തന്നെ വൈറലാണ്
ഞാനല്ലേ ക്യാപ്റ്റന്‍, നീ ബാറ്റുചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല; കുല്‍ദീപിനെ കളിയാക്കി രോഹിത്, വീഡിയോ

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസിയുടെ ഏകദിന ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഇപ്പോള്‍ താരത്തെ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കളിയാക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. കുല്‍ദീപിന് ഐസിസി ക്യാപ്പ് സമ്മാനിക്കുന്ന വീഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണമുള്ളത്.

ക്യാപ്പ് സമ്മാനിച്ചുകൊണ്ട് ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടായ കുല്‍ദീപിന് ഈ തൊപ്പി സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് രോഹിത് പറയുന്നത്. നന്ദി രോഹിത് ഭായി എന്ന് പറഞ്ഞ കുല്‍ദീപ് തൊപ്പി സ്വീകരിച്ച് തലയില്‍ വെച്ചു. നിനക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് ക്യാപ്റ്റന്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നാണ് കുല്‍ദീപ് പറഞ്ഞത്. പിന്നീട് നടന്ന രസകരമായ സംഭാഷണം ഇങ്ങനെയായിരുന്നു.

രോഹിത്: നിനക്ക് എന്തെങ്കിലും പറയാനുണ്ടോ?

കുൽദീപ്: ഒന്നുമില്ല

രോഹിത്: നിങ്ങൾ എന്തെങ്കിലും പറയണം

കുൽദീപ്: കൂടുതലൊന്നും പറയാനില്ല. കഴിഞ്ഞ വർഷം പന്തുകൊണ്ടും ബാറ്റുകൊണ്ടും ഞാൻ മികച്ച പ്രകടനമാണ് നടത്തിയത്

രോഹിത് (ഞെട്ടലോടെ): ബാറ്റുകൊണ്ടോ? ഇതൊക്കെ എപ്പോൾ?

ആശയക്കുഴപ്പത്തിലായ കുൽദീപ്: ഞാൻ ഉദ്ദേശിച്ചത്.....

രോഹിത്: ആ നീ ഉദ്ദേശിച്ചത്... എപ്പോഴാണ്?

കുൽദീപ് (പരിഭ്രമിച്ച്): ടെസ്റ്റ് പരമ്പരയിൽ ‌

രോഹിത് (പുഞ്ചിരിയോടെ): അതിന് ഇത് ഏകദിനത്തിന് ലഭിക്കുന്ന പുരസ്കാരമല്ലേ?

കുൽദീപ്: അങ്ങനെയല്ല കഴിഞ്ഞ വർഷം ഞാൻ ബാറ്റുകൊണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു, ലോകകപ്പ് സമയത്തും ഞാൻ ബൗളിം​ഗിൽ തിളങ്ങിയില്ലേ

രോഹിത്: ഞാൻ ഈ ടീമിൻ്റെ ക്യാപ്റ്റനല്ലേ? നീ ബാറ്റ് ചെയ്യുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. നീ എന്തൊക്കെയാണ് ഈ പറയുന്നത്?

ഇതുകേട്ട കുൽദീപ് രോഹിത്തിന് നന്ദി പറഞ്ഞുകൊണ്ട് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com