
മുംബൈ: ഏഷ്യാ കപ്പില് ശ്രീലങ്കക്കെതിരായ സൂപ്പര് ഫോര് മത്സരത്തില് 10,000 ഏകദിന റണ്സെന്ന നേട്ടം സ്വന്തമാക്കാന് ഇന്ത്യന് നായകന് രോഹിത് ശര്മ്മയ്ക്ക് സാധിച്ചിരുന്നു. രോഹിത്തിന്റെ കരിയറില് മുന് ഇന്ത്യന് നായകന് എം എസ് ധോണിക്കുള്ള പ്രാധാന്യം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് മുന് ഇന്ത്യന് താരം ഗൗതം ഗംഭീര്. രോഹിത് ശര്മ്മയുടെ വിജയങ്ങള്ക്ക് പിന്നില് എം എസ് ധോണിയാണെന്ന് ഗൗതം ഗംഭീര് പറഞ്ഞു. കരിയറിന്റെ തുടക്കത്തില് പ്രയാസമനുഭവിച്ചിരുന്ന രോഹിത്തിനെ മുന് ഇന്ത്യന് നായകനായ എം എസ് ധോണി വളരെയധികം പിന്തുണച്ചിരുന്നു. ഇത് രോഹിത്തിനെ കരിയറില് ഉയരങ്ങള് കീഴടക്കാന് സഹായിച്ചുവെന്ന് ഗംഭീര് അഭിപ്രായപ്പെട്ടു.
'ഏകദിനത്തില് 10,000 റണ്സ് നേടുകയെന്നത് രോഹിത്തിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. കരിയറില് ഒരുപാട് ഉയര്ച്ച താഴ്ച്ചകള് അദ്ദേഹം നേരിട്ടിട്ടുണ്ട്. പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന യുവതാരങ്ങള്ക്ക് ക്യാപ്റ്റനെന്ന നിലയില് രോഹിത് മാതൃകയായിരിക്കും'
ഗംഭീര് പറഞ്ഞു
ഏഷ്യാ കപ്പില് ഇന്ത്യ-ശ്രീലങ്ക സൂപ്പര് ഫോര് മത്സരത്തിനിടെ സ്റ്റാര് സ്പോര്ട്സില് നടന്ന ചര്ച്ചയ്ക്കിടെയായിരുന്നു ഗംഭീറിന്റെ വെളിപ്പെടുത്തല്.
2007ലാണ് രോഹിത് ശര്മ്മ ഇന്ത്യന് കുപ്പായത്തില് അരങ്ങേറ്റം കുറിക്കുന്നത്. കരിയറിന്റെ പ്രാരംഭകാലത്ത് മിഡില് ഓര്ഡറിലായിരുന്നു ഹിറ്റ്മാന്റെ സ്ഥാനം. എന്നാല് അവിടെ താളം കണ്ടെത്താനായില്ല. ഓപ്പണറായുള്ള സ്ഥാനക്കയറ്റമാണ് രോഹിത്തിന്റെ കരിയര് മാറ്റിമറിച്ചത്. അന്നത്തെ ഇന്ത്യയുടെ നായകന് എം എസ് ധോണിയായിരുന്നു ഈ തീരുമാനത്തിന് പിന്നില്.
'രോഹിത്തിനെ ഇന്ന് കാണുന്ന രോഹിത് ശര്മ്മയാക്കിയത് എംഎസ് ധോണിയാണ്. കരിയറിന്റെ തുടക്കത്തില് വളരെയധികം പ്രയാസമനുഭവിച്ചിരുന്ന രോഹിത്തിനെ പിന്തുണച്ചത് ധോണിയായിരുന്നു. റണ്സിന്റെ കാര്യത്തിലല്ലാതെ ക്യാപ്റ്റനെന്ന നിലയില് ഒരു പാരമ്പര്യം നിലനിര്ത്തണമെന്നുണ്ടെങ്കില് അദ്ദേഹം യുവതാരങ്ങളെ എങ്ങനെ പിന്തുണക്കുന്നു എന്നത് അടിസ്ഥാനമാക്കിയായിരിക്കും. വളര്ന്നുവരുന്ന യുവതാരങ്ങളെ ക്യാപ്റ്റന് രോഹിത് എങ്ങനെ പിന്തുണക്കുന്നുവെന്നത് കാണാന് എനിക്ക് താല്പ്പര്യമുണ്ട്'
ഗംഭീര് കൂട്ടിച്ചേര്ത്തു.