ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന പെരിയാറിൻ്റെ പ്രതിമ നീക്കം ചെയ്തു; നടപടി മദ്രാസ് ഹൈക്കോടതി ഉത്തരവിൽ

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി

അരുൾമിഗു ബ്രഹ്മശിരകണ്ടീശ്വരർ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഇ വി രാമസാമി പെരിയാറിന്റെ പ്രതിമ

ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ തിരുവയ്യാറിന് സമീപം കണ്ടിയൂരിലെ അരുള്‍മിഗു ബ്രഹ്മശിരകണ്ടീശ്വരർ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന സാമൂഹിക പരിഷ്‌കർത്താവ് ഇ വി രാമസാമി പെരിയാറിന്റെ പ്രതിമ നീക്കം ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പുലർച്ചെ പ്രതിമ നീക്കം ചെയ്തത്. ക്രെയിൻ ഉപയോഗിച്ച് മാറ്റിയ പ്രതിമ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി.

പെരിയാറിന്റെ പ്രതിമ നീക്കം ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൻ്റെ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ സുപ്രീം കോടതി ഇതുവരെ ഉത്തരവൊന്നും പുറപ്പെടുവിക്കാത്ത സാഹചര്യത്തിലാണ് പ്രതിമ നീക്കം ചെയ്തിരിക്കുന്നത്.

Thanjavur, Tamil Nadu: A statue of social reformer Periyar, installed in front of the Arulmigu Brahmasirakandeeswarar Temple at Kandiyur near Thiruvaiyaru, was removed overnight on November 28 in compliance with an order of the Madurai Bench of the Madras High Court. The statue was removed using a crane and transported to another location under police protection.

തഞ്ചാവൂർ ജില്ലയിലെ കണ്ടിയൂരിൽ അരുള്‍മിഗു ബ്രഹ്മശിരകണ്ടീശ്വരർ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള പ്രതിമയാണ് നിയമതർക്കത്തിന് കാരണമായത്. പ്രതിമ സ്ഥിതി ചെയ്യുന്ന ഭൂമിയും പ്രതിമയ്ക്ക് താഴെ ആലേഖനം ചെയ്തിട്ടുള്ള ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്ന പെരിയാറിന്റെ പരാമർശവുമാണ് നിയമതർക്കത്തിന് ആധാരം. ക്ഷേത്രഭൂമിയിൽനിന്ന് പ്രതിമ സുരക്ഷിതമായി നീക്കം ചെയ്ത് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തഞ്ചാവൂർ ജില്ലാ കളക്ടർക്ക് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ഒക്ടോബർ അവസാനം നിർദേശം നൽകിയിരുന്നു. ഇതിനായി നാലാഴ്ചത്തെ സമയപരിധിയും കോടതി അനുവദിച്ചിരുന്നു.

ജസ്റ്റിസുമാരായ പി വേൽമുരുകൻ, കെ കെ രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ച് ഉത്തരവിട്ടത്. രാമ രവികുമാറാണ് പ്രതിമ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ പതാകകളാൽ ചുറ്റപ്പെട്ട നിലയിലാണ് പ്രതിമയുള്ളത്. ദൈവമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പെരിയാറിന്റെ പ്രസംഗത്തിലെ ഭാഗങ്ങളും പ്രതിമയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്രവളപ്പിലും ഹിന്ദു ആരാധനാലയത്തിന് തൊട്ടുമുന്നിലും ഇത്തരം പരാമർശങ്ങൾ പ്രദർശിപ്പിക്കുന്നത് തികച്ചും അനുചിതമാണ് തുടങ്ങിയ അരോപണങ്ങളായിരുന്നു ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നത്.

റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ചതാണ് പ്രതിമയെന്നും നിലവിൽ പുറമ്പോക്ക് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും വാദത്തിനിടെ തഹസിൽദാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പ്രതിമ ക്ഷേത്രത്തിന്റെ ഭൂമിയിലാണെന്നും സ്ഥാപിക്കുന്ന സമയത്ത് തന്നെ ഇതിനെതിരെ എതിർപ്പ് അറിയിച്ചിരുന്നുവെന്നും ക്ഷേത്ര അധികൃതർ കോടതിയെ അറിയിക്കുകയായിരുന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് പ്രതിമ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകിയത്.

Content Highlights: A statue of social reformer Periyar installed in front of a temple has been removed following an order issued by the Madras High Court

To advertise here,contact us