എസ്‌ഐആറില്‍ പിതാവിന്റെ പേരില്ല; ബംഗാളില്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് പരാതി

കൂടാതെ, താന്‍ ബംഗ്ലാദേശ് പൗരനാണെന്നും ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നും എംൽഎ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹബീബ് ആരോപിച്ചു

Abdul Habeeb

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയില്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്കിടെ പിതാവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി ആരോപണം. കൂച്ച് ബിഹാറിലെ ഖതാമാരി ഗ്രാമത്തിലെ നിവാസികളായ അബ്ദുള്‍ ഹബീബിന്റെയും ഭാര്യ ആമിന ഖാതുനിന്റെയും മകള്‍ക്കാണ് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.

സെപ്റ്റംബര്‍ ഒമ്പതിനാണ് ദിന്‍ഹത സബ് ഡിവിഷണല്‍ ആശുപത്രിയിലാണ് ആമിന ഖാതുന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് ശേഷം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അവര്‍ ആശുപത്രി അധികൃതരെയും പ്രാദേശിക പഞ്ചായത്ത് ഓഫീസിനെയും സമീപിച്ചപ്പോള്‍, പഞ്ചായത്ത് പ്രധാനില്‍ നിന്നോ പ്രാദേശിക എംഎല്‍എയില്‍ നിന്നോ റസിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. നിലവില്‍ പഞ്ചായത്ത് പ്രധാന്‍ ഇല്ലാത്ത അവസ്ഥയാണ്. തുടര്‍ന്ന് അബ്ദുള്‍ ഹബീബ് ദിന്‍ഹത എം.എല്‍.എ അജോയ് റോയിയുടെ ഓഫീസിനെ സമീപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടു.

എസ്‌ഐആര്‍ പ്രക്രിയയില്‍ ഹബീബിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനാലാണ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് എംഎല്‍എ ഓഫീസിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടാതെ, താന്‍ ബംഗ്ലാദേശ് പൗരനാണെന്നും ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) വഴി രജിസ്റ്റര്‍ ചെയ്യണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹബീബ് ആരോപിച്ചു. സാഹെബ്ഗഞ്ച് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും ഇതേ കാരണത്താല്‍ ഹബീബിന്റെ അപേക്ഷ നിരസിക്കുകയുണ്ടായി.

'ഞാന്‍ ജനിച്ചതുമുതല്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഖതാമാരിയിലെ എന്റെ വീട് എന്റെ മുത്തശ്ശന്‍ പണിതതാണ്. ഞാന്‍ എന്റെ എല്ലാ രേഖകളും അവരെ കാണിച്ചെങ്കിലും അവര്‍ അത് നിരസിക്കുകയാണുണ്ടായത്,' അബ്ദുള്‍ ഹബീബ് പറഞ്ഞു.

തന്റെ വോട്ടര്‍ പട്ടികയിലെ പദവി മകളുടെ ജനന സര്‍ട്ടിഫിക്കറ്റിനെ എങ്ങനെ ബാധിക്കുമെന്ന് ഹബീബ് ചോദ്യം ചെയ്തു. തന്റെ ഭാര്യ ആമിന ഖാതുന്‍ വോട്ടര്‍ പട്ടികയിലുള്ള ആളാണെന്നും, തങ്ങള്‍ക്ക് മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റുകളും തന്റെ പിതാവിന്റെ പേരുള്ള 2002ലെ വോട്ടര്‍ പട്ടിക ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും കൈവശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എസ്‌ഐആര്‍ പ്രക്രിയയ്ക്കിടെ ചില പൊരുത്തക്കേടുകളുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഹബീബിന്റെയും അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാരുടെയും പേരുകളാണ് ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തത്. അതേസമയം, ഹബീബിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും ഒരു സഹോദരിയുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ തടസ്സമില്ലാതെ നിലനില്‍ക്കുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയതിനെതിരെ ഹബീബ് അപ്പലേറ്റ് ട്രൈബ്യൂണലിന് മുന്‍പാകെ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ തീര്‍പ്പ് കാത്തിരിക്കുകയാണ്.

കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) രംഗത്തെത്തി. 'ജനന രജിസ്‌ട്രേഷന്‍ എന്നത് ഒരു നിയമപരമായ ബാധ്യതയാണ്. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച കണ്‍വെന്‍ഷനിലെ (UNCRC) ആര്‍ട്ടിക്കിള്‍ 7 പ്രകാരം ഏതൊരു കുട്ടിക്കും ഉടനടി രജിസ്‌ട്രേഷനും നിയമപരമായ വ്യക്തിത്വത്തിനും അവകാശമുണ്ട്. കുട്ടിയുടെ നിയമപരമായ വ്യക്തിത്വത്തിനുള്ള അവകാശം മാതാപിതാക്കളുടെ വോട്ടര്‍ പട്ടികയിലെ പദവിയുമായി ബന്ധിപ്പിക്കാന്‍ പാടില്ല. എസ്‌ഐആര്‍ സംബന്ധിച്ച ഭരണപരമായ തര്‍ക്കങ്ങള്‍ ഒരു നവജാത ശിശുവിന്റെ മൗലികാവകാശങ്ങള്‍ക്ക് തടസ്സമാകരുത്,' എപിസിആര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'ഒരു കുട്ടിയുടെ വ്യക്തിത്വത്തിനുള്ള അവകാശം തെരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്‍ തളച്ചിടപ്പെടാന്‍ പാടില്ല. മാതാപിതാക്കളുടെ ഭരണപരമോ തിരഞ്ഞെടുപ്പ് പരമോ ആയ പദവി കാരണം ഒരു നവജാത ശിശുവും ദുരിതം അനുഭവിക്കേണ്ടതില്ല,'പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കൂച്ച് ബിഹാര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അടിയന്തര നിയമ നിവേദനം നല്‍കുമെന്ന് എപിസിആര്‍ വ്യക്തമാക്കി.

അബ്ദുള്‍ ഹബീബ് യഥാര്‍ത്ഥ വോട്ടറാണെങ്കില്‍, അദ്ദേഹത്തിന്റെ പേര് തീര്‍ച്ചയായും വോട്ടര്‍ പട്ടികയില്‍ലുണ്ടാകും. ട്രൈബ്യൂണലിനെ സമീപിച്ച് അപ്പീല്‍ നല്‍കട്ടെ. അദ്ദേഹം ഇവിടെയുള്ള യഥാര്‍ത്ഥ നിവാസിയാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ബിജെപി കുച്ച്ബിഹാര്‍ ജില്ലാ പ്രസിഡന്റ് അഭിജിത് ബര്‍മന്‍ പറഞ്ഞത്. നിയമാനുസൃതമായ പ്രക്രിയയിലൂടെയും ഉചിതമായ നിയമ സംവിധാനത്തിലൂടെയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'എസ്‌ഐആര്‍ പ്രക്രിയയില്‍ യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നു. കൂച്ച് ബിഹാറിലെ പ്രധാന വിഷയമാണിത്, യഥാര്‍ത്ഥ പൗരന്മാരുടെ പേരുകള്‍ പുനഃസ്ഥാപിക്കുന്നതുവരെ ഞങ്ങള്‍ സമരം തുടരും,' കോണ്‍ഗ്രസ് കൂച്ച് ബിഹാര്‍ ജില്ലാ പ്രസിഡന്റ് ബിശ്വജിത് സര്‍ക്കാര്‍ പറഞ്ഞു. ഹബീബ് പ്രാദേശിക മുസ്‌ലിം രാജ്ബന്‍ഷി വിഭാഗത്തില്‍പ്പെട്ട പ്രദേശത്തെ പരമ്പരാഗത നിവാസിയാണെന്നും, യഥാര്‍ത്ഥ പൗരന്മാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ബിശ്വജിത് സര്‍ക്കാര്‍ ആരോപിച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എസ്‌ഐആര്‍ പ്രക്രിയയില്‍ ഏകദേശം 91 ലക്ഷം പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടത്. വോട്ടര്‍ പട്ടികയിലെ ഒഴിവാക്കലുകള്‍ക്കെതിരെ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും അടങ്ങുന്ന അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, വോട്ടര്‍ പട്ടിക പരിശോധനയിലൂടെ ഇലക്ഷന്‍ കമ്മീഷന് ഒരാളുടെ പൗരത്വം തീരുമാനിക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ അപ്പീലുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സുപ്രീം കോടതി ട്രൈബ്യൂണലുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Content Highlight: A two-and-a-half-month-old baby in West Bengal's Cooch Behar district was allegedly denied a birth certificate after her father, Abdul Habib, was removed from the electoral roll during the Special Intensive Revision (SIR) process. Officials reportedly refused to issue a residential verification certificate, claiming that Habib's name was missing from the voter list and questioning his citizenship. Habib maintains that he has lived in India since birth and possesses supporting documents, including his father's name in the 2002 electoral roll. The Association for Protection of Civil Rights (APCR) condemned the denial, citing the child's right to birth registration under Article 7 of the UN Convention on the Rights of the Child. Political leaders from the BJP and Congress also responded to the controversy, while Habib's appeal against his voter-list deletion remains pending before an appellate tribunal.

To advertise here,contact us