

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ്ണവിലയിൽ വൻ ഇടിവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മാർച്ച് 16 മുതൽ 22 വരെയുള്ള ഈ ആഴ്ചയിൽ ഏകദേശം 10-11% വരെയാണ് വിലയില്‍ കുറവുണ്ടായത്. ചില റിപ്പോർട്ടുകൾ പ്രകാരം 11% വരെ നഷ്ടമുണ്ടായി. സ്വർണവില ഈ വർഷം പുതിയ ഉയരങ്ങള്‍ താണ്ടിയെന്ന വസ്തുത നിലനില്‍ക്കേയും കഴിഞ്ഞ ആഴ്ചയിലെ വിലക്കുറവ് 40 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ്. ഫലത്തില്‍ 1983ന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയിലേക്കാണ് സ്വർണ്ണം നീങ്ങുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പഞ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ മൊത്തം വിലയില്‍ 14-15% വരെയാണ് സ്വർണ്ണവിലയിലുണ്ടായിരിക്കുന്ന ഇടിവ്. കേരള വിപണിയിലാണെങ്കിലും വലിയ ഇടിവാണ് സ്വർണത്തിന് നേരിട്ടുകൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിന് 22 കാരറ്റ് സ്വർണത്തിന് പവന് 126920 രൂപ എന്നതായിരുന്നു വില്‍പ്പന വില. മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഇന്ന് ഇന്നലെയുമായി പവന് 107040 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഈ മാസം ഇതുവരെയായി കുറഞ്ഞത് ഏകദേശം 19880 രൂപയാണ്.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളാണ് വിലയിടിവിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഫെബ്രുവരി അവസാനം യുദ്ധം തുടങ്ങിയതിന് പിന്നാലെ വിലയില്‍ പലതവണ ഇടിവുണ്ടായി. സാധാരണയായി യുദ്ധമോ, സാമ്പത്തിക അനിശ്ചിതത്വമോ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണ വിലയില്‍ വർധനവ് ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തവണ അങ്ങനെ സംഭവിച്ചില്ലെന്നാണ് യഥാർത്ഥ്യം.
യുദ്ധം കാരണം എണ്ണ വില കുത്തനെ ഉയർന്നു. ഹോർമൂസ് കടലിടുക്ക് പോലുള്ള പ്രധാന ക്രൂഡ് ഓയില്‍ ഗതാഗത മാർഗ്ഗങ്ങളില്‍ തടസ്സം നേരിട്ടതാണ് ക്രൂഡ് ഓയില്‍ വിലവർധനവിന് പ്രധാനമായും കാരണമായത്. ക്രൂഡ് ഓയില്‍ വിലയിലെ ഈ വർധനവ് പണപ്പെരുപ്പം വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാക്കി. അമേരിക്കൻ ഫെഡറൽ റിസർവ് (Fed) ഇനി പലിശ നിരക്ക് കുറയ്ക്കില്ല, മറിച്ച് ഉയർത്തിയേക്കാം എന്ന പ്രതീക്ഷയും സ്വർണത്തിന് തിരിച്ചടിയായി. ഈ സമയത്ത് നിക്ഷേപകർ ഡോളർ, ബോണ്ടുകൾ തുടങ്ങിയവയിലേക്ക് കൂടുതലായി തിരിയുന്നു. അതായത് ഫലത്തില്‍ യുദ്ധം കാരണം ഡോളർ ശക്തമായി. ഡോളർ ശക്തമാകുമ്പോൾ ഡോളറില്‍ വില കണക്കാക്കുന്ന സ്വർണം വാങ്ങുന്നത് മറ്റു രാജ്യക്കാർക്ക് കൂടുതല്‍ ചെലവേറിയതാക്കുന്നു. ഇതോടെ സ്വാഭാവികമായി ഡിമാന്‍ഡും കുറയും.
പല നിക്ഷേപകരും ലാഭമെടുക്കുകയോ, നഷ്ടം കുറയ്ക്കാന്‍ stop-loss ട്രിഗർ ചെയ്ത് വിൽക്കുകയോ ചെയ്തു. ഇതും വിൽപ്പന കൂട്ടുകയും വില കൂടുതൽ ഇടിയാന്‍ കരുത്ത് പകരുകയും ചെയ്തു. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ കുറഞ്ഞതും ഇടിവിനെ സഹായിച്ചു. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന്‍റെ വില ട്രോയ് ഔണ്‍സിന് ഏകദേശം 4490 മുതൽ 4500 ഡോളർ വരെയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3% ഓളം ഇടിവാണുണ്ടായിരിക്കുന്നത്. സ്വർണത്തിന് മാത്രമല്ല, വെള്ളി വിലയിലും സമാനമായ ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നിരുന്നാലും വർഷം തുടക്കത്തിലേതിനേക്കാള്‍ സ്വർണ്ണം ഇപ്പോഴും ഏകദേശം 4-5% ഉയർന്ന നിലയിലാണ്. ജനുവരിയിൽ 5600 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു.
Content Highlights: Gold prices have experienced their worst weekly decline in 40 years, dropping nearly ₹20,000 over the past three weeks. The sharp fall reflects market volatility and changing global economic conditions. The decline has impacted investor sentiment and raised concerns about short-term trends in the precious metals market.