ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയെന്ന പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെ വസ്തുതകളും തെളിവുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുന്‍ ജഡ്ജിമാര്‍ അടങ്ങിയ സ്വതന്ത്ര കമ്മീഷന്‍. ലോയേഴ്‌സ് അസോസിയേഷന്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷന്റെ (Lawyers' Association for Constitution - LAFC) നിര്‍ദേശപ്രകാരമാണ് ഈ സ്വതന്ത്ര കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്ഐആര്‍) നടപടികള്‍ക്കിടെ അര്‍ഹരായ വോട്ടര്‍മാരെ അന്യായമായി പട്ടികയില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂറാണ് കമ്മീഷന്റെ ചെയര്‍മാന്‍. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ കെ പട്‌നായിക്, മുന്‍ ഹൈക്കോടതി ജഡ്ജിയും ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ബദര്‍ ദുറെസ് അഹമ്മദ്, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ശര്‍മ, പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍.
എസ്‌ഐആര്‍ നടപടികളുടെ ഭരണഘടനാപരവും നിയമപരവുമായ സാധുത, അതിനായി ഉപയോഗിച്ച രീതികള്‍ (മെത്തഡോളജി), വോട്ടര്‍മാരില്‍ ഉണ്ടാക്കിയ സ്വാധീനം എന്നിവ പരിശോധിക്കുക. പൊതു തെളിവെടുപ്പുകള്‍, പരിശോധിച്ചു ഉറപ്പുവരുത്താവുന്ന വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ പ്രവര്‍ത്തനം നടക്കുന്നത്.
'ലോയേഴ്‌സ് അസോസിയേഷന്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ നിര്‍ദേശിച്ച ഇലക്ടറല്‍ റോള്‍സ് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ സംബന്ധിച്ച സ്വതന്ത്ര കമ്മീഷന്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഉത്തര്‍പ്രദേശിലെ ഏകദേശം 1.27 കോടി ഹിന്ദുക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനയുമായി ബന്ധപ്പെട്ട എന്തെങ്കിലും സഹായകമായ വിവരങ്ങളോ തെളിവുകളോ പങ്കുവെക്കണമെന്ന് അതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്,' എല്‍എഎഫ്‌സി പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
'വോട്ടര്‍മാരെ ഒഴിവാക്കുന്നതിലേക്ക് നയിച്ചിരിക്കാവുന്ന, രീതിശാസ്ത്രത്തിലെ വിടവുകളെ ചൂണ്ടിക്കാണിക്കുന്ന വസ്തുതാപരമായ ഡാറ്റയോ മറ്റെന്തെങ്കിലും വിവരങ്ങളോ നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന വിവരങ്ങള്‍ സമ്പൂര്‍ണ സ്വയംഭരണത്തോടെയും നിഷ്പക്ഷതയോടെയും കമ്മീഷന്‍ പരിശോധിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി, ആവശ്യപ്പെട്ട വിവരങ്ങള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,' ലോയേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍ പട്ടികയില്‍ നിന്ന് 1.287 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്‌തെന്ന വിവരം യോഗി ആദിത്യനാഥിന് എങ്ങനെ ലഭിച്ചുവെന്ന് സമാജ്‌വാദി പാര്‍ട്ടി അഖിലേഷ് യാദവ് ചോദ്യമുന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഡാറ്റ മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ ഓഫീസുമായോ പങ്കുവെച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.