ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സമാജ്വാദി പാര്‍ട്ടിയോ (എസ്പി) കോണ്‍ഗ്രസോ ഗൗരവതരമായ താത്പര്യം കാണിക്കുന്നില്ലെന്ന വിമര്‍ശനവുമായി ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷനും നഗിന എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിക്കൊപ്പം രൂപീകരിച്ച സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച സഖ്യത്തിലേക്ക് കടന്നുവരാന്‍ ഇരു പാര്‍ട്ടികള്‍ക്കും വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ആസാദ് പറഞ്ഞു. പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ തടയുന്നതിനായി വിശാലമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ തങ്ങള്‍ എല്ലാ പ്രമുഖ പാര്‍ട്ടികളെയും ഔദ്യോഗികമായി സമീപിച്ചിരുന്നുവെന്ന് ആസാദ് വ്യക്തമാക്കി. 2017, 2022 തെരഞ്ഞെടുപ്പുകളിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി, ബിജെപിയുടെ വോട്ട് വിഹിതത്തെ മറികടക്കാന്‍ കൂടുതല്‍ വോട്ട് വിഹിതമുള്ള വലിയൊരു സഖ്യം ആവശ്യമായിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അതില്‍ താത്പര്യമില്ലാത്തതിനാലാണ് പുതിയ സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2017, 2019, 2024 തെരഞ്ഞെടുപ്പുകളിലും എസ്പിയും കോണ്‍ഗ്രസും ബിജെപിയെ തോല്‍പ്പിക്കാന്‍ ഗൗരവത്തോടെ നിലകൊണ്ടില്ലെന്നും, പാവപ്പെട്ടവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഈ നേതാക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരുന്നില്ലെന്നും ആസാദ് ആരോപിച്ചു.
നവംബര്‍ 26ന് ലഖ്നൗവില്‍ നടക്കാനിരിക്കുന്ന റാലിയിലൂടെ സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച തങ്ങളുടെ കരുത്ത് തെളിയിക്കുമെന്ന് ആസാദ് അറിയിച്ചു. അതിനുശേഷം യു പിയെ എങ്ങനെ രക്ഷിക്കണമെന്ന് എസ്പിക്കും കോണ്‍ഗ്രസിനും തീരുമാനിക്കാമെന്നും, ബിജെപിയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ ഏത് ത്യാഗത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി, ചന്ദ്രശേഖര്‍ ആസാദിനെ സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ചയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ സഖ്യം 150 സീറ്റുകളില്‍ മാത്രം മത്സരിക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ അദ്ദേഹം, സര്‍ക്കാര്‍ രൂപീകരിക്കാനായി മുഴുവന്‍ കരുത്തോടെയും മത്സരിക്കുമെന്നും എന്‍ഡിഎയുടെയും മറ്റ് വ്യാജ സഖ്യങ്ങള്‍ക്കും കെട്ടിവെച്ച പണം പോലും ലഭിക്കില്ലെന്നും അവകാശപ്പെട്ടു.
മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിക്ക് ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യത വന്‍തോതില്‍ കുറഞ്ഞതായി ആസാദ് ചൂണ്ടിക്കാട്ടി. 2007ല്‍ 30 ശതമാനമുണ്ടായിരുന്ന ബിഎസ്പിയുടെ വോട്ട് വിഹിതം ഇപ്പോള്‍ ഒമ്പത് ശതമാനമായി ഇടിഞ്ഞുവെന്നും, നിലവില്‍ ലോക്സഭയിലോ രാജ്യസഭയിലോ നിയമസഭയിലോ അവര്‍ക്ക് ഒരു ജനപ്രതിനിധി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആസാദ് സമാജ് പാര്‍ട്ടിക്ക് ജനപിന്തുണ വര്‍ധിച്ചു വരികയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തങ്ങളുടെ സഖ്യത്തെ ബിജെപിയുടെ 'ബി-ടീം' എന്ന് വിളിക്കുന്നതിനെ ശക്തമായി എതിര്‍ത്ത ആസാദ്, പ്രതിപക്ഷ പാര്‍ട്ടികൾക്ക് ഇരട്ടത്താപ്പ് ആണെന്നും പറഞ്ഞു. 2022ല്‍ എസ്പിക്കെതിരെ 399 സീറ്റില്‍ മത്സരിച്ച് 300ഓളം സീറ്റുകളില്‍ കെട്ടിവെച്ച പണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഏത് ടീമായാണ് മത്സരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ, മധ്യപ്രദേശില്‍ 70 സീറ്റിലും ഉത്തരാഖണ്ഡില്‍ 54 സീറ്റിലും ജമ്മു കശ്മീരില്‍ ഇന്‍ഡ്യ (INDIA) മുന്നണിയിലായിരുന്നിട്ടും 20 സീറ്റിലും എസ്പി കോണ്‍ഗ്രസിനെതിരെ മത്സരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജവാഴ്ചയല്ല, ജനാധിപത്യമാണ് രാജ്യത്തുള്ളതെന്നും ജനങ്ങളാണ് അധികാരം ആര്‍ക്കെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
യു പിയിലെ 10 വര്‍ഷത്തെ ബിജെപി ഭരണം ജനാധിപത്യം പരസ്യമായി കൊലചെയ്യപ്പെടുകയും ഭരണഘടനാ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്ത കാലഘട്ടമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് ആസാദ് പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന വികസന കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു.
അധികാരത്തിലെത്തിയാല്‍ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയും സര്‍ക്കാര്‍ സ്കൂളുകള്‍ നവീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരും. ധനികര്‍ക്കും പാവപ്പെട്ടവര്‍ക്കും തുല്യവും ആധുനികവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഏകീകൃത വിദ്യാഭ്യാസ നയം നടപ്പിലാക്കും. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി ജില്ലാ വ്യവസായ മേഖലകള്‍ സ്ഥാപിക്കും. കൂടാതെ, ചെറു കുടില്വ്യവസായങ്ങളിലൂടെ ഗ്രാമീണ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ജോലി ഒഴിവുകള്‍ നികത്തുകയും ചെയ്യും ആസാദ് പറഞ്ഞു.
ആശുപത്രികള്‍ നവീകരിച്ച് ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെട്ടതാക്കുമെന്നും സ്ത്രീ സുരക്ഷയ്ക്ക് കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ഫാസ്റ്റ് ട്രാക്ക് കോടതികളിലൂടെ നീതിന്യായ പ്രക്രിയ ലളിതമാക്കുകയും ചെയ്യും. തോക്കിന് ഭരണത്തിന് പകരം നിയമവാഴ്ച ഉറപ്പാക്കുമെന്നും ആസാദ് പറഞ്ഞു.
Content Highlight: Azad Samaj Party (Kanshi Ram) chief and Nagina MP Chandrashekhar Azad has criticised the Samajwadi Party and Congress for allegedly lacking a serious commitment to defeating the BJP in the 2027 Uttar Pradesh Assembly elections. He said the doors of the Samajik Parivartan Morcha, formed in alliance with AIMIM chief Asaduddin Owaisi, remain open to both parties. Azad asserted that the alliance is prepared to contest with full strength and has announced his vision for governance, including reforms in public education, employment generation, healthcare, women's safety and the rule of law. He also rejected allegations that his alliance is the BJP's B-team and criticised the electoral strategies of the SP and Congress.