ലഖ്നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന് (Communal Polarisation) പകരം സാമൂഹിക ധ്രുവീകരണം (Social Polarisation) ദൃശ്യമാകുമെന്ന് സമാജ്വാദി പാര്‍ട്ടിയിലെ (എസ്പി) മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ റാംജി ലാല്‍ സുമന്. ബിജെപിയുടെ വൈകാരിക രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് മടുപ്പ് തോന്നിയിട്ടുണ്ടെന്നും ജനങ്ങള്‍ പ്രശ്നാധിഷ്ഠിത ഭരണത്തിനാണ് ആഗ്രഹിക്കുന്നതെന്നും 'ദ ഹിന്ദു'വിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ദളിത്-ഒബിസി ഐക്യത്തെ പരാമര്‍ശിച്ച് 'ജാതിമതിലുകള്‍ തകരും (Jaatiyaan tootengi)' എന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം, സുരക്ഷ, തൊഴില്‍ തുടങ്ങിയ ഒരേ തരത്തിലുള്ള അടിയന്തര പ്രശ്നങ്ങളാണ് ഭൂരിഭാഗം ജനങ്ങളും നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ഹിന്ദു-മുസ്ലിം വിഷയങ്ങളില്‍ എത്രകാലം ജനങ്ങളെ ഇളക്കിവിടും?' എന്ന് റാംജി ലാല്‍ സുമന് ചോദിച്ചു. 'രാമനോടുള്ള ഇക്കൂട്ടരുടെ ഭക്തി ജനങ്ങള്‍ കണ്ടുകഴിഞ്ഞു; ഇനി ഇവരുടെ മഥുര ആഖ്യാനം ജനങ്ങള്‍ വിശ്വസിക്കില്ല' എന്ന് ഹത്രാസ് സ്വദേശിയും മുന്‍ ഫിറോസാബാദ് ലോക്സഭാ അംഗവുമായ സുമന് പറഞ്ഞു. 'പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ ഇനി ഹിന്ദുത്വയുടെ കാലാള്‍പ്പടയാളികള്‍ ആകില്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെക്കുറിച്ച് സംസാരിക്കവെ, തങ്ങളുടെ മൂന്ന് പ്രകടനപത്രികകളില്‍ ആദ്യത്തേത് വ്യാഴാഴ്ച പുറത്തിറക്കുമെന്നും പിന്നീട് ജില്ലാതല പ്രകടനപത്രികകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ നടപ്പിലാക്കാത്ത എസ്സി/എസ്ടി ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക മാത്രമല്ല, അത് പൂര്‍ണമായും വിനിയോഗിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്തുടനീളമുള്ള അംബേദ്കര്‍ പ്രതിമകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കര്‍ശനമായ നിയമനടപടികള്‍ കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തു.
യുപിയില്‍ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (NCRB) വിവരങ്ങള്‍ പരസ്യ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഒളിപ്പിക്കാന്‍ സര്‍ക്കാരിന് ഇനി സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. '50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കില്‍, എന്തുകൊണ്ടാണ് ഇപ്പോഴും 81 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്?' എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.
ജനവികാരം പുരോഗമന ശക്തികള്‍ക്ക് അനുകൂലമായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സുമന്, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യങ്ങളിലൂന്നിയ 'പ്രായോഗിക സമീപനം' സ്വീകരിക്കണമെന്നും സീറ്റ് ആവശ്യങ്ങള്‍ക്ക് കൃത്യമായ ന്യായീകരണം നല്‍കണമെന്നും ഉപദേശിച്ചു.
Content Highlight: Samajwadi Party Rajya Sabha MP Ramji Lal Suman has predicted that social polarisation, rather than the communal polarisation seen in Uttar Pradesh for years, will shape the upcoming Assembly elections. In an interview with The Hindu, he said people were growing tired of the BJP's emotional politics and wanted governance focused on everyday issues such as food, security and employment. Highlighting the possibility of Dalit-OBC unity, Suman said caste barriers would break and marginalised communities would no longer serve as foot soldiers of Hindutva. He also outlined the SP's proposed election manifesto, promising better utilisation of SC/ST budget allocations, legal protection for Ambedkar statues and action on crimes against Dalits. He urged the Congress to adopt a pragmatic approach to seat-sharing based on electoral realities.