ഐഫോണിലെ ആ 'മാറ്റം' പെട്ടെന്ന് പ്രതീക്ഷിക്കേണ്ട; പുതിയ പരീക്ഷണം ഉടനില്ലെന്ന് റിപ്പോർട്ട്

അടുത്ത വർഷം എന്തായാലും ഐഫോൺ ഫോൾഡ് ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ.

ഐഫോണിന് ലോകമെങ്ങും നിരവധി ആരാധകരാണുള്ളത്. ഓരോ ഐഫോൺ ലോഞ്ചിന്റെ അന്നും നിരവധി പേരാണ് ഐഫോൺ വാങ്ങാനെത്താറുള്ളത്. ഇയ്യിടെ പുറത്തിറങ്ങിയ ഐഫോൺ 17 വാങ്ങാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇങ്ങനെ വലിയ ഫാൻ ഫോളോവിങ് ഉണ്ട് എന്നിരിക്കെ ഐഫോണിനെതിരെ ഒരുപാട് വിമർശനങ്ങളും ഉയരാറുണ്ട്. അത് പ്രധാനമായും ഡിസൈനിനെ പറ്റിയാണ്.

മറ്റെല്ലാ കമ്പനികളും ഫോൾഡ് ടൈപ്പ് ഫോണുകൾ വരെ എത്തിക്കഴിഞ്ഞിരിക്കെ ആപ്പിൾ ഇപ്പോഴും പഴയ സെറ്റിലാണ് നിൽക്കുന്നത് എന്ന വിമർശനമാണ് ഉയരാറുള്ളത്. ഇതിനിടെ ആപ്പിൾ അടുത്ത വർഷത്തോടെ ഐഫോൺ ഫോൾഡ് പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അടുത്ത വർഷവും അവ ഉണ്ടായേക്കില്ല എന്നാണ് ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ.

ഫോൾഡിന് വേണ്ടിയുള്ള ഡിസൈൻ സംബന്ധിച്ചുള്ള പ്രശ്‍നങ്ങളാണ് കാരണം എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ മടക്കാനും തുറക്കാനുമായി ഫോണിന്റെ മധ്യഭാഗത്തായി ഉണ്ടാകുന്ന 'ഹിൻജ്' എന്ന സംവിധാനത്തിന്റെ ഡിസൈനിലാണ് പ്രശ്നം എന്നാണ് സൂചന. അതുകൊണ്ടുതന്നെ അടുത്ത വർഷം എന്തായാലും ഐഫോൺ ഫോൾഡ് ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ.

ആപ്പിൾ ഇനിയും ഫോൾഡിന് വേണ്ടിയുള്ള ഡിസൈൻ അന്തിമമായി തീരുമാനിച്ചിട്ടില്ല എന്നും പ്രധാനപ്പെട്ട ഭാഗങ്ങൾക്ക് വേണ്ടിയുള്ള സ്പെസിഫിക്കേഷനുകൾ തീരുമാനിച്ചിട്ടില്ല എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിലെ സാഹചര്യത്തിൽ 2026 സെപ്റ്റംബറോടെ ഐഫോൺ ഫോൾഡ് പുറത്തിറങ്ങാനുള്ള സാധ്യതയില്ലെന്നും ഇനിയും സമയമെടുത്തേക്കുമെന്നും ജാപ്പനീസ് നിക്ഷേപ കമ്പനിയായ മിസുഹോ സെക്യൂരിറ്റീസ് പറയുന്നു.

ഹിൻജുകൾ സൂക്ഷ്മതയോടെ ഡിസൈൻ ചെയ്യേണ്ടവയാണ് എന്നതാണ് ഫോൾഡ് വൈകുന്നതിന് കാരണം. ഒരുതരത്തിലും എളുപ്പവഴികൾ സ്വീകരിക്കാതെ, കൃത്യമായി പഠിച്ച ശേഷം സാങ്കേതികമായി മികച്ചുനിൽക്കുന്ന ഹിൻജുകൾ നിർമിക്കുക എന്നതാണ് ആപ്പിളിന്റെ ലക്ഷ്യം. ഒരു ചെറിയ പിഴവ് പോലും ഡിസൈനിൽ വലിയ അപാകതകൾ വരുത്തും എന്നതിനാൽ വളരെ സൂക്ഷിച്ചാണ് ആപ്പിൾ നടപടികളിലേക്ക് കടക്കുന്നത്.

ഐഫോൺ ഫോൾഫിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഫോണിന്റെ പുറത്തെ ഡിസ്പ്ലേ 5.38 ഇഞ്ചും അകത്തെ ഡിസ്പ്ലേ 7.58 ഇഞ്ചുമായിരിക്കും എന്നാണ് വിവരം. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളിലേതിനേക്കാൾ കുറവാണ് ഇവ. മടക്കികഴിഞ്ഞാൽ, ഇപ്പോൾ നിലവിലില്ലാത്ത ഐഫോൺ മിനിയുടെ അത്രയും തന്നെയാകും ഫോർഡും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. രണ്ട് സ്ക്രീനുകൾ ഉള്ളതിനാൽ കസ്റ്റം A20 പ്രൊ ചിപ്പ്സെറ്റ് ആകും ആപ്പിൾ ഉപയോഗിച്ചേക്കുക. 5,000–5,500 mAh ആകും ബാറ്ററി ലൈഫ് എന്നും കരുതുന്നു .

അഥവാ 2027ൽ ഫോൾഡ് പുറത്തിറക്കിയാലും വലിയ രീതിയിൽ ഉത്പാദനം ഉണ്ടായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഫോൾഡബിൾ ഐഫോൺ നിർമിക്കാനുള്ള ബുദ്ധിമുട്ടാണ് കാരണം. പക്ഷെ കുറവ് യൂണിറ്റുകൾ നിർമിക്കുക എന്നത് ഫോണിന്റെ ക്വാളിറ്റിയും മറ്റും വർധിപ്പിക്കാൻ സഹായിച്ചേക്കും എന്നാണ് ആപ്പിൾ കരുതുന്നത്.

Content Highlights: iphone fold may not get launched by 2026

To advertise here,contact us