പ്രസക്തിയില്ല; രണ്ടിലേറെ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിലക്കുന്നതിനെതിരെ സുപ്രീംകോടതി

ജനസംഖ്യാപരമായ മാറ്റങ്ങള്‍ വന്നതോടെ ഇത്തരം നിയമങ്ങള്‍ക്ക് പിന്നിലെ യുക്തി ഇല്ലാതായെന്നും കോടതി

ന്യൂഡല്‍ഹി: രണ്ടിലേറെ കുട്ടികളുള്ളവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സുപ്രീംകോടതി. ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മഹാരാഷ്ട്രയിലെ കകോഡാ ഗ്രാമപഞ്ചായത്ത് സര്‍പഞ്ചായിരുന്ന മംഗള ഭീംറാവുവിനെ മൂന്നാമത്തെ കുട്ടിയുണ്ടായപ്പോള്‍ അയോഗ്യനാക്കിയ നടപടിയാണ് റദ്ദാക്കിയത്. ജസ്റ്റിസ് പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ജനസംഖ്യാപരമായ മാറ്റങ്ങള്‍ വന്നതോടെ ഇത്തരം നിയമങ്ങള്‍ക്ക് പിന്നിലെ യുക്തി ഇല്ലാതായി, രണ്ടിലേറെ കുട്ടികളുള്ളവരെ ശിക്ഷിക്കുന്ന നിയമങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. 2003ല്‍ ഇന്ത്യയില്‍ പ്രത്യുല്‍പ്പാദന നിരക്ക് മൂന്നായിരുന്നത് ഇപ്പോള്‍ 1.9 ആയി കുറഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹരിയാനയിലെ ഇതുസംബന്ധിച്ച നിയമം ശരിവെച്ച 2003ലെ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി വിശാല ബെഞ്ചിന് വിടാനും കോടതി തീരുമാനിച്ചു. രണ്ടിലേറെ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങള്‍ ഏഴ് സംസ്ഥാനങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിയമം ഇപ്പോഴും തുടരുകയാണ്.

Content Highlights: Supreme Court Says Two-Child Norm for Local Elections Has Lost Relevance

To advertise here,contact us