14 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങി വിദ്യാർത്ഥിനി; തട്ടിക്കൊണ്ടുപോകൽ കേസ് നൽകി മാതാപിതാക്കൾ

തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കോളേജ് പരിസരത്തും സമീപ കെട്ടിടങ്ങളിലും വ്യാഴാഴ്ച പുലർച്ചെ 5 മണി വരെ പരിശോധന നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല

AI Image-stuck in lift

പൂനെ: പൂനെയിലെ എംഐടി-എഡിടി സർവകലാശാലയിലെ കാമ്പസ് കെട്ടിടത്തിൻ്റെ ലിഫ്റ്റിൽ 14 മണിക്കൂറോളം കുടുങ്ങി വിദ്യാർത്ഥിനി. ഒന്നാം വർഷ വിദ്യാർത്ഥിനിയായ യുവതി അഞ്ചാം നിലയ്ക്കും ആറാം നിലയ്ക്കും ഇടയിലാണ് കുടുങ്ങിയത്. ലിഫ്റ്റിനുള്ളിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാലും എമർജെൻസി അലാറം പ്രവർത്തിക്കാത്തതിനാലും ആരെയും സഹായത്തിന് വിളിക്കാൻ കഴിഞ്ഞില്ല. മകൾ വീട്ടിൽ തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇവർ തിരച്ചിൽ നടത്തിയെങ്കിലും ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞിരുന്നില്ല.

നവംബർ 18നായിരുന്നു സംഭവം. വൈകീട്ട് ക്ലാസ് കഴിഞ്ഞ് 4.30 ഓടെയാണ് വിദ്യാർത്ഥിനി ലിഫ്റ്റിനുള്ളിൽ കയറിയത്. എന്നാൽ വൈദ്യുതി നിലച്ചതിനെ അഞ്ചാം നിലയ്ക്കും ആറാം നിലയ്ക്കും ഇടയിൽ ലിഫ്റ്റ് നിശ്ചലമായി. വൈദ്യുതി പുനഃസ്ഥാപിച്ചതിനുശേഷവും ലിഫ്റ്റ് പ്രവർത്തനം പുനരാരംഭിച്ചില്ല. വിദ്യാർത്ഥിനി മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലിഫ്റ്റിനുള്ളിൽ മൊബൈൽ നെറ്റ്‌വർക്ക് ഉണ്ടായിരുന്നില്ല. ലിഫ്റ്റിലെ എമർജെൻസി അലാറം ബട്ടണും പ്രവർത്തനരഹിതമായിരുന്നു.

മകൾ വീട്ടിലെത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ മാതാപിതാക്കൾ ആശങ്കയിലായി. തുടർന്ന് അവർ കാമ്പസിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സഹപാഠികളോടും ബന്ധുക്കളോടും തിരക്കിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് രാത്രി ഒമ്പതോടെ ലോണി കൽഭോർ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകി. തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കോളേജ് പരിസരത്തും സമീപ കെട്ടിടങ്ങളിലും വ്യാഴാഴ്ച പുലർച്ചെ 5 മണി വരെ പരിശോധന നടത്തി.

വ്യാഴാഴ്ച രാവിലെ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ടെക്നീഷ്യൻമാർ ലിഫ്റ്റിൽ അറ്റകുറ്റപണി നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. ഉടൻ തന്നെ യൂണിവേഴ്സിറ്റി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കളുമായി ബന്ധപ്പെടുകയും അവർ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം ലിഫ്റ്റിനുള്ളിൽ കഴിയേണ്ടിവന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ലാതെ യുവതി രക്ഷപ്പെട്ടു.

സംഭവത്തിൽ ലിഫ്റ്റിന്‍റെ അടിയന്തര രക്ഷാസംവിധാനം പ്രവർത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സംഭവത്തിൽ സർവകലാശാല ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു. ലിഫ്റ്റ് പരിപാലന കമ്പനിയിൽനിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്താൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് പൊലീസും സർവകലാശാലയോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥിനിയെ ലിഫ്റ്റിനുള്ളിൽ കണ്ടെത്തിയതിനെത്തുടർന്ന്, മാതാപിതാക്കൾ പരാതി പിൻവലിച്ചു.

Content Highlights: A first-year student at MIT-ADT University in Pune was trapped in a lift for nearly 14 hours after a power failure. She was rescued after technicians arrived for repairs.

To advertise here,contact us