'ബാഹുബലിയാകാൻ ശ്രമിക്കുകയാണോ?' പൊലിസ് ഉദ്യോഗസ്ഥന് 1 രൂപ ഫൈനിട്ട ജഡ്ജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

'ഇത് ചെയ്യാൻ നിങ്ങളുടെ അധികാരപരിധി അനുവദിക്കുന്നുണ്ടോ? സാഹസികത മതിയാക്കി നാഷണൽ ജുഡീഷ്യൽ അക്കാദമിയിൽ പോയി പരിശീലനം നേടുക. നിങ്ങൾ ബാഹുബലിയാകാൻ ശ്രമിക്കുകയാണോ?' എന്നായിരുന്നു ബെഞ്ചിൻ്റെ പരിഹാസവും താക്കീതും

Supreme Court

ന്യൂഡൽഹി: നിയമപരമായ നടപടിക്രമങ്ങൾ ലംഘിച്ച് പൊലീസ് എസ്പിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുകയും ഒരു രൂപ പിഴ വിധിക്കുകയും ചെയ്ത ബിഹാറിലെ സെഷൻസ് ജഡ്ജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ജഡ്ജിയുടെ നിയമപരമായ അറിവ് ഞെട്ടിക്കുന്നതാണെന്നും 'ബാഹുബലി'യെപ്പോലെ പെരുമാറരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. തന്‍റെ നടപടികളെ വിമർശിച്ച പട്‌ന ഹൈക്കോടതി ഉത്തരവിനെതിരെ സെഷൻസ് ജഡ്ജി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം.

2023 ലെ ഒരു കേസിൽ വ്യാജതെളിവ് നൽകിയ വ്യക്തിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ അന്നത്തെ റോഹ്താസ് എസ്പിയോട് സെഷൻസ് ജഡ്ജി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാട്ടി, നിലവിൽ സാരൺ ജില്ലയിൽ എസ്പിയായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനെതിരെ ജഡ്ജി ഈ വർഷം ഓഗസ്റ്റിൽ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പ്രതീകാത്മകമായി ഒരു രൂപ പിഴ വിധിക്കുകയും ചെയ്തു. എന്നാൽ 2023 ലെ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കെ, വിചാരണക്കോടതി ജഡ്ജി തന്‍റെ അധികാരപരിധി ലംഘിച്ചാണ് നടപടിയെടുത്തതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

'നിയമത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് അങ്ങേയറ്റം മോശമാണ്. എസ്പിയെ വിളിച്ചുവരുത്തി ശിക്ഷിക്കാൻ നിങ്ങൾ അമിതാവേശം കാണിച്ചു. നീതി നടപ്പാക്കാനുള്ള നിങ്ങളുടെ ശ്രമത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു, പക്ഷേ നടപടിക്രമങ്ങൾക്കും അച്ചടക്കത്തിനും നമ്മളെല്ലാം വിധേയരാണ്. സാഹസികത മതി. ഒരു ജഡ്ജി എന്ന നിലയിൽ നിങ്ങളുടെ അധികാരപരിധി എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം,' ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് പാലിച്ചില്ല എന്നതുകൊണ്ട് മാത്രം സെഷൻസ് കോടതിക്ക് കോടതിയലക്ഷ്യ നടപടി എടുക്കാൻ കഴിയില്ലെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.

ബിഎൻഎസ്എസ് സെക്ഷൻ 384, സിആർപിസി സെക്ഷൻ 345 എന്നിവയുടെ പരിധി എന്താണെന്ന് ജഡ്ജി ആദ്യം മനസ്സിലാക്കണം. കോടതിമുറിക്കുള്ളിൽ വെച്ച് ആരെയെങ്കിലും തല്ലുകയോ, കോടതിയെ അധിക്ഷേപിക്കുകയോ, പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് കോടതിക്ക് മുന്നിലുള്ള കുറ്റകൃത്യമായി കണക്കാക്കുന്നത്. എഫ്ഐആർ ഇടാത്തത് ഇതിൽ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. 'ഇത് ചെയ്യാൻ നിങ്ങളുടെ അധികാരപരിധി അനുവദിക്കുന്നുണ്ടോ? സാഹസികത മതിയാക്കി നാഷണൽ ജുഡീഷ്യൽ അക്കാദമിയിൽ പോയി പരിശീലനം നേടുക. നിങ്ങൾ ബാഹുബലിയാകാൻ ശ്രമിക്കുകയാണോ?' എന്നായിരുന്നു ബെഞ്ചിൻ്റെ പരിഹാസവും താക്കീതും.

2023-ലെ കേസിലെ അപ്പീൽ പരിശോധിക്കുന്നതിനിടെയാണ് സെഷൻസ് ജഡ്ജിയുടെ ഈ നടപടികൾ പട്‌ന ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. വിധി പ്രസ്താവിച്ച ശേഷം അനുബന്ധ വിഷയങ്ങളിൽ വിചാരണക്കോടതി ജഡ്ജി തുടർച്ചയായി ഉത്തരവുകൾ ഇറക്കുന്നത് 'വിചിത്രവും' 'കേട്ടുകേൾവിയില്ലാത്തതുമാണെന്ന്' ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഒക്ടോബർ എട്ടിന് ഇതുസംബന്ധിച്ച പൂർണ്ണ രേഖകളും റിപ്പോർട്ടും സമർപ്പിക്കാൻ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജിയോട് ഹൈക്കോടതി നിർദ്ദേശിക്കുകയും കേസ് നവംബർ 25-ലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Content Highlights: The Supreme Court strongly criticises a Bihar sessions judge for initiating contempt proceedings and imposing a symbolic ₹1 fine on a police officer, calling his actions beyond jurisdiction.

To advertise here,contact us