ടിവികെ സർക്കാരിന് തിരിച്ചടി; അശ്ശീല സന്ദേശമയച്ച എംഎൽഎയ്ക്കെതിരെ പരാതി നൽകി കളക്ടർ

കള്ളക്കുറിച്ചി എംഎൽഎയായ അരുൾ വിഘ്നേഷ് കളക്ടർക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചെന്നും കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നുമാണ് ആരോപണം

Arul Vignesh - Joseph Vijay

ചെന്നൈ: അശ്ലീലസന്ദേശ വിവാദത്തിൽ ആരോപണവിധേയനായ ടിവികെ എംഎൽഎയ്ക്കെതിരെ പരാതി നൽകി കളക്ടർ. കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഘ്നേഷിനെതിരെയാണ് പൊലീസ് മേധാവിക്ക് കളക്ടർ പരാതി കൈമാറിയത്. എന്നാൽ ആരോപണം നിഷേധിച്ച് എംഎൽഎ അരുൾ വിഘ്നേഷ് രംഗത്തെത്തി. സംഭവത്തിൽ കളക്ടർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു ഇത്രയും നാൾ സർക്കാരിൻ്റെ വാദം.

വിഷയത്തിൽ മദ്രാസ് ഹൈക്കോടതി വ്യക്തത തേടിയതിന് പിന്നാലെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കളക്ടർ നേരിട്ട് പരാതി നൽകിയിട്ടുണ്ടോ എന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. ഇത് ടിവികെ സർക്കാരിന് വൻ തിരിച്ചടിയായിരിക്കുകയാണ്. എംഎൽഎക്കെതിരായ ആരോപണത്തിൽ കളക്ടർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

കള്ളക്കുറിച്ചി എംഎൽഎയായ അരുൾ വിഘ്നേഷ് കളക്ടറുടെ അശ്ലീലസന്ദേശങ്ങൾ അയച്ചെന്നും വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നുമാണ് ആരോപണം. ഡിഎംകെ നേതാവായ കനിമൊഴിയാണ് വിഷയം ഉന്നയിച്ചത്. എന്നാൽ, ടിവികെ എംഎൽഎയും പാർട്ടിയും മന്ത്രിമാരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

ഇതിനിടെയാണ് അഭിഭാഷകനായ ആർ ത്രിശൂലി എംഎൽഎക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, വിഷയത്തിൽ പൊലീസിനോ ചീഫ് സെക്രട്ടറിക്കോ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതോടെ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ പരാതിയുണ്ടോ എന്ന് കളക്ടറോട് അന്വേഷിച്ച് മറുപടി നൽകാനും ഹൈക്കോടതി പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി.

എംഎൽഎയ്ക്കെതിരായ ആരോപണത്തിൽ വിജയ് സർക്കാരിനെതിരെ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും രം​ഗത്തെത്തി. സർക്കാർ കോടതിയിൽ കള്ളം പറഞ്ഞത് അപലപനീയമാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ആരോപണം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രി വിജയ് ജില്ലാ കളക്ടറെ വിളിക്കണമായിരുന്നു. കളക്ടറുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാർക്ക് എന്ത് സുരക്ഷയാണുള്ളത്. ടിവികെ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നും എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

Content Highlights: Kallakurichi TVK MLA Arul Vignesh faces a police complaint from a woman district collector over allegations of sending obscene messages. The MLA denies the charges.

To advertise here,contact us