Top

വസ്തു ഇടപാടില്‍പ്പെട്ട് സമ്പാദ്യത്തിന്റെ 70 ശതമാനം നഷ്ടപ്പെട്ടു; സെയ്ഫ് അലി ഖാന്‍

പുതിയ ചിത്രം ബണ്ടി ഓര്‍ ബബ്ലി 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സെയ്ഫിന്റെ ആരോപണം

20 Nov 2021 5:06 AM GMT
ഫിൽമി റിപ്പോർട്ടർ

വസ്തു ഇടപാടില്‍പ്പെട്ട് സമ്പാദ്യത്തിന്റെ 70 ശതമാനം നഷ്ടപ്പെട്ടു; സെയ്ഫ് അലി ഖാന്‍
X

മുംബൈയിലെ വസ്തു ഇടപാടില്‍പ്പെട്ട് തട്ടിപ്പിനിരയായെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. തന്റെ പുതിയ ചിത്രം ബണ്ടി ഓര്‍ ബബ്ലി 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സെയ്ഫിന്റെ ആരോപണം. സമ്പാദ്യത്തിന്റെ 70 ശതമാനം ഭാഗമാണ്് നഷ്ടപ്പെട്ടതെന്നും താരം പറഞ്ഞു.

പുതിയ ചിത്രത്തില്‍ തട്ടിപ്പുക്കാരന്റെ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് താന്‍ ജീവിതത്തില്‍ നേരിട്ട യഥാര്‍ത്ഥ തട്ടിപ്പിനെക്കുറിച്ച് താരം പറഞ്ഞത്. സിനിമയിലേതു പോലെ തട്ടിപ്പിന് ആര്‍ക്കൊപ്പമെങ്കിലും ചേര്‍ന്ന് ഒത്തുകളിച്ചിരുന്നോ എന്ന് റാണി മുഖര്‍ജി ചോദിച്ചപ്പോള്‍ ഒത്തുകളിച്ചിട്ടില്ല തട്ടിപ്പിനിരയായിട്ടുണ്ട് എന്ന് താരം വ്യക്തമാക്കി.

മുംബൈയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വസ്തു വാങ്ങാന്‍ തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നല്‍കേണ്ടി വന്നതായി താരം പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ വസ്തു കൈമാറാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ലെന്നും എന്നെങ്കിലും അത് എന്റെ കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെയ്ഫ് അറിയിച്ചു. വസ്തു ഓഫീസ് ആവിശ്യത്തിന് വേണ്ടി വാങ്ങിയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

1992ല്‍ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സലാം നമസ്‌തേ, പരിണീത, ഓംകാര , താ രാ രം പം എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങള്‍. വിക്രം വേദ എന്ന ചിത്രമാണ്് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായ ബോക്‌സോഫീസ് ഹിറ്റ് വിക്രം വേദയുടെ ഹിന്ദി റീമേക്കിനും തുടക്കമായി. ഹൃത്വിക് റോഷന്‍ ഗ്യാങ്സ്റ്ററായ വേദയുടെ വേഷത്തിലും സെയ്ഫ് അലിഖാന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.


Next Story