ലഖ്നൗ: ഉത്തര്‍പ്രേദേശിലെ അയോധ്യയെയും നേപ്പാളിലെ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന സരയൂ-കമല എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ തന്നെ ക്ഷണിക്കാതിരുന്നത് അയോധ്യയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സമാജ്വാദി പാര്‍ട്ടി എംപി അവധേഷ് പ്രസാദ്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ ജനപ്രതിനിധിയായി ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്തതാണെന്നും അവധേഷ് ഓര്‍മിപ്പിച്ചു. അയോധ്യയെ ജനക്പൂരുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ തന്നെ ഫോണിലൂടെ പോലും അറിയിച്ചിട്ടില്ലെന്നും പരിപാടിയുടെ ക്ഷണക്കത്ത് അയച്ചിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. അതേസമയം, ഈ സംരംഭത്തെ സ്വാഗതം ചെയ്ത അദ്ദേഹം, ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിന് ഇന്ത്യയുടെയും നേപ്പാളിന്റെയും പ്രധാനമന്ത്രിമാരെ അഭിനന്ദിക്കുകയും ചെയ്തു.
എന്നിരുന്നാലും, ഈ ഒഴിവാക്കല്‍ വ്യക്തിപരമായ അപമാനമല്ലെന്നും, തന്നെ എംപിയായി തിരഞ്ഞെടുത്ത ശ്രീരാമ ഭക്തരെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അറിയിക്കുകയോ പരിപാടിയിലേക്ക് ക്ഷണിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്നതില്‍ അദ്ദേഹം വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
അയോധ്യയെയും-ജനക്പുരിനെയും ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന സരയൂ-കമല എക്സ്പ്രസ് ട്രെയിന്‍ പദ്ധതി അയോധ്യ തീര്‍ത്ഥാടനത്തിന് നാഴികക്കല്ലാുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്ന് നേപ്പാളിലെ ജനക്പുര്‍ ധാമിലേക്ക് ഏകദേശം 604 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. യാത്രയ്ക്ക് ഏകദേശം 19 മണിക്കൂര്‍ വേണ്ടിവരും.
നവംബര്‍ 28 മുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതം ഇരുദിശകളിലേക്കും സ്ഥിരം സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. തീര്‍ഥാടകര്‍ക്ക് ട്രെയിന്‍ മാറാതെ ഇരു തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനാകും.
ട്രെയിന്‍ സര്‍വീസ് മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനായി എട്ട് സുപ്രധാന കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും തമ്മില്‍ ഡല്‍ഹിയില്‍ വച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കരാറുകള്‍ ഒപ്പുവെച്ചത്. ബഹിരാകാശ സാങ്കേതികവിദ്യ, സുരക്ഷ, ആരോഗ്യരംഗം, കൃഷി, നഗരവികസനം തുടങ്ങിയ മേഖലകളിലാണ് സഹകരണം ശക്തമാക്കുക.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ കൈക്കൊണ്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വിവിധ വികസന പദ്ധതികളില്‍ ധാരണയായത്. നേപ്പാള്‍ പ്രധാനമന്ത്രിയായ ശേഷമുള്ള ബാലേന്ദ്ര ഷായുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. നേപ്പാളിന്റെ വികസന യാത്രയില്‍ ഇന്ത്യ എന്നും പങ്കാളിയായിരിക്കുമെന്ന് മോദി പറഞ്ഞു.
Content Highlight: Samajwadi Party MP Avadhesh Prasad has criticised his exclusion from the flag-off ceremony of the Saryu-Kamala Express, which connects Ayodhya in Uttar Pradesh with Janakpur in Nepal. Representing the Faizabad constituency, which includes Ayodhya, he said the failure to invite or even inform him was an insult to the people who elected him. While welcoming the new railway service, he sought an explanation for the exclusion. The train will cover approximately 604 kilometres between the two pilgrimage centres, with a journey time of around 19 hours. The development comes alongside eight agreements between India and Nepal to strengthen bilateral cooperation in areas including security, healthcare, agriculture and space technology.