സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

dot image

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 120 രൂപയാണ് പവന് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6340 രൂപ ആയി.

ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 320 രൂപയാണ് വര്‍ധിച്ചത്.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.ബജറ്റിന് പിന്നാലെ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കുറച്ചതോടെ ദുബായുമായുള്ള സ്വര്‍ണവിലയിലെ അന്തരം വലിയ രീതിയില്‍ കുറഞ്ഞിരുന്നു. ഇന്ത്യയുമായി 5 ശതമാനം വ്യത്യാസം മാത്രമാണ് ദുബായില്‍ സ്വര്‍ണത്തിനുണ്ടാവുക. നേരത്തേ യുഎഇയില്‍ നിന്ന് 100 ഡോളര്‍ (8300 രൂപ) വിലമതിക്കുന്ന സ്വര്‍ണം ഇന്ത്യയിലെത്തുമ്പോള്‍ കസ്റ്റംസ് തീരുവ ഉള്‍പ്പെടെ ഏകദേശം 115 ഡോളര്‍ (9,628 രൂപ) നല്‍കേണ്ടിയിരുന്നു.

എന്നാല്‍, കസ്റ്റംസ് തീരുവ 15ല്‍ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ ഇതേ സ്വര്‍ണത്തിന് 106 ഡോളര്‍ (8874 രൂപ നല്‍കിയാല്‍ മതി ഇതേ അളവിലുള്ള സ്വര്‍ണം ഇന്ത്യയില്‍ നിന്ന് വാങ്ങുകയാണെങ്കിലും 112 മുതല്‍(9,377 രൂപ) 115 ഡോളര്‍ (9,628) വരെ വില വരും.

വിലയിലെ അന്തരം കുറഞ്ഞതോടെ സ്വര്‍ണം വാങ്ങാനായി മാത്രം ദുബായിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവു വരുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങിയാല്‍ അഞ്ചു ശതമാനം വാറ്റ് (മൂല്യവര്‍ധിത നികുതി) നല്‍കണം. എന്നാല്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഈ നികുതി അവരുടെ മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ നിന്ന് തിരികെ ലഭിക്കും. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ ദുബൈ വിപണി തന്നെയാണ് മികച്ച ഓപ്ഷന്‍.

dot image
To advertise here,contact us
dot image