പുതിയ കാര്‍ വാങ്ങാനോ വാണിജ്യ വാഹനം (Commercial vehicle)സ്വന്തമാക്കാനോ വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്കുന്ന കുറഞ്ഞ ഇഎംഐ (EMI) ഓഫറുകള്‍ ആകര്‍ഷകമായി തോന്നാം. എന്നാല്‍ കുറഞ്ഞ പ്രതിമാസ തിരിച്ചടവ് എന്നത് വായ്പയുടെ ആകെ ചെലവ് കുറവാണെന്ന് അര്‍ഥമാക്കുന്നില്ല. വായ്പ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ആറ് പ്രധാന കാര്യങ്ങള്‍ അറിയാം.
മാസമുള്ള തിരിച്ചടവ് കുറയ്ക്കാന്‍ വായ്പയുടെ കാലാവധി കൂട്ടാറുണ്ട്. എന്നാല്‍ കാലാവധി കൂടുമ്പോള്‍ ആകെ അടയ്ക്കേണ്ട പലിശയും വര്‍ധിക്കാം. അതിനാല്‍ ഇഎംഐ മാത്രം നോക്കാതെ പലിശനിരക്ക്, പ്രോസസിങ് ഫീസ്, മറ്റ് ചാര്‍ജുകള്‍ എന്നിവ കൂടി താരതമ്യം ചെയ്യണം. വായ്പയുടെ യഥാര്‍ഥ ചെലവ് മനസിലാക്കാന്‍ വാര്‍ഷിക ശതമാന നിരക്കായ എപിആര്‍ (APR) പരിശോധിക്കാം. വായ്പയുമായി ബന്ധപ്പെട്ട പ്രധാന ചെലവുകള്‍ വ്യക്തമാക്കുന്ന കീ ഫാക്ട്സ് സ്റ്റേറ്റ്മെന്റും (KFS) ശ്രദ്ധയോടെ വായിക്കണം.
വാഹനം വാങ്ങുമ്പോള്‍ ഡൗണ്‍ പേയ്മെന്റ്, രജിസ്ട്രേഷന്, റോഡ് ടാക്സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകളുമുണ്ട്. വാഹനം നിരത്തിലിറങ്ങിയാല്‍ ഇന്ധനം, സര്‍വീസിങ്, ടയര്‍ മാറ്റല്‍, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കും പണം കണ്ടെത്തണം. ഇതെല്ലാം കണക്കാക്കിയ ശേഷമേ പ്രതിമാസം എത്ര രൂപയുടെ EMI താങ്ങാനാകുമെന്ന് തീരുമാനിക്കാവൂ.
ബാങ്ക് വായ്പ അനുവദിച്ചാലും ഭാവിയില്‍ തിരിച്ചടവ് ബുദ്ധിമുട്ടാകില്ലെന്ന് ഉറപ്പില്ല. ജോലി നഷ്ടപ്പെടുക, വരുമാനം കുറയുക, അപ്രതീക്ഷിത ചികിത്സാച്ചെലവുകള്‍ വരിക തുടങ്ങിയ സാഹചര്യങ്ങള്‍ തിരിച്ചടവിനെ ബാധിക്കാം. അതിനാല്‍ കുറഞ്ഞത് മൂന്ന് മാസത്തെ EMIയ്ക്ക് തുല്യമായ തുക അടിയന്തര ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത് നല്ലതാണ്.
കൂടുതല്‍ ഡൗണ്‍ പേയ്മെന്റ് നല്കിയാല് വായ്പയെടുക്കേണ്ട തുക കുറയും. ഇതിലൂടെ ഇഎംഐയും ആകെ പലിശച്ചെലവും കുറയ്ക്കാന്‍ കഴിയും.അതേസമയം, മുഴുവന്‍ സമ്പാദ്യവും ഡൗണ്‍ പേയ്മെന്റിനായി ചെലവഴിക്കരുത്. അടിയന്തര ആവശ്യങ്ങള്‍ക്കും മറ്റ് വാഹനച്ചെലവുകള്ക്കുമായി പണം കൈവശം സൂക്ഷിക്കണം.വായ്പയുടെ കാലാവധിക്കിടെ വാഹനത്തിന്റെ വിപണിമൂല്യം കുറഞ്ഞേക്കാമെന്ന കാര്യവും ഓര്‍ക്കണം. വാഹനം വില്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ ലഭിക്കുന്ന തുക വായ്പയുടെ ബാക്കി അടയ്ക്കാന്‍ മതിയാകാതെ വരാം.
വാഹനത്തിന് അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കണം. പോളിസിയില്‍ ഉള്‍പ്പെടുന്ന പരിരക്ഷകള്‍, ഒഴിവാക്കിയിരിക്കുന്ന കാര്യങ്ങള്‍, ക്ലെയിം ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്നിവ മനസിലാക്കണം. വാഹനം വ്യക്തിഗത ആവശ്യത്തിനാണോ വാണിജ്യ ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ കൃത്യമായി അറിയിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ക്ലെയിമിനെ ബാധിച്ചേക്കാം.
വായ്പയുടെ ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നത് പ്രധാനമാണ്. തിരിച്ചടവ് മുടങ്ങുകയോ വൈകുകയോ ചെയ്താല്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടിനെ ബാധിക്കാം. ഭാവിയില്‍ വായ്പ ലഭിക്കുന്നതിനും അനുകൂലമായ പലിശനിരക്ക് നേടുന്നതിനും ഇത് തടസമാകാം. തിരിച്ചടവില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ കുടിശ്ശിക വര്‍ധിക്കുന്നതിന് മുമ്പ് വായ്പ നല്കിയ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ സമീപിച്ച് ലഭ്യമായ മാര്‍ഗങ്ങള്‍ അന്വേഷിക്കണം.
കുറഞ്ഞ ഇഎംഐ വാഗ്ദാനം ചെയ്യുന്ന വായ്പ തിരഞ്ഞെടുക്കുന്നതിനു പകരം വരുമാനത്തിനും ചെലവുകള്‍ക്കും അനുയോജ്യമായ വായ്പ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. വ്യത്യസ്ത ബാങ്കുകളുടെ പലിശനിരക്കും ഫീസുകളും തിരിച്ചടവ് കാലാവധിയും താരതമ്യം ചെയ്ത് വായ്പാ കരാറിലെ വ്യവസ്ഥകള്‍ മനസിലാക്കിയ ശേഷം മാത്രം തീരുമാനമെടുക്കുക.
Content Highlights :When taking out a vehicle loan, you shouldn't just look at the monthly repayment amount. You must also be aware of the interest, other associated costs, and the repayment tenure.