ജിമെയില് സ്റ്റോറേജ് തീര്ന്നുപോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പ്രധാനപ്പെട്ട ഇമെയിലുകള് ഇന്ബോക്സില് ലഭിക്കാതെ വരുമ്പോഴോ ജിമെയില് സേവനം മന്ദഗതിയിലാകുമ്പോഴോ ആയിരിക്കും പലരും ഇതൊരു പ്രശ്നമായി കാണുന്നത്. google അക്കൗണ്ടിന്റെ ബാക്കി ഭാഗങ്ങളുമായി gmail അതിന്റെ സ്റ്റോറേജ് പങ്കിടുന്നതിനാല് അറ്റാച്ച്മെന്റുകള് മുതല് അപ്ലോഡ് ചെയ്ത ഫയലുകള് വരെ എല്ലാം സ്ഥല പരിമിധിക്ക് കാരണമാകുന്നു. സ്റ്റോറേജ് നിറഞ്ഞിരിക്കുന്നു (storage full) എന്ന നിര്ദേശം ലഭിക്കുമ്പോഴാണ് നിങ്ങള്ക്ക് അത് മനസിലാകുക. കൂടുതല് സ്റ്റോറേജ് സ്പേസ് ലഭിക്കാനായി പണം ചെലവഴിക്കാതെ തന്നെ ചില മാർഗ്ഗങ്ങള് നമുക്ക് മുന്നിലുണ്ട്. സ്റ്റോറേജ് ലാഭിക്കാന് സഹായിക്കുന്ന ലളിതവും പ്രായോഗികവുമായ ആ മാർഗ്ഗങ്ങള് ഏതൊക്കെയാണെന്ന് നോക്കാം.
ഇന്ബോക്സ് നിറഞ്ഞിട്ടില്ലെങ്കില് പോലും വലിയ അറ്റാച്ച്മെന്റുകളും അപ്ലോഡ് ചെയ്ത വീഡിയോകളും സ്റ്റോറേജിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നുണ്ടാവും. ഇമെയിലുകള്, ഡ്രാഫ്റ്റുകള്, അറ്റാച്ച്മെന്റുകള് ഗൂഗിള് ഡ്രൈവിലും ഗൂഗിള് ഫോട്ടോസിലും സംഭരിച്ചിരിക്കുന്നവ ഇവയെല്ലാം ജിമെയില് സ്പേസ് ഇല്ലാതാകുന്നതിന് കാരണമാകാറുണ്ട്.
ഇമെയിലുകള് ഡിലീറ്റ് ചെയ്യുമ്പോള് അവ ട്രാഷ് ഫോള്ഡറിലേക്ക് മാറുകയും 30 ദിവസംവരെ അവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും. 30 ദിവസത്തിന് ശേഷം ഇത് തനിയെ ക്ലിയറാകുമെങ്കിലും അതുവരെ അവ ആകെയുള്ള സ്റ്റോറേജിന്റെ ഭാഗമായി കണക്കാക്കും. സ്പാം ഫോള്ഡറുകള്ക്കും ഇതേ സാഹചര്യം ബാധകമാണ്. ഈ ഓരോ ഫോള്ഡറുകളും ഓപ്പണ് ചെയ്ത് എല്ലാ മെയിലുകളും ഒരുമിച്ച് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന് തിരഞ്ഞെടുത്താല് നിങ്ങള്ക്ക് വലിയ രീതിയില് സ്റ്റോറേജ് ലാഭിക്കാന് സാധിക്കും.
