ചെപ്പോക്കില്‍ ചാരമായി ടൈറ്റന്‍സ്; സൂപ്പര്‍ കിംഗ്‌സിന് സൂപ്പര്‍ വിജയം

ചെന്നൈയുടെ 206 റൺസ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 143 റൺസില്‍ അവസാനിച്ചു.
ചെപ്പോക്കില്‍ ചാരമായി ടൈറ്റന്‍സ്; സൂപ്പര്‍ കിംഗ്‌സിന് സൂപ്പര്‍ വിജയം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്ക് ഗുജറാത്ത് ടൈറ്റാൻസിനെതിരെ 63 റൺസിന്റെ വിജയം. ചെന്നൈയുടെ 206 റൺസ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 143 റൺസില്‍ അവസാനിച്ചു. 37 റൺസെടുത്ത സായ് സുദർശൻ ഒഴികെ ഗുജറാത്ത് നിരയിലാർക്കും ബാറ്റ് കൊണ്ട് തിളങ്ങാനായില്ല. ചെന്നൈ നിരയിൽ ദീപക് ചഹാർ, മുസ്തഫിസുർ റഹ്‌മാൻ, ദേശ്പാണ്ഡെ തുടങ്ങിയവർ രണ്ട് വിക്കറ്റ് വീതം നേടി. ഇതോടെ രണ്ട് കളിയിൽ നിന്നും രണ്ട് വിജയവുമായി ചെന്നൈ ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

ചെപ്പോക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ രചിന്‍- ഗെയ്ക്‌വാദ് ഓപ്പണിംഗ് സഖ്യത്തിന് സാധിച്ചു. 20 പന്തില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയുമടക്കം 46 റണ്‍സ് നേടിയാണ് ആറാം ഓവറില്‍ രചിന്‍ രവീന്ദ്ര പുറത്തുപോവുന്നത്. റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് രചിനെ മടക്കുകയായിരുന്നു. വണ്‍ഡൗണായി എത്തിയ അജിന്‍ക്യ രഹാനെ (12) മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 100 കടന്നിരുന്നു.

13-ാം ഓവറിലാണ് ചെന്നൈയുടെ അടുത്ത വിക്കറ്റ് വീഴുന്നത്. ക്യാപ്റ്റനും ഓപ്പണറുമായ റുതുരാജ് ഗെയ്ക്‌വാദ് സ്‌പെന്‍സര്‍ ജോണ്‍സന്റെ പന്തില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. 36 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 46 റണ്‍സെടുത്താണ് ഗെയ്ക്‌വാദ് കൂടാരം കയറിയത്. പിന്നീടിറങ്ങിയ ശിവം ദുബെ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സടിച്ചാണ് ദുബെ വെടിക്കെട്ടിന് തുടക്കമിട്ടത്. ഡാരില്‍ മിച്ചലിനൊപ്പം 57 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ദുബെയ്ക്ക് കഴിഞ്ഞു.

അര്‍ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ദുബെയും പവിലിയനിലെത്തി. 23 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 51 റണ്‍സെടുത്ത ദുബെയെ റാഷിദ് ഖാനാണ് പുറത്താക്കിയത്. പകരമിറങ്ങിയ സമീര്‍ റിസ്‌വി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറില്‍ താരത്തിനും മടങ്ങേണ്ടി വന്നു. 14 റണ്‍സെടുത്ത റിസ്‌വിയെ മോഹിത് ശര്‍മ്മ ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചു. ഏഴാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ (7) അവസാന പന്തില്‍ റണ്ണൗട്ടായി. 20 പന്തില്‍ 24 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com