'കൊറോണ'യുടെ ചാരക്കണ്ണുകൾ പകർത്തിയ ചിത്രങ്ങൾ ഗംഗാനദിക്ക് പുതുജീവനേകും! പദ്ധതിയുമായി യുപി

'കൊറോണ'യിലെ ചിത്രങ്ങൾ ഗംഗ ഏറ്റവും സുന്ദരമായി ഒഴുകിയിരുന്ന സമയത്തേതാണ്. പക്ഷേ അവിടെ നിന്നും 2019ലേക്ക് വരുമ്പോൾ ഉണ്ടായ മാറ്റം വലിയതാണ്.

ഗംഗാനദിയുടെ ശുചീകരണത്തിനായുള്ള ദേശീയ മിഷന്റെ ഭാഗമായി ഐഐടി കാൻപൂർ ഒരു പ്രധാന പ്രോജക്ട് പുറത്തിറക്കിയിരിക്കുകയാണ്. ഗംഗാനദിയുടെ പഴയകാലത്തിലൂടെ അതിന്റെ ഭാവി നിർണയിക്കാനുള്ള പുതുവഴി സ്വീകരിക്കുകയാണെന്നും ഇത് ചരിത്രപരമായ തീരുമാനമാണെന്നുമാണ് യുപി സർക്കാർ അറിയിച്ചിരിക്കുന്നത്. അമേരിക്കൻ ചാര ഉപഗ്രഹ സീരീസിലെ കൊറോണ 1965ൽ പകർത്തിയ ഗംഗാനദിയുടെ ചിത്രങ്ങളും 2018- 2019 വർഷങ്ങളിൽ പകർത്തിയിട്ടുള്ള അഡ്വാൻസ്ഡ് സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഏകോപിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.

എന്തെല്ലാം പ്രധാന മാറ്റങ്ങളാണ് നദിയുടെ മോർഫോളജി അഥവാ രൂപശാസ്ത്രം, ഒഴുക്ക്, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇതിന് കരയിലെ ഭൂമിയുടെ ഉപയോഗം എന്നിവയെല്ലാം ഇതിലൂടെ മനസിലാക്കിയ ശേഷമാണ് പ്രവർത്തനങ്ങൾ കൃത്യമാക്കുക. ഗംഗയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി മികച്ച ഒരു ബ്ലൂപ്രിന്റ് തന്നെയാണ് സജ്ജീകരിക്കുന്നത്. അതും കൃത്യമായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ. ഗംഗാനദിയുമായി ബന്ധപ്പെട്ട ഗംഗാ നോളജ് സെന്ററിന്റെ ഭാഗമാണ് പദ്ധതി. ഇവിടെ നദിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, പോർട്ടലുകൾ, ഡാറ്റാസെറ്റുകൾ എന്നിവ ലഭിക്കും. ഇത് നദിയുടെ പുനരുജ്ജീവനത്തിന് മാർഗനിർദേശം നൽകാൻ വഴിയൊരുക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

കൊറോണയിലെ ചിത്രങ്ങൾ ഗംഗ ഏറ്റവും സുന്ദരമായി ഒഴുകിയിരുന്ന സമയത്തേതാണ്. പക്ഷേ അവിടെ നിന്നും 2019ലേക്ക് വരുമ്പോൾ ഉണ്ടായ മാറ്റം വലിയതാണ്. തടയിണകളും നിയന്ത്രണങ്ങളുമെല്ലാം നദിയുടെ ഒഴുക്കിനെ തന്നെ സ്വാധീനിച്ചു. ഈ താരതമ്യ പഠനം പുതിയ പദ്ധതിക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഇത് ഉപയോഗിച്ച് ഐഐടിയിലെ ശാസ്ത്രജ്ഞർ മാപ്പുകൾ തയ്യാറാക്കി, എങ്ങനെയാണ് ഗംഗയ്ക്ക് അതിന്റെ പഴയ ഒഴുക്കും രീതികളും തിരിച്ചുപിടിക്കാൻ കഴിയുക, തീരങ്ങളിലെ ഭൂമിയുടെ ശരിയായ ഉപയോഗം എങ്ങനെ നദിയുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു എന്നിവയിലൊക്കെ മതിയായ മാറ്റം കൊണ്ടുവരാൻ സാധിക്കും.

ഭൂമി കയ്യേറ്റം, നഗരവത്കരണം, കാർഷികമായി അഭിവൃദ്ധി എന്നിവയെല്ലാം നദിയുടെ പ്രകൃതിദത്തമായ സന്തുലിതാവസ്ഥയെ എങ്ങനെ ബാധിച്ചുവെന്ന് ഈ എൻഎംസിജി പദ്ധതിയിലൂടെ മനസിലാക്കാൻ സാധിക്കും. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഒരു വെബ് - ജിഐഎസ് ലൈബ്രറി വികസിപ്പിക്കും ഇത് ഭാവിയിൽ നയങ്ങളും മറ്റ് പദ്ധതികളും നടപ്പിലാക്കാൻ സഹായിക്കും. ഗംഗാനദിയുടെ ശാസ്ത്രീയമായ ഒരു ഹെൽത്ത് മാപ്പ് സൃഷ്ടിക്കാൻ പുതിയ പദ്ധതിയുടെ കീഴിയിൽ നിർണായകമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. കൊറോണയിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ഗംഗാ ബേസിനുകളുടെ അതിരുകൾ നിർണയിച്ച് കൃത്യമായി മാപ്പുചെയ്യും.

1965 മുതൽ 75 വരെയുള്ള കൊറോണ പകർത്തിയ ചിത്രങ്ങളും നിലവിലെ ചിത്രങ്ങളും നദി തീരത്തുണ്ടായ മാറ്റങ്ങൾ കൃത്യമായി വിലയിരുത്താൻ സഹായിക്കുന്നവയാണ്. ഗംഗയുടെ സംരക്ഷണത്തിനായി വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ തുടക്കമായി മാറുമെന്നാണ് ഐഐടി കാൻപൂരിലെ ശാസ്ത്രജ്ഞർ പറയുന്നത്. സാങ്കേതികമായ വെല്ലുവിളികളുണ്ടെങ്കിലും ചിത്രങ്ങൾ കൃത്യമായി സംയോജിപ്പിച്ച് വലിയ നേട്ടമുണ്ടാകാനായി പ്രവർത്തിക്കുകയാണ് ഗവേഷക സംഘം.Content Highlights: IIT Kanpur Scientist using US spy satellite Corona captured images for Ganga River rejuvenation

To advertise here,contact us