ലഖ്നൗ: ഉത്തര്‍പ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പുതിയ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്കായി എസ്പി എംപി രാംഗോപാല്‍ യാദവിന്റെ അധ്യക്ഷതയില്‍ ഏഴംഗ സഖ്യസമിതി രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന ചുമതലയുള്ള രാജേന്ദ്ര പാല് ഗൗതം 181 സീറ്റുകള്‍ ആവശ്യപ്പെട്ടതായും ഇതുസംബന്ധിച്ച പട്ടിക അഖിലേഷ് യാദവിന് കൈമാറിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കോണ്‍ഗ്രസിന് 200 സീറ്റുകളോ 175 സീറ്റുകളോ നല്കാന് കഴിയില്ലെന്ന നിലപാടിലാണ് അഖിലേഷ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടത്താനിരുന്ന ഇരു പാര്‍ട്ടികളുടെയും നേതാക്കളുടെ യോഗം അദ്ദേഹം മാറ്റിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇരുപാര്‍ട്ടികളും ഒന്നിച്ചുതന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അഖിലേഷ് ആവര്‍ത്തിച്ചു.
സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയായിരിക്കും സീറ്റ് വിഭജനത്തിലെ പ്രധാന മാനദണ്ഡമെന്നാണ് എസ്പിയുടെ നിലപാട്. രാംഗോപാല്‍ യാദവ് അധ്യക്ഷനായ സമിതിയില്‍ അഞ്ച് എസ്പി നേതാക്കളും രണ്ട് ഡാറ്റാ വിദഗ്ധരുമുണ്ട്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുക അഞ്ച് നേതാക്കളായിരിക്കും. 2012, 2017, 2022 നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെയും വോട്ടുനില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡാറ്റാ വിദഗ്ധര്‍ വിശകലനം ചെയ്യും. നവംബര്‍ 23, 24, 25 തീയതികളില്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താനാണ് എസ്പി നേതൃത്വത്തിന്റെ നീക്കം. ഒരു മണ്ഡലത്തില്‍ ഏത് പാര്‍ട്ടിക്കാണ് കൂടുതല്‍ ശക്തിയുള്ളതെന്ന് പരിശോധിച്ചായിരിക്കും സീറ്റ് നല്‍കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന നിലപാടും എസ്പി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ മാനദണ്ഡം നടപ്പാക്കിയാല്‍ കോണ്‍ഗ്രസിന് 33 സീറ്റുകള്‍ മാത്രമായി ചുരുങ്ങാനിടയുണ്ട്.
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിച്ചത്. എസ്പി 298 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 105 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എന്നാല്‍ എസ്പിക്ക് 47 സീറ്റുകളും കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും മാത്രമാണ് ലഭിച്ചത്. 2022ല്‍ ഒറ്റയ്ക്ക് മത്സരിച്ച എസ്പി 111 സീറ്റുകള്‍ നേടി. പാര്‍ട്ടിയുടെ വോട്ടുവിഹിതം 32.06 ശതമാനമായിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ എസ്പി 62 സീറ്റുകളില്‍ മത്സരിച്ച് 37 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 17 സീറ്റുകളില്‍ മത്സരിച്ച് ആറ് സീറ്റുകളിലും വിജയിച്ചു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രം അടിസ്ഥാനമാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതാണ് ഇരുപാര്‍ട്ടികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസത്തിന് മറ്റൊരു കാരണമായി മാറുന്നത്.
കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ റായ്ബറേലിയിലും അമേഠിയിലും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ രണ്ട് ജില്ലകളിലെയും ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് എസ്പി ലക്ഷ്യമിടുന്നതെന്നാണ് സൂചന. റായ്ബറേലിയിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ 2022ല്‍ എസ്പി നാലിടങ്ങളില്‍ വിജയിച്ചു. ബച്ച്റാവന്‍, ഹര്‍ചന്ദ്പൂര്‍, സരേനി, ഉഞ്ചാഹര്‍ എന്നിവയാണ് എസ്പി നേടിയ മണ്ഡലങ്ങള്‍. റായ്ബറേലി സദര്‍, സലോണ്‍ മണ്ഡലങ്ങളില്‍ ബിജെപിയാണ് വിജയിച്ചത്. അമേഠിയിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഗൗരിഗഞ്ച്, അമേഠി എന്നിവിടങ്ങളില്‍ എസ്പി വിജയിച്ചിരുന്നു. ഈ മണ്ഡലങ്ങളിലെ അവകാശവാദങ്ങള്‍ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: The Samajwadi Party and Congress are reportedly making fresh efforts to resolve seat-sharing differences ahead of the Uttar Pradesh Assembly elections. A seven-member alliance committee headed by SP MP Ram Gopal Yadav has been formed for discussions. Congress is reportedly seeking 181 seats, while Akhilesh Yadav is said to be unwilling to offer 175 or 200 seats. A scheduled meeting in Delhi was postponed, but Akhilesh has reiterated that both parties will contest the election together.