ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ അപകടത്തില്‍; മുന്നറിയിപ്പുമായി കേന്ദ്രം

ആപ്പിളിന്റെ ഇന്റേണല്‍ മെസേജിങ് ഫ്രെയിംവര്‍ക്കായ ഡാര്‍വിന്‍ നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിലാണ് ഗുരുതരമായ ഒരു പോരായ്മയുള്ളത്.

ആപ്പിളിന്റെ ഐഒഎസ്, ഐപാഡ്ഒഎസ് സോഫ്‌റ്റ്വെയറുകളിലെ അപകടസാധ്യതകളെ കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. ഈ സോഫ്റ്റ്‌വെയറുകളിലെ പോരായ്മകള്‍ ചൂഷണം ചെയ്ത് ഡേറ്റകള്‍ ചോര്‍ത്താനോ, ഉപകരണം പൂര്‍ണമായും ഉപയോഗശൂന്യമാക്കാനോ സാധിക്കുമെന്ന് കേന്ദ്ര പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് ഇതുസംബന്ധിച്ച് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം പഴയതും പുതിയതുമായ മോഡലുകള്‍ക്ക് ഭീഷണിയുണ്ട്.

18.3 ന് മുമ്പുള്ള ഐഒഎസ് പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളും 17.7.3 അല്ലെങ്കില്‍ 18.3 ന് മുമ്പുള്ള ഐപാഡ്ഒഎസ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡുകളും ഈ ഭീഷണി നേരിടുന്നവയാണ്. ഐഫോണ്‍ തട ഉം പുതിയ മോഡലുകളും, ഐപാഡ് പ്രോ, ഐപാഡ് ആറാം തലമുറയും അതിന് മുകളിലുള്ളതും, ഐപാഡ് എയര്‍ മൂന്നാംതലമുറ മുതലുള്ളതും ഐപാഡ് മിനി അഞ്ചാംതലമുറ മുതലുള്ളതും ഇത്തരത്തിലുള്ള ഭീഷണി നേരിടുന്നു.

ആപ്പിളിന്റെ ഇന്റേണല്‍ മെസേജിങ് ഫ്രെയിംവര്‍ക്കായ ഡാര്‍വിന്‍ നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിലാണ് ഗുരുതരമായ ഒരു പോരായ്മയുള്ളത്. പ്രത്യേക അനുമതികളില്ലാതെ ഏതൊരു ആപ്പിക്ലേഷനും സെന്‍സിറ്റീവ് സിസ്റ്റം ലെവല്‍ നോട്ടിഫിക്കേഷന്‍ അയയ്ക്കാന്‍ സാധിക്കും. ഇത് ദുരുപയോഗം ചെയ്യപ്പെടുകയാണെങ്കില്‍ ഉപകരണത്തെ തകരാറിലാക്കാനാകും.

ഈ പോരായ്മകളുടെ ആഘാതം വലുതായിരിക്കുമെന്നാണ് മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നത്. ഹാക്കര്‍മാര്‍ക്ക് വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ചോര്‍ത്താനും സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അവരുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാനും സാധിക്കും. ഏറ്റവും പ്രധാനം ഉപകരണം പൂര്‍ണമായി പ്രവര്‍ത്തനരഹിതമാക്കാന്‍ അവര്‍ക്ക് സാധിക്കും എന്നുള്ളതാണ്.

ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനായി ആപ്പിള്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്.ഉപയോക്താക്കള്‍ തങ്ങളുടെ ഡിവൈസുകള്‍ ഐഒഎസ്, ഐപാഡ്ഒഎസ് ന്‍റെ ഏറ്റവും പുതിയ ലഭ്യമായ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണ് പ്രതിവിധി. അതുപോലെത്തന്നെ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വെരിഫൈ ചെയ്ത ആപ്പാണോ എന്ന് ഉറപ്പുവരുത്തണം.

Content Highlights: iPhone users in India at high risk, Indian government issues warning

To advertise here,contact us