സ്പാംകോളുകൾ ശല്യമാകുന്നുണ്ടോ?;സ്പാം കോളർമാർക്ക് നിങ്ങളുടെ നമ്പർ എങ്ങനെയാണ് ലഭിക്കുന്നതെന്ന് അറിയാമോ?

ഓൺലൈൻ ഷോപ്പിങ്, മൊബൈൽ ആപ്പുകൾ, ജോലി അപേക്ഷകൾ തുടങ്ങി പല വഴികളിലൂടെയും നിങ്ങളുടെ ഫോൺ നമ്പർ മറ്റുള്ളവരുടെ കൈകളിലെത്താം. സ്പാം കോളുകൾക്ക് പിന്നിലെ കാരണങ്ങളും വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള മാർഗങ്ങളും അറിയാം.

How do spam callers get your number

ബാങ്കില്‍ നിന്ന് ലോണ്‍ വാഗ്ദാനം ചെയ്തുള്ള വിളികള്‍, ലോട്ടറി അടിച്ചെന്ന അറിയിപ്പുകള്‍, വിവിധ കമ്പനികളുടെ ഓഫറുകള്‍… ദിവസവും ഇത്തരം സ്പാം കോളുകള്‍ ലഭിക്കുന്നവരാണ് നമ്മളില്‍ പലരും. നമ്പര്‍ ഒരിക്കലും നല്‍കാത്ത കമ്പനികളില്‍ നിന്നുപോലും വിളികള്‍ എത്താറുണ്ട്. അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉണ്ടാവാം. നമ്മുടെ ഫോണ്‍ നമ്പര്‍ ഇവര്‍ക്ക് എവിടെനിന്നാണ് ലഭിക്കുന്നത്?. ഡാറ്റ ചോര്‍ച്ച മുതല്‍ മൊബൈല്‍ ആപ്പുകളുടെ ഉപയോഗം വരെയുള്ള പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്.

വെബ്‌സൈറ്റുകളില്‍ നിന്നുള്ള ഡാറ്റ ചോര്‍ച്ച

ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലും വിവിധ സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകളിലും അക്കൗണ്ട് തുടങ്ങുമ്പോള്‍ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കാറുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ഡാറ്റാബേസുകള്‍ സൈബര്‍ ആക്രമണത്തില്‍പ്പെട്ടാല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നേക്കാം. ഈ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയോ പുറമേയുള്ളവര്‍ക്ക് വില്‍ക്കപ്പെടുകയോ ചെയ്‌തേക്കാം.

മൊബൈല്‍ ആപ്പുകള്‍ക്ക് നല്‍കുന്ന അനുമതികള്‍(Permissions)

പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ പലരും ശ്രദ്ധിക്കാറില്ല. കോണ്‍ടാക്ടുകള്‍, ഫോണ്‍ വിവരങ്ങള്‍ തുടങ്ങിയവയിലേക്കുള്ള അനുമതികള്‍ നല്‍കുമ്പോള്‍ സ്വകാര്യതയെക്കുറിച്ച് ജാഗ്രത പാലിക്കണം. ചില ആപ്പുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അവയുടെ സ്വകാര്യതാ നയത്തിന് അനുസരിച്ച് മൂന്നാം കക്ഷികളുമായി പങ്കുവച്ചേക്കാം. അതിനാല്‍ ഒരു ആപ്പിന് എന്തിനാണ് പ്രത്യേക അനുമതി വേണ്ടതെന്ന് പരിശോധിച്ചശേഷം മാത്രം അനുമതി നല്‍കുക.

ജോലി അപേക്ഷകളും ഓഫറുകളും

ഓണ്‍ലൈനായി ജോലി അന്വേഷിക്കുമ്പോള്‍ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കാറുണ്ട്. വ്യാജ ജോലി പരസ്യങ്ങളും സംശയാസ്പദമായ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റുകളും ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാം. സമ്മാനങ്ങള്‍, ഡിസ്‌കൗണ്ടുകള്‍, പ്രത്യേക ഓഫറുകള്‍ എന്നിവയുടെ പേരിലുള്ള രജിസ്‌ട്രേഷനുകളും ചിലപ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ മാര്‍ക്കറ്റിങ് സ്ഥാപനങ്ങളിലേക്ക് എത്തിച്ചേക്കാം.

ഡാറ്റ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍

വിവിധ വെബ്‌സൈറ്റുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന വിവരങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് സൂക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുന്ന ഡാറ്റ ബ്രോക്കര്‍മാരുമുണ്ട്. നിങ്ങള്‍ ഒരു സ്ഥാപനത്തിന് നല്‍കിയ നമ്പര്‍ മറ്റൊരു സ്ഥാപനത്തിന്റെ കൈവശം എത്തുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണിത്.

ഓട്ടോ ഡയലര്‍ സംവിധാനങ്ങള്‍

എല്ലാ സ്പാം കോളുകള്‍ക്കും പിന്നില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായിരിക്കണമെന്നില്ല. ചില തട്ടിപ്പുകാര്‍ ഓട്ടോ ഡയലര്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് നമ്പറുകളിലേക്ക് ഒരേസമയം വിളിക്കും. റാന്‍ഡം നമ്പറുകളിലേക്കും ഇത്തരത്തില്‍ വിളികള്‍ പോകാം. വിളി സ്വീകരിക്കുന്ന നമ്പറുകള്‍ സജീവമാണെന്ന് തിരിച്ചറിഞ്ഞ് പിന്നീട് വീണ്ടും വിളിക്കാനും സാധ്യതയുണ്ട്.

സ്പാം കോളുകള്‍ വരുന്നത് കുറയ്ക്കാന്‍ എന്തുചെയ്യണം?

  • ആപ്പ് അനുമതികള്‍(permissions) പരിശോധിക്കുക ആവശ്യമില്ലാത്തവ ഒഴിവാക്കുക.
  • വിശ്വസനീയമായ വെബ്‌സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക. സംശയാസ്പദമായ ലിങ്കുകളിലും ഓഫറുകളിലും വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്.
  • സ്വകാര്യതാ നയം(privacy policy) വായിക്കുക. നിങ്ങളുടെ വിവരങ്ങള്‍ മൂന്നാം കക്ഷികളുമായി പങ്കിടുമോ എന്ന് പരിശോധിക്കുക.
  • OTP ആരുമായും പങ്കുവയ്ക്കരുത്. ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ടാലും OTP, പിന്‍ നമ്പര്‍, പാസ് വേഡ് തുടങ്ങിയവ കൈമാറരുത്.
  • സ്പാം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യുക. ഫോണിലെ സ്പാം റിപ്പോര്‍ട്ട് സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ഇന്ത്യയില്‍ അനാവശ്യ വിളികള്‍ ടെലികോം സേവനദാതാവിനെയോ TRAI നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളിലൂടെയോ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാം.

നമ്പര്‍ സുരക്ഷിതമാക്കാന്‍ ജാഗ്രതയാണ് പ്രധാനം

നമ്മുടെ ഫോണ്‍ നമ്പര്‍ ചോര്‍ന്നതുകൊണ്ട് മാത്രം സ്പാം കോളുകള്‍ വരണമെന്നില്ല. ചിലപ്പോള്‍ റാന്‍ഡം നമ്പറുകളിലേക്ക് വിളിക്കുന്ന സംവിധാനങ്ങളും ഇതിന് കാരണമാകാം. അതിനാല്‍ അനാവശ്യ കോളുകള്‍ ലഭിക്കുന്നത് നിങ്ങളുടെ ഭാഗത്തുനിന്നുള്ള പിഴവാണെന്ന് കരുതേണ്ടതില്ല.എങ്കിലും ഓണ്‍ലൈനില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കുന്നതും ആപ്പുകളുടെ അനുമതികള്‍ പരിശോധിക്കുന്നതും സംശയാസ്പദമായ കോളുകളോട് പ്രതികരിക്കാതിരിക്കുന്നതും അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Content Highlights : Learn about the reasons behind spam calls and ways to keep your personal information secure

To advertise here,contact us