സ്റ്റോറേജിന്റെ ഭൂരിഭാഗവും അപഹരിക്കുന്നത് അറ്റാച്ച്മെന്റുകളാണ്. ജിമെയിലിന്റെ സ്റ്റോറേജ് കവര്ന്നെടുക്കുന്ന വലിയ അറ്റാച്ച്മെന്റുകളുള്ള ബള്ക്കി സന്ദേങ്ങള് കണ്ടെത്താന് സഹായിക്കുന്ന സെർച്ച് ഓപ്ഷനുകള് ജിമെയില് നല്കുന്നുണ്ട്. അതുവഴി 10 മെഗാബൈറ്റില് കൂടുതലുള്ള അറ്റാച്ച്മെന്റുകളുടെ ഇമെയിലുകള് കാണാന് സാധിക്കും. ഇവ ഒരുമിച്ച് ഡിലീറ്റ് ചെയ്യാനോ മറ്റെവിടെയെങ്കിലും ഡൗണ്ലോഡ് ചെയ്ത് സൂക്ഷിക്കാനോ കഴിയും.
ഗൂഗിള് വണ് സ്റ്റോറേജ് മാനേജര് ഉപയോഗിച്ച് ഒരു ഗൂഗിള് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ സേവനങ്ങളും സ്കാന് ചെയ്യുകയും ഏറ്റവും കൂടുതല് സ്ഥലം ഉപയോഗിക്കുന്ന ഫയലുകള് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. വലിയ ഇമെയിലുകള്, ഒഴിവാക്കിയ മെയിലുകള്, ഡ്രൈവിലെ വലിയ ഫയലുകള്, ബാക്ക്അപ് ചെയ്ത ഫോട്ടോകള് അല്ലെങ്കില് വീഡിയോകള് അങ്ങനെ സ്റ്റോറേജ് ഉപയോഗത്തെ ഇത് പല വിഭാഗങ്ങളായി വേര്തിരിക്കുന്നു. ജിമെയിലിന് പുറത്തുളള ഫയലുകളാണ് സ്ഥലം ഇല്ലാതാക്കുന്നതെങ്കില് ഒരൊറ്റ ഇന്റര്ഫേസിലൂടെ വലിയ സൈസുള്ളവ കണ്ടെത്താനും സുരക്ഷിതമായി മാറ്റാനും കഴിയും.
പഴയ അറ്റാച്ച്മെന്റുകള് ഒഴിവാക്കുന്നതും പതിവായി ട്രാഷ് ശൂന്യമാക്കുന്നതും വലിയ അറ്റാച്ച്മെന്റുകള് ഒഴിവാക്കുന്നതും സ്റ്റോറേജ് സ്പേസ് ലാഭിക്കാന് സഹായിക്കുന്നു. ഉയര്ന്ന റെസല്യൂഷനിലുള്ള ഫോട്ടോകളും വീഡിയോകളും നേരിട്ട് ഇമെയിലില് അറ്റാച്ച് ചെയ്യുന്നതിന് പകരം ഡ്രൈവില്നിന്നോ മറ്റ് സ്റ്റോറേജ് പ്ലാറ്റ്ഫോമുകളില് നിന്നോ ലിങ്കുകള് പങ്കിടാവുന്നതാണ്. ഫയലിലേക്കുള്ള ആക്സസ് നഷ്ടപ്പെടാതെതന്നെ യഥാര്ഥ അറ്റാച്ച്മെന്റുകള് ഇല്ലാതാക്കാന് ഇത് മെയില് അയക്കുന്നവരെ സഹായിക്കും.
ഡിസൈനര്മാര്, എഡിറ്റര്മാര്, ഫോട്ടോഗ്രാഫര്മാര്, വിദ്യാര്ഥികള് തുടങ്ങി കൂടുതല് ഫയല് എക്സ്ചേഞ്ച് കൈകാര്യം ചെയ്യുന്ന ഉപയോക്താക്കള്ക്ക് സൗജന്യ സ്റ്റോറേജ് മതിയാകണമെന്നില്ല. അത്തരം സാഹചര്യങ്ങളില് പണമടച്ചുള്ള google one പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടി വരും. അങ്ങനെയുള്ളപ്പോള് രണ്ട് ഗൂഗിള് അക്കൗണ്ട് ഉപയോഗിക്കുന്നത് ഒരു ഓപ്ഷനാണ്.
Content Highlights : There's a way to find storage space in Gmail without spending money