'മെയ്ഡ് ഇന്‍ പാകിസ്താന്‍' ഓട്ടോറിക്ഷയില്‍ മോദിയുടെ റൈഡെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍; പിന്നാലെ ട്രോള്‍ പൂരം

യാത്രയുടെ വീഡിയോ വൈറലായതോടെയാണ് പാക് ഹാന്‍ഡിലുകള്‍ അവകാശവാദം ഉയര്‍ത്തിയത്

ഇസ്ലാമാബാദ്: മനിലയിലെ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് നിര്‍മിത ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചെന്ന അവകാശവാദവുമായി പാക് മാധ്യമപ്രവര്‍ത്തകന്‍. പിന്നാലെ ഈ അവകാശവാദം പാക് ഹാന്‍ഡിലുകള്‍ ഏറ്റെടുത്തതോടെ ട്രോള്‍ പൂരവുമായി ഇന്ത്യക്കാരും രംഗത്തെത്തി. മറ്റ് ലോക നേതാക്കളെ പോലെ തന്നെ മോദിയും പ്രത്യേകമായി അലങ്കരിച്ച ഒരു ഓട്ടോയില്‍ വിരുന്നിനായി പുറപ്പെട്ടതാണ്.

'ഫിലിപ്പിനോ ജീപ്‌നി'(ഫിലിപ്പീന്‍സിലെ പൊതുഗതാഗത വാഹനങ്ങളില്‍ കാണപ്പെടുന്ന) ശൈലിയിലുള്ള കലാസൃഷ്ടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അലങ്കാരങ്ങളായിരുന്നു ഈ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഇത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച രാജ്യം നടത്തിയ സജ്ജീകരണങ്ങളിലൊന്നായിരുന്നു. പരമ്പരാഗതമായുള്ള ഫിലിപ്പീനോ വസ്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചിരുന്നതും. ഈ യാത്രയുടെ വീഡിയോ വൈറലായതോടെയാണ് പാക് ഹാന്‍ഡിലുകള്‍ അവകാശവാദം ഉയര്‍ത്തിയത്.

ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ ആദ്യം പങ്കുവച്ചത്. ആസിയാന്‍ ഉച്ചകോടിയില്‍ മോദി യാത്ര ചെയ്തത് പാകിസ്താന്‍ നിര്‍മിത ഇ റിക്ഷയിലാണ് എന്നായിരുന്ന ഹസന്റെ അവകാശവാദം. ഇതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്. കഴിഞ്ഞമാസം പാക് വാഹന കമ്പനിയായ സാസ്ഗര്‍ ഫിലിപ്പൈന്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ അവകാശവാദം. എന്നാല്‍ ഇന്ത്യന്‍ കമ്പനിയായ ബജാജ് നിര്‍മിച്ച ഓട്ടോയാണ് മനിലയില്‍ ഉപയോഗിച്ചത്. വീഡിയോയില്‍ ഇക്കാര്യം വ്യക്തമാണ്. ഇതോടെയാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഏറ്റുപിടിച്ചത്.

'ഇന്ത്യ നിര്‍മിക്കുന്നു, പാകിസ്താന്‍ തെറ്റിദ്ധരിപ്പിക്കുന്നു, ഇന്ത്യയുടെ നേട്ടങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്ന അവരുടെ അവസ്ഥ ആലോചിച്ച് നോക്കൂ', 'യാഥാര്‍ത്ഥ്യം ദഹിക്കാന്‍ കുറച്ച് പാടാണ്, എത്ര പെട്ടെന്നാണ് ഇവര്‍ കുപ്രചരണങ്ങള്‍ നടത്തുന്നത്' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഇന്ത്യന്‍ ഹാന്‍ഡിലുകളില്‍ നിറയുന്നത്.

Content Highlights: A Pakistani journalist claimed that Prime Minister Narendra Modi was riding a made in Pakistan autorickshaw. The remark triggered a wave of trolling on social media.

To advertise here,contact us