കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിന് തിരിച്ചടി. പ്രതിപക്ഷ നേതാവായി ഋതബ്രത ബാനര്‍ജിയെ നിയമിച്ചത് റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതി. നിയമസഭാ സ്പീക്കറുടെ തീരുമാനം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഋതബ്രത ബാനര്‍ജിയുടെ പ്രതിപക്ഷ നേതാവ് പദവി റദ്ദാക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ നിയമനം പുനഃപരിശോധിക്കാന്‍ കോടതി സ്പീക്കര്‍ക്ക് നിര്‍ദേശം നല്കി. മമത ബാനര്‍ജി വിഭാഗത്തിന്റെ ഹര്‍ജിയിലാണ് നടപടിയുണ്ടായത്. അഖ്റുസ്സമാനെ പ്രതിപക്ഷ ചീഫ് വിപ്പായി നിയമിച്ച തീരുമാനവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഋതബ്രതയുടെ നിയമനം റദ്ദാക്കിയത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്, വിമത തൃണമൂല്‍ കോണ്‍ഗ്രസ് വിഭാഗത്തിന്റെ നേതാവായ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായും അക്രുസ്സമാനെ ചീഫ് വിപ്പായും നിയമസഭാ സ്പീക്കര്‍ രതിന്ദ്ര ബോസ് നിയമിച്ചിരുന്നു.
സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവും മുതിര്‍ന്ന എംഎല്‍എയുമായ സോവന്ദേബ് ചട്ടോപാധ്യായ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ, ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഋതബ്രത ബാനര്‍ജിയെയും അക്രുസ്സാമനെയും രണ്ട് മാസത്തേക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിച്ചിരുന്നു. ഈ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും ഹര്‍ജിയുമായി സോവന്ദേബ് ചട്ടോപാധ്യായ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: The High Court has cancelled Rituparna Banerjee's appointment as Opposition Leader, marking a setback for the Trinamool Congress rebels.