'ഇന്ത്യാവിരുദ്ധനായ മിര്‍ ജാഫര്‍'; കൊളംബിയയിലെ വിദ്യാര്‍ത്ഥി സംവാദത്തില്‍ രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി

അന്താരാഷ്ട്ര വേദിയകളില്‍ ഇന്ത്യയെ നാണംകെടുത്തുന്ന ഇന്ത്യ വിരുദ്ധന്‍ എന്നാണ് ബിജെപി രാഹുലിനെ വിമര്‍ശിച്ചത്

ന്യൂദല്‍ഹി: കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംവാദത്തില്‍ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. അന്താരാഷ്ട്ര വേദിയകളില്‍ ഇന്ത്യയെ നാണംകെടുത്തുന്ന 'ഇന്ത്യ വിരുദ്ധന്‍' എന്നാണ് ബിജെപി രാഹുലിനെ വിമര്‍ശിച്ചത്.

LoP Shri @RahulGandhi visited the School of International and Public Affairs in New York, where he engaged in a conversation with Lydia Polgreen, followed by an open question-and-answer session with students and faculty.📍 Columbia University, United States https://t.co/e5LV21nCGq

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് രൂക്ഷമായ ഭാഷയില്‍ രാഹുലിനെ വിമര്‍ശിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ മിര്‍ ജാഫര്‍ ആണെന്നായിരുന്നു ഭാട്ടിയയുടെ വിമര്‍ശനം. വിദേശ മണ്ണില്‍ പോയി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ നടത്തുന്ന അടിസ്ഥാനരഹിതവും വ്യാജവുമായ പ്രസ്താവനകളില്‍ ഓരോ ഇന്ത്യക്കാരനും നാണിക്കുന്നുവെന്നും ഭാട്ടിയ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് തൊട്ടുമുമ്പ് വിദേശത്തുള്ള തന്റെ യജമാനന്മാരില്‍ നിന്ന് മാര്‍ഗനിര്‍ദേശം സ്വീകരിക്കാനാണോ രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ വിദേശയാത്ര നടത്തുന്നത് എന്നും ബിജെപി വക്താവ് ചോദ്യമുയര്‍ത്തി.

രാഹുല്‍ ഗാന്ധി ഒരു അരാജകവാദിയും സ്ഥിരം കുറ്റവാളിയും (Habitual Offender) ആണെന്ന് വിമര്‍ശിച്ച ഭാട്ടിയ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക മാതൃകകള്‍ അനുകരിച്ച് ഇന്ത്യയിലെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജനാധിപത്യം, സാമ്പത്തിക രംഗം, യുവാക്കളുടെ ശാക്തീകരണം, ആഗോള പ്രതിച്ഛായ എന്നിവയില്‍ രാജ്യം വന്‍ നേട്ടങ്ങള്‍ കൈവരിച്ചതായും ഭാട്ടിയ അവകാശപ്പെട്ടു.

രാഹുല്‍ ഗാന്ധി 'ഇന്ത്യന്‍ വിരുദ്ധ പ്രചാരണങ്ങളുടെ നേതാവായി' (leader of anti-India propaganda) മാറിയെന്നായിരുന്നു മറ്റൊരു ബിജെപി ദേശീയ വക്താവായ പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തിയത്. ഇന്ത്യയുടെ പുരോഗതിയോടും ജനാധിപത്യത്തോടുമുള്ള വെറുപ്പാണ് വിദേശത്ത് പോകുമ്പോഴെല്ലാം രാജ്യത്തിനെതിരെ സംസാരിക്കാന്‍ രാഹുലിനെ പ്രേരിപ്പിക്കുന്നതെന്ന് പറഞ്ഞ ഭണ്ഡാരി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണെന്നും പറഞ്ഞു.

വിദേശത്ത് പോകുമ്പോഴെല്ലാം വിഷലിപ്തമായ നുണകള്‍ പറഞ്ഞ് ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഒരു ദുഷിച്ച ശൈലിയാണ് രാഹുല്‍ പിന്തുടരുന്നതെന്നായിരുന്നു സി ആര്‍ കേശവന്റെ വിമര്‍ശനം. മുമ്പ് വിദേശികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യയ്ക്കെതിരെ സംസാരിപ്പിച്ച രാഹുല്‍, ഇപ്പോള്‍ വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കുകയാണെന്ന് ബിജെപി തെലങ്കാന അധ്യക്ഷന്‍ എന്‍ രാമചന്ദര്‍ റാവുവും കുറ്റപ്പെടുത്തി.

പകല്‍ വെളിച്ചത്തിലും ഇരുട്ട് കാണുന്ന അധികാരക്കൊതിയനായ അന്ധനാണ് രാഹുല്‍ എന്നായിരുന്നു പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞത്. ബിജെപി.യെ എതിര്‍ക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ എതിര്‍ക്കാന്‍ തുടങ്ങിയെന്നും, ഇതാണ് കോണ്‍ഗ്രസ് രാജ്യത്ത് തുടച്ചുനീക്കപ്പെടാന്‍ കാരണമെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് സാറോഗിയുടെ വിമര്‍ശനം.

ഇന്ത്യയില്‍ വലിയ തൊഴിലില്ലായ്മ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും വിദ്യാഭ്യാസ സമ്പ്രദായം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും രാഹുല്‍ ഗാന്ധി കൊളംബിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കെ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ഈ യാഥാര്‍ഥ്യത്തെ അവഗണിക്കുന്നുവെങ്കിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവാക്കളില്‍ ഒരു വിഭാഗം നിലവിലെ സാഹചര്യത്തില്‍ അസംതൃപ്തരാണ്. ഇവരില്‍ പലരും മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ്. യുവാക്കള്‍ നിരാശരാണ്. അതിന് പ്രധാന കാരണം രാജ്യത്ത് തങ്ങള്‍ക്ക് മുന്നിലുള്ള ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു.

പല യുവാക്കളും ഇന്നത്തെ തൊഴില്‍ സാഹചര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തവരാണ്. തൊഴിലവസരങ്ങള്‍ കുറയുന്നതും വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതും അവഗണിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പരിപാടിയില്‍ പറഞ്ഞിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തിയത്. കൊളംബിയ സര്‍വകലാശാലയിലെ പരിപാടിക്ക് ശേഷം ഇന്ന് ചിക്കാഗോ സര്‍വകലാശാലയിലും അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

Content Highlight: BJP leaders launched a sharp attack on Rahul Gandhi following his remarks on India's economic challenges, unemployment and the education system during an interaction with students at Columbia University. BJP spokesperson Gaurav Bhatia called Gandhi an 'anti-India' leader and compared him to Mir Jafar, while other party leaders accused him of tarnishing India's international image. Rahul Gandhi had highlighted growing unemployment, dissatisfaction among educated youth and concerns over the country's future, arguing that these issues could not be ignored despite being overlooked by the media.

To advertise here,contact